ഫ്യൂച്ചർ-റിലയൻസ് റീട്ടെയിൽ ലയന ഇടപാടിന് വീണ്ടും തിരിച്ചടി. ഇടക്കാല സ്റ്റേ നീക്കണമെന്ന ഫ്യൂച്ചർ റീട്ടെയിലിന്റെ ഹർജി സിങ്കപ്പൂരിലെ ആർബിട്രേറ്റർ നിസരിച്ചു. 

ഫ്യൂച്ചർ കൂപ്പൺ-ആമസോൺ ഇടപാടുമായി ബന്ധപ്പെട്ട കരാറിൽ ഫ്യൂച്ചർ റീട്ടെയിലും ഭാഗമാണെന്ന് സിങ്കപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്റർ വ്യക്തമാക്കി. 

ആർബിട്രേറ്ററുടെ നിരീക്ഷണം റിലയൻസ് റീട്ടെയിലിന്റെ 24,700 കോടി രൂപയുടെ ലയന പദ്ധതിക്ക് വീണ്ടും തിരിച്ചടിയായി. ഇടപാടിന് അനുമതിതേടി ഓഹരി ഉടമകളുടെ യോഗംവിളിക്കാൻ റിലയൻസ് റീട്ടെയിലിന് ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ കഴിഞ്ഞദിവസം അനുമതി നൽകിയിരുന്നു. 

2019ൽ ഫ്യൂച്ചർ ഗ്രൂപ്പിന്റെ 49 ശതമാനം ഓഹരികൾ ആമസോൺ ഏറ്റെടുത്തിരുന്നു. ഇതുവഴി ഫ്യൂച്ചറിന്റെ റീട്ടെയിൽ ബിസിനസിൽ ആമസോണിന് അഞ്ചുശതമാനത്തോളം ഓഹരികൾ ലഭിച്ചു. ആമസോണിന്റെ എതിരാളികൾക്ക് ഫ്യൂച്ചർ റീട്ടെയിലിന്റെ ആസ്തികൾ വിൽക്കാൻ പാടില്ലെന്ന നിബന്ധന ഇതുമായി ബന്ധപ്പെട്ട കരാറിലുണ്ടെന്നാണ് ആമസോണിന്റെ അവകാശവാദം. അതേസമയം, ഫ്യൂച്ചർ റീട്ടെയിൽ ഈ കരാറിന്റെ ഭാഗമല്ലെന്നാണ് ഫ്യൂച്ചർ ഗ്രൂപ്പ് പറയുന്നത്.