ന്യൂഡൽഹി: ടാറ്റ ഗ്രൂപ്പിന്റെ നഷ്ടത്തിലുള്ള കൺസ്യൂമർ ടെലികോം ബിസിനസിനെ രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ സേവനദാതാക്കളായ ഭാരതി എയർടെൽ ഏറ്റെടുക്കും. അഞ്ചു വർഷത്തിനിടെ എയർടെൽ നടത്തുന്ന ഏഴാമത്തെ ഏറ്റെടുക്കലാണ് ഇത്. 

ടാറ്റ ഗ്രൂപ്പിൽ നിന്ന് ടാറ്റ ടെലി സർവീസസ് ലിമിറ്റഡ്, ടാറ്റ ടെലി സർവീസസ് മഹാരാഷ്ട്ര ലിമിറ്റഡ് എന്നീ കമ്പനികളെയാണ് എയർടെൽ ഏറ്റെടുക്കുന്നത്. 19 ടെലികോം സർക്കിളുകളിൽ ഇവർക്ക് സാന്നിധ്യമുണ്ട്.

ഏറെക്കുറെ സൗജന്യമായാണ് ടാറ്റയുടെ ടെലികോം ബിസിനസ് എയർടെൽ ഏറ്റെടുക്കുന്നത്. ടാറ്റ ടെലിയുടെ 31,000 കോടി രൂപയുടെ കടബാധ്യത ടാറ്റ ഗ്രൂപ്പ് തന്നെ തുടർന്നും വഹിക്കും. അതേസമയം, ടെലികോം സ്പെക്‌ട്രത്തിന് ടാറ്റ ഗ്രൂപ്പ് സർക്കാരിന് നൽകാനുള്ള 9,000-10,000 കോടി രൂപയിൽ 20 ശതമാനം എയർടെൽ നൽകും. 

നവംബർ ഒന്നോടെ ടാറ്റയുടെ നാലു കോടിയിലേറെ വരുന്ന വരിക്കാരെ എയർടെൽ ഏറ്റെടുക്കും. അതോടെ ടാറ്റ ടെലി സർവീസസ് സംരംഭങ്ങൾ എയർടെല്ലിൽ ലയിപ്പിക്കുകയും ചെയ്യും. ടാറ്റ ഗ്രൂപ്പിന്റെ ഒപ്‌റ്റിക്കൽ ഫൈബർ ശൃംഖല ഉപയോഗിക്കാനുള്ള അവകാശവും ഭാരതി എയർടെല്ലിന് ലഭിക്കും. 

നഷ്ടം പെരുകുകയും വളരാനുള്ള സാധ്യത ഇല്ലാതെയാകുകയും ചെയ്തതോടെയാണ് ടെലികോം ബിസിനസ് വിറ്റൊഴിയാൻ ടാറ്റ ഗ്രൂപ്പ് തീരുമാനിച്ചത്. നഷ്ടത്തിലുള്ള സംരംഭങ്ങൾ വിറ്റൊഴിഞ്ഞ് ഗ്രൂപ്പിനെ കൂടുതൽ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് ടാറ്റ സൺസിന്റെ പുതിയ ചെയർമാൻ എൻ. ചന്ദ്രശേഖരൻ. 

വരിക്കാരുടെ എണ്ണം ഉയർത്താനും സ്പെക്‌ട്രം ശക്തിപ്പെടുത്താനും കഴിയുമെന്നതാണ് ഏറ്റെടുക്കലിലൂടെ എയർടെല്ലിനുള്ള നേട്ടം. പൂട്ടുന്നതിനെക്കാൾ നല്ല നിലയിൽ ജീവനക്കാരെയും ഉപഭോക്താക്കളെയും സംരക്ഷിക്കാമെന്നതാണ് ഇടപാടിലൂടെ ടാറ്റ ഗ്രൂപ്പിനുള്ള നേട്ടം. 

2016 സെപ്റ്റംബറിൽ മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് ജിയോയുമായി എത്തിയതോടെ ടെലികോം രംഗത്ത് മത്സരം രൂക്ഷമായി. ഇതോടെയാണ് ഇന്ത്യൻ ടെലികോം രംഗത്ത് സംയോജനങ്ങൾക്ക് വേഗം കൂടിയത്. വോഡഫോണും ഐഡിയ സെല്ലുലാറും ലയിക്കാൻ തീരുമാനിച്ചത് ഏറ്റവുമധികം വെല്ലുവിളിയായത് എയർടെല്ലിനായിരുന്നു.

വോഡഫോണിനും ഐഡിയയ്ക്കും കൂടി 40 കോടി വരിക്കാരുണ്ടാകും. ടാറ്റ ടെലിയെ ഏറ്റെടുത്തു കഴിഞ്ഞാലും എയർടെല്ലിന്റെ വരിക്കാരുടെ എണ്ണം 32 കോടിയേ ആകുകയുള്ളൂ. റിലയൻസ് ജിയോ ഒരു വർഷം കൊണ്ട് 12.8 കോടി വരിക്കാരെ നേടിയിട്ടുണ്ട്.