മുംബൈ: ടാറ്റാ വ്യവസായ സമുച്ചയത്തിന്റെ ഹോൾഡിങ് കമ്പനിയായ ടാറ്റാ സൺസിനെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കുന്നതിന് ഓഹരിയുടമകളുടെ വാർഷിക പൊതുയോഗം അനുമതി നൽകി. മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെ കുടുംബത്തിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്നതിനുദ്ദേശിച്ചുള്ള മറ്റു ചില ഭേദഗതികളും വ്യാഴാഴ്ച നടന്ന യോഗം പാസാക്കി.

കമ്പനിയുടെ ഘടന മാറ്റുന്നതിനുള്ള പ്രമേയം നിർദിഷ്ട ഭൂരിപക്ഷത്തോടെ 99-ാം വാർഷിക പൊതുയോഗത്തിൽ ഓഹരിയുടമകൾ പാസാക്കിയതായി ടാറ്റാ സൺസ് വൃത്തങ്ങൾ അറിയിച്ചു. നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ അനുമതി കൂടി കിട്ടുന്നതോടെ ടാറ്റാ സൺസ് പ്രൈവറ്റ് ലിമിറ്റഡ് ആയി മാറും.

പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാവുന്നതോടെ ടാറ്റയിലെ ഓഹരിയുടമകളുടെ അവകാശങ്ങൾ കുറയുകയും ഭരണസമിതിയുടെ അധികാരം വർധിക്കുകയും ചെയ്യും. ഓഹരിയുടമകളുടെ അനുമതി കൂടാതെ ഡയറക്ടർ ബോർഡിന് സുപ്രധാന തീരുമാനങ്ങളെടുക്കാനാകും. ഭരണസമിതിയുമായി ഇടഞ്ഞുനിൽക്കുന്ന മിസ്ത്രി വിഭാഗത്തിന് ഇതോടെ കമ്പനി ഭരണത്തിലുള്ള പങ്കാളിത്തം കുറയും.

പ്രിഫറൻഷ്യൽ ഓഹരി കൈവശമുള്ളവരുടെ വോട്ടവകാശം വർധിപ്പിക്കുന്നതിനുള്ള പ്രമേയവും യോഗം പാസാക്കി. 20,000 പ്രിഫറൻഷ്യൽ ഓഹരി മാത്രമുള്ള മിസ്ത്രി വിഭാഗത്തെയാണ് ഇതും ബാധിക്കുക. ടാറ്റാ ട്രസ്റ്റുകളുടെ ചെയർമാൻ രത്തൻ ടാറ്റയ്ക്ക് 10.5 ലക്ഷം പ്രിഫറൻഷ്യൽ ഓഹരിയുണ്ട്.

അതേസമയം ടാറ്റാ സൺസിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ സൈറസ് മിസ്ത്രിക്ക് ഇളവു നൽകിക്കൊണ്ട് നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ പൊതുയോഗത്തിനു മുമ്പ് ഉത്തരവിട്ടു. കമ്പനിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന് നിശ്ചിത എണ്ണം ഓഹരിയുടമകളുടെ പിന്തുണ വേണമെന്ന നിബന്ധനയിലാണ് ഇളവ്. ഭാവിയിൽ നടക്കാനിരിക്കുന്ന നിയമയുദ്ധത്തിൽ ഇത് മിസ്ത്രിക്കു തുണയാകും. എന്നാൽ മിസ്ത്രി നൽകിയ മറ്റ്‌ ഹർജികളെല്ലാം ബോർഡ് തള്ളി.