കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാരിനെ സ്വാഗതം ചെയ്ത് വ്യവസായികളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സി.ഐ.ഐ.). പുതിയ ടീമിനൊപ്പം ചേർന്ന് പ്രവർത്തിക്കാനുള്ള സന്നദ്ധതയും സി.ഐ.ഐ. അറിയിച്ചു.

സംസ്ഥാനത്തെ സാമ്പത്തിക-വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും ഇതോടൊപ്പം സി.ഐ.ഐ. മുന്നോട്ടുവെച്ചിട്ടുണ്ട്. കാർഷികം, ഭക്ഷ്യസംസ്കരണം, എം.എസ്.എം.ഇ., ഐ.ടി., പുനരുപയോഗ ഊർജം, ആയുർവേദം എന്നീ മേഖലകളെ പ്രതിനിധീകരിച്ചുള്ള നിർദേശങ്ങളാണ് സി.ഐ.ഐ. മുന്നോട്ടുവെച്ചിട്ടുള്ളത്.

പൊതു-സ്വകാര്യ മേഖലകളിലെ പങ്കാളിത്തം ദൃഢപ്പെടുത്തുന്നതിലൂടെ കേരളത്തെ വളർച്ചയുടെ മുൻനിരയിലേക്ക് എത്തിക്കാനാകുമെന്നതിൽ ആത്മവിശ്വാസമുണ്ടെന്ന് സി.ഐ.ഐ. കേരള ചെയർമാനും ബ്രാഹ്മിൻസ് ഫുഡ്‌സ് ഇന്ത്യ എക്സിക്യുട്ടീവ് ഡയറക്ടറുമായ ശ്രീനാഥ് വിഷ്ണു പറഞ്ഞു. സംസ്ഥാനത്തെ ബിസിനസ് സൗഹൃദാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സി.ഐ.ഐ. കേരള മുൻ ചെയർമാനും മുത്തൂറ്റ് ഫിൻകോർപ്പ് ചെയർമാനും എം.ഡി.യുമായ തോമസ് ജോൺ മുത്തൂറ്റ് വ്യക്തമാക്കി.

മറ്റ് നിർദേശങ്ങൾ

* നിക്ഷേപം ആകർഷിക്കുന്നതിനും ബിസിനസ് സൗഹൃദാന്തരീക്ഷമൊരുക്കുന്നതിനുമായി രൂപവത്‌കരിച്ചിട്ടുള്ള നയങ്ങൾ കൂടുതൽ വിശാലമാക്കുന്നതിനുള്ള ശ്രമങ്ങൾ സംസ്ഥാന സമ്പദ് വ്യവസ്ഥയെ കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറ്റുന്നതിന് സഹായിക്കും.

*ഭക്ഷ്യ പാർക്കുകൾക്ക് പുറത്ത് പ്രവർത്തിക്കുന്ന ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾക്ക് കേന്ദ്ര ഭക്ഷ്യ സബ്‌സിഡി സ്‌കീമിൽ ആനുകൂല്യം ഉറപ്പാക്കുന്നതിനെ പിന്തുണയ്ക്കണം. സംസ്ഥാനത്ത് കൂടുതൽ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾ അനുവദിക്കണം.

* കോവിഡ് ഏറ്റവുമധികം ബാധിച്ച ടൂറിസം മേഖലയ്ക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം.

* വീടുകളിലും തരിശുഭൂമികളിലും പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്നതിനെ പ്രോത്സാഹിപ്പിച്ച് സംസ്ഥാനത്തെ സ്വയം പര്യാപ്തമാക്കണം.

*പി.പി.പി. മാതൃകയിലൂടെ ‘സേഫ് കേരള’ ബ്രാൻഡഡ് ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യണം. ഇത് കർഷകരുടെ വരുമാനം വർധിപ്പിക്കും.