വിപണിമൂല്യത്തിന്റെ കാര്യത്തില്‍ 10 ലക്ഷം കോടി രൂപ മറികടക്കുന്ന രാജ്യത്തെ രണ്ടാമത്തെ കമ്പനിയായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(ടിസിഎസ്).
തിങ്കളാഴ്ച കമ്പനിയുടെ ഓഹരി വിലയില്‍ ആറുശതമാനമാണ് കുതിപ്പുണ്ടായത്. ബിഎസ്ഇയിലെ 2,678.80 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഇതോടെ ടിസിഎസിന്റെ വിപണിമൂല്യം 10,03,012.43 കോടിയായി ഉയര്‍ന്നു. ഓഹരി തിരിച്ചുവാങ്ങുന്നതുമായി ബന്ധപ്പെട്ട് ഈയാഴ്ച അവസാനം ബോര്‍ഡ് യോഗം ചേരാനിരിക്കെയാണ് ഈ നേട്ടം.
ഒക്ടോബര്‍ ഏഴിനുചേരുന്ന ബോര്‍ഡ് യോഗത്തില്‍ ഓഹരി തിരിച്ചുവാങ്ങുന്നതുസംബന്ധിച്ച തീരുമാനമുണ്ടാകും. അതോടൊപ്പം രണ്ടാമത്തെ ഇടക്കാല ലാഭവിഹിതവും പ്രഖ്യാപിച്ചേക്കും. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 2018ലും 16,000 കോടി മൂല്യമുള്ള ഓഹരികള്‍ തിരിച്ചുവാങ്ങിയിരുന്നു.
വിപണിമൂല്യത്തിന്റെ കാര്യത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് രാജ്യത്ത് മുന്നില്‍. നിലവില്‍ 15,02,355.71 കോടി രൂപയാണ് റിലയന്‍സിന്റെ വിപണിമൂല്യം.