കൊച്ചി: ഫോബ്സ് മാസിക പുറത്തുവിട്ട ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ഇത്തവണ ആറ്‌ മലയാളികൾ ഇടംപിടിച്ചു. 640 കോടി ഡോളറിന്റെ (48,000 കോടി രൂപ) ആസ്തിയുമായി മുത്തൂറ്റ് കുടുംബമാണ് മലയാളികളിൽ ഒന്നാമത്. വ്യക്തിഗത അടിസ്ഥാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി മലയാളികളിൽ ഒന്നാം സ്ഥാനം നിലനിർത്തി. 500 കോടി ഡോളറുമായി (37,500 കോടി രൂപ) അതിസമ്പന്നരുടെ പട്ടികയിൽ ഇന്ത്യയിൽ 38-ാം സ്ഥാനത്താണ് യൂസഫലി.

ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനാഥും ഭാര്യ ദിവ്യയും (30,375 കോടി രൂപ), ഇൻഫോസിസ് സഹ-സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ (30,225 കോടി രൂപ), ആർ.പി. ഗ്രൂപ്പ് ചെയർമാൻ രവി പിള്ള (18,750 കോടി രൂപ), ഇൻഫോസിസ് സഹ-സ്ഥാപകൻ എസ്.ഡി. ഷിബുലാൽ (16,125 കോടി രൂപ) എന്നിവരാണ് പട്ടികയിലുള്ള മറ്റ് മലയാളികൾ.

ദേശീയതലത്തിൽ മുകേഷ് അംബാനി (9,270 കോടി ഡോളർ), ഗൗതം അദാനി (7,400 കോടി ഡോളർ), ശിവ്‌ നാടാർ (3,100 കോടി ഡോളർ) എന്നിവരാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ.