പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ് ല ബെംഗളുരുവില്‍ ഗവേഷണ-വികസന(ആര്‍ ആന്‍ഡ് ഡി)കേന്ദ്രം സ്ഥാപിച്ചേക്കും. ഇതുസംബന്ധിച്ച് കര്‍ണാകട സര്‍ക്കാരുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

രാജ്യത്തെ സാങ്കേതിക തലസ്ഥാനത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതുസംബന്ധിച്ച് രണ്ടുവട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. 

ലോകപ്രശസ്തമായ ടെസ് ലയുടെ ഗവേഷണ-വികസന വിഭാഗം പ്രവര്‍ത്തനംതുടങ്ങുമ്പോള്‍ അത് സംസ്ഥാനത്തിന് നേട്ടമാക്കാനാകുമെന്നാണ് കര്‍ണാടക സര്‍ക്കാരിന്റെ വിലയിരുത്തല്‍. വ്യാമയാനം, വിവരസാങ്കേതികവിദ്യ, ബയോടെക്‌നോളജി എന്നീമേഖലകളില്‍ ഗവേഷണ-വികസന സാധ്യതകള്‍ മികച്ചരീതിയില്‍ നിലവില്‍തന്നെ കര്‍ണാടകം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. 

നിരവധി ആഗോള സ്ഥാപനങ്ങളുടെ ഗവേഷണ-വികസന കേന്ദ്രങ്ങള്‍ ബെംഗളുരുവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജനറല്‍ ഇലക്ട്രിക്ക് യുഎസിന് പുറത്ത് ആദ്യമായി ഗവേഷണകേന്ദ്രം സ്ഥാപിച്ചത് ബെംഗളുരുവിലാണ്. ഐബിഎം, സാംസങ് തുടങ്ങിയ 400ഓളം പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് ബെംഗളുരുവില്‍ ഗവേഷണ-വികസന കേന്ദ്രങ്ങളുണ്ട്.

ലോകത്തെതന്നെ നാലാമത്തെ വലിയ വാഹനവിപണിയായ ഇന്ത്യയില്‍ സാന്നിധ്യമുറപ്പിക്കാന്‍ ടെസ് ല ഒരുവര്‍ഷംമുമ്പെ ശ്രമംനടത്തിയിരുന്നു. ഇക്കാര്യത്തില്‍ തീരുമാനം വൈകുന്നതില്‍ കമ്പനിയുടെ സിഇഒ ഇലോണ്‍ മസ്‌ക് നേരത്തെ നീരസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.  

Tesla in talks with Karnataka govt to set up R&D centre in Bengaluru