സ്മാര്‍ട്ട്‌ഫോണിന്റെ ഘടകഭാഗങ്ങള്‍ നിര്‍മിക്കുന്ന പ്ലാന്റിനായി ടാറ്റ ഗ്രൂപ്പ് തമിഴ്‌നാട്ടില്‍ 5,000 കോടി രൂപ നിക്ഷേപിക്കും. 

ഇതിനായി തമിഴ്‌നാട് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ടാറ്റ ഇലക്ട്രോണിക്‌സിന് 500 ഏക്കര്‍ ഭൂമി നല്‍കിയതായി ഹിന്ദു ബിസിനസ് ലൈന്‍ റിപ്പോര്‍ട്ടുചെയ്തു. പദ്ധതിക്കായി ടാറ്റയുടെതന്നെ സ്ഥാപനമായ ടൈറ്റാന്‍ എഞ്ചിനിയറിങ് ആന്‍ഡ് ഓട്ടോമേഷന്‍ ആയിരിക്കും വിദഗ്‌ധോപദേശം നല്‍കുക. 

ആപ്പിളിന്റെ ഐഫോണ്‍ പ്ലാന്റില്‍ നിര്‍മിക്കുന്നതും പദ്ധതിയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ആപ്പിള്‍ പ്രതിനിധികള്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇലക്ട്രോണിക് ഘടകഭാഗങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് സ്ഥാപിക്കുകയെന്നും ഏതെങ്കിലുമൊരു പ്രത്യേക സ്ഥാപനത്തിനുസേവനം നല്‍കുകയല്ല ലക്ഷ്യമെന്നും ടാറ്റയുടെ പ്രതിനിധി വ്യക്തമാക്കി.

ആപ്പിളിനുവേണ്ടി ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മിക്കാന്‍ ഫോക്‌സ്‌കോണും വിസ്‌ട്രോണും പെഗാട്രോണും ധാരണയിലെത്തിയിട്ടുണ്ട്. എല്ലാകമ്പനികള്‍ക്കുവേണ്ടിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഘടകഭാഗങ്ങളാകും ടാറ്റയുടെ പ്ലാന്റില്‍ നിര്‍മിക്കുക. സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണവും പുതിയ പ്ലാന്റില്‍ ലക്ഷ്യമിടുന്നുണ്ട്. 

Tata group to set up ₹5000 crore phone component making unit in TN