Rajeev Chandrasekharസ്റ്റാർട്ട് അപ്പ് രംഗത്ത് കേരളത്തിന് വലിയ സാധ്യതകളാണ് ഉള്ളതെന്നും ഇവിടെനിന്ന് 100 കോടി ഡോളറിലേറെ (7,500 കോടി രൂപ) മൂല്യമുള്ള ‘യൂണികോൺ’ സ്റ്റാർട്ട് അപ്പുകൾ ഉയർന്നുവരണമെന്നും കേന്ദ്ര ഇലക്‌ട്രോണിക്സ്-ഐ.ടി., സംരംഭകത്വ-നൈപുണ്യവികസന സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. കേന്ദ്രമന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലെത്തിയ അദ്ദേഹം ‘മാതൃഭൂമി’ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ ഏതാനും വർഷങ്ങൾകൊണ്ട് കേരളത്തിൽ നിന്നുള്ള ഒട്ടേറെ സ്റ്റാർട്ട് അപ്പുകളിലേക്ക് ഫണ്ടിങ് ഒഴുകിയെത്തുകയാണ്. ഇതിനെ എങ്ങനെ കാണുന്നു?

സ്റ്റാർട്ട് അപ്പ് രംഗത്ത് ലോകത്തിലെ ഏറ്റവും മികച്ച ഹബ്ബുകളിലൊന്നായി കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് ഇന്ത്യ വളർന്നിട്ടുണ്ട്. ഈ വർഷം ഇതുവരെ 35 യൂണികോൺ (100 കോടി ഡോളർ / 7,500 കോടി രൂപയിലേറെ മൂല്യമുള്ളത്) സ്റ്റാർട്ട് അപ്പുകളാണ് ഇന്ത്യയിൽ ഉയർന്നത്. 2024-25 സാമ്പത്തിക വർഷത്തോടെ ഇത് 200 ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ മാസത്തിൽ രണ്ടും മൂന്നും സ്റ്റാർട്ട് അപ്പുകളാണ് യൂണികോൺ ആയി മാറുന്നത്.

എന്നാൽ, കേരളത്തിൽനിന്ന് ഇതുവരെ യൂണികോൺ സ്റ്റാർട്ട് അപ്പുകൾ ഉണ്ടായിട്ടില്ല. ആറുമാസത്തിൽ ഒരു യൂണികോൺ സ്റ്റാർട്ട് അപ്പ് എങ്കിലും കേരളത്തിൽനിന്ന് വളർന്നുവരണം. വൈദ്യുത വാഹന മേഖല, ഇലക്‌ട്രോണിക്സ് ഡിസൈൻ മേഖല എന്നിവയിൽ കേരളത്തിലെ സംരംഭങ്ങൾക്ക് വലിയ സാധ്യതയാണ്.

തൊഴിൽ-നൈപുണ്യ വികസനത്തിനായുള്ള‘സ്‌കിൽ ഇന്ത്യ’ പദ്ധതിയുടെ പുരോഗതി?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതികളിലൊന്നാണ് ‘സ്കിൽ ഇന്ത്യ’. ഇതിന്റെ ഭാഗമായി നൈപുണ്യ വികസന കേന്ദ്രങ്ങളുടെ എണ്ണം വൻതോതിൽ ഉയർത്തിയിട്ടുണ്ട്. 14,800 ഐ.ടി.ഐ.കൾ, 14,000 നൈപുണ്യ പരിശീലന കേന്ദ്രങ്ങൾ, 800-ഓളം പ്രധാനമന്ത്രി കൗശൽ വികാസ് കേന്ദ്രങ്ങൾ എന്നിവ വഴിയാണ് ഇപ്പോൾ പരിശീലനം. നാലായിരത്തിലേറെ നൈപുണ്യ വികസന കോഴ്‌സുകളും വികസിപ്പിച്ചിട്ടുണ്ട്. 2015-ൽ തുടങ്ങിയ ‘സ്കിൽ ഇന്ത്യ’ പദ്ധതിവഴി രണ്ടേകാൽ കോടിയോളം യുവതീയുവാക്കൾക്ക് തൊഴിൽ-നൈപുണ്യ വികസന പരിശീലനം ഒരുക്കാൻ കഴിഞ്ഞു. രാജ്യത്തെ തൊഴിലില്ലായ്മ തുടച്ചുനീക്കാൻ പോന്നതാണ് ഈ പദ്ധതി. എന്നാൽ, കോവിഡ് മഹാമാരി കാരണം 2020-21 കാലയളവിൽ വേണ്ടത്ര മുന്നേറാൻ കഴിഞ്ഞില്ല എന്നത് ഒരു വസ്തുതയാണ്.

നൈപുണ്യ വികസനത്തിൽ ഡിജിറ്റൽ സാധ്യതകൾ എത്രത്തോളം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്?

ടെക്‌നോളജി രംഗത്ത് പ്രവർത്തിക്കുന്നവരുടെ സ്കില്ലുകൾ കാര്യക്ഷമമാക്കാൻ ഓൺലൈൻ ഹൈ എൻഡ് സ്കില്ലിങ് പ്ലാറ്റ്‌ഫോം വികസിപ്പിക്കുകയാണ്. ‘സ്കിൽ ഇന്ത്യ’യുടെ ഡിജിറ്റൽ ആപ്പിലൂടെയായിരിക്കും ഈ പ്ലാറ്റ്‌ഫോം ഒരുക്കുക. 2022 ആദ്യ പകുതിയിൽത്തന്നെ ഇത് അവതരിപ്പിക്കാനാകും.

ഇതൊക്കെ കൊണ്ടുമാത്രം കോടിക്കണക്കിന് യുവാക്കൾക്ക് നൈപുണ്യ വികസന പരിശീലനം ഒരുക്കുക സാധ്യമാണോ?

പുതുതലമുറയെ അവരുടെ കഴിവിനനുസരിച്ച് കാര്യക്ഷമതയുള്ളവരാക്കി മാറ്റാനുള്ള നിർദേശങ്ങൾ പുതിയ വിദ്യാഭ്യാസ നയത്തിൽ ഉൾക്കൊള്ളിക്കുന്നുണ്ട്. സ്കൂൾ വിദ്യാഭ്യാസത്തോടൊപ്പം വൊക്കേഷണൽ ട്രെയിനിങ്, കായിക പരിശീലനം, ഉന്നത വിദ്യാഭ്യാസത്തിനുള്ള പരിശീലനം എന്നിവയിൽ ഏതെങ്കിലും തിരഞ്ഞെടുക്കാനുള്ള അവസരം നൽകുന്നതായിരിക്കും പുതിയ വിദ്യാഭ്യാസ നയം.

സ്കൂൾ പഠനത്തോടൊപ്പം മറ്റു പരിശീലനങ്ങളിലൂടെ ക്രെഡിറ്റ് (ഗ്രേസ് മാർക്ക്) ലഭിക്കും. ഇത് പിന്നീട് ഉന്നതവിദ്യാഭ്യാസത്തിനുള്ള പ്രവേശനത്തിന് മുതൽക്കൂട്ടാകും. ഇതുവഴി സ്‌കൂളുകളെയും എൻജിനീയറിങ് കോളേജുകളെയും നൈപുണ്യ വികസനത്തിനുള്ള കേന്ദ്രങ്ങളാക്കി മാറ്റാനാകും. കഴിവുറ്റ പുതുതലമുറയെ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ഇലക്‌ട്രോണിക്സ് രംഗത്ത് വലിയ സാധ്യതയുള്ള സംസ്ഥാനമാണ് കേരളം. ഈ രംഗത്ത് കേരളത്തിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കാൻ എന്തൊക്കെ ചെയ്യാനാകും?

കോവിഡ് മഹാമാരി പടർന്നുപിടിച്ചതോടെ, ചൈനയെ മാത്രം ആശ്രയിക്കുന്നത് അപകടമാണെന്ന് മനസ്സിലാക്കി പല ആഗോള കമ്പനികളും ഇന്ത്യയെയും തയ്‌വാൻ പോലുള്ള രാജ്യങ്ങളെയും തിരഞ്ഞെടുക്കാൻ തുടങ്ങിയിട്ടുണ്ട്. അത്തരത്തിൽ ചില കമ്പനികളുമായി ചർച്ചകൾ നടത്തിയപ്പോൾ കേരളത്തെക്കുറിച്ച് പറഞ്ഞു. എന്നാൽ, കേരളത്തിലേക്ക് വരാൻ താത്പര്യമില്ല എന്നാണ് അവർ പറയുന്നത്. ഇവിടത്തെ ക്രമസമാധാനപാലനത്തെക്കുറിച്ചുള്ള മുൻവിധിയാകാം കാരണം. കേരളം നിക്ഷേപസൗഹൃദമല്ലെന്ന ധാരണ മാറ്റിയെടുക്കാൻ ഫലപ്രദമായ നടപടികൾ എത്രയും വേഗം സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നില്ലെങ്കിൽ വലിയ അവസരങ്ങളാകും കേരളത്തിന് നഷ്ടമാകുക.

കേരളത്തിലെ സംരംഭകരോട് എന്താണ് പറയാനുള്ളത്?

ഞാനും ഒരു സംരംഭകനായിരുന്നു; മലയാളിയായ സംരംഭകൻ. കേരളത്തിൽനിന്ന് കൂടുതൽ സംരംഭക വിജയകഥകൾ ഉണ്ടാകണം. അതിനുവേണ്ടി എല്ലാ പിന്തുണയും നൽകാൻ ഞാൻ തയ്യാറാണ്.

രാജീവ് ചന്ദ്രശേഖർ
തൃശ്ശൂർ ദേശമംഗലം കൊണ്ടയൂരിൽ വ്യോമസേനാ റിട്ട. എയർ കമ്മഡോർ എം.കെ. ചന്ദ്രശേഖറിന്റെയും ഉണ്ണിയാട്ടിൽ ആനന്ദവല്ലിയുടെയും ഏകമകൻ. ജനനം അഹമ്മദാബാദിൽ. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് ഇലക്‌ട്രിക്കൽ എൻജിനീയറിങ് ബിരുദം പൂർത്തിയാക്കിയശേഷം യു.എസിലെ പ്രശസ്തമായ ഇലിനോയ്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടി. ഹാർവാഡ്‌ ബിസിനസ് സ്കൂളിൽ നിന്ന് അഡ്വാൻസ്ഡ് മാനേജ്‌മെന്റ് പരിശീലനവും നേടിയിട്ടുണ്ട്. തുടർന്ന്, യു.എസിലെ സിലിക്കൺ വാലിയിൽ ആഗോള ടെക് കമ്പനിയായ ‘ഇന്റലി’ൽ സീനിയർ ചിപ്പ് ഡിസൈൻ എൻജിനീയറായി പ്രവർത്തിച്ചു.

1991-ൽ ഇന്ത്യയിൽ തിരിച്ചെത്തി ബി.പി.എൽ. ഗ്രൂപ്പിന്റെ ഭാഗമായി. 1994-ൽ ഇന്ത്യയിലെ ആദ്യ മൊബൈൽ സേവന കമ്പനികളിലൊന്നായ ബി.പി.എൽ. മൊബൈൽ സ്ഥാപിച്ചു. 2005-ൽ കമ്പനിയിൽ തനിക്കുള്ള 64 ശതമാനം ഓഹരി എസ്സാർ ഗ്രൂപ്പിന് വിറ്റശേഷം ‘ജൂപ്പിറ്റർ ക്യാപ്പിറ്റൽ’ എന്ന നിക്ഷേപക സ്ഥാപനത്തിന്‌ രൂപംനൽകി. ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെയുള്ള മാധ്യമസ്ഥാപനങ്ങളുടെ ഉടമയായി. വ്യവസായ സംരംഭകരുടെ ദേശീയ സംഘടനയായ ‘ഫിക്കി’യുടെ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.

2006 മുതൽ കർണാടകത്തിൽ നിന്നുള്ള രാജ്യസഭാ എം.പി.യാണ്. എൻ.ഡി.എ. കേരള ഘടകം വൈസ് ചെയർമാനായിരുന്നു. രണ്ടാം നരേന്ദ്ര മോദി സർക്കാരിൽ കേന്ദ്ര ഇലക്‌ട്രോണിക്സ്-ഐ.ടി., സംരംഭകത്വ-നൈപുണ്യ വികസന സഹമന്ത്രിയായി 2021 ജൂലായ് ഏഴിന് ചുമതലയേറ്റു.

ബി.പി.എൽ. സ്ഥാപകൻ ടി.പി.ജി. നമ്പ്യാരുടെ മകൾ അഞ്ജുവാണ് ഭാര്യ. മക്കൾ: വേദ്, ദേവിക.

roshan@mpp.co.in