ന്യൂഡൽഹി: റിലയൻസ് കമ്യൂണിക്കേഷൻ(ആർകോം), റിലയൻസ് ഇൻഫ്രടെൽ എന്നിവയ്ക്ക് ചാർത്തിയ 'തട്ടിപ്പ്' ലേബൽ എസ്ബിഐ നീക്കംചെയ്യുന്നു. ഇതിനായി നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ ബാങ്ക് സത്യവാങ്മൂലം നൽകി. 

റിലയൻസ് ഇൻഫ്രാടെലിന്റെ ആസ്തികൾ റിലയൻസ് ജിയോ വാങ്ങാനിരിക്കെയാണ് എസ്ബിഐയുടെ നീക്കം. അതേസമയം ഇതേക്കുറിച്ച് പ്രതികരിക്കാൻ എസ്ബിഐ തയ്യാറായിട്ടില്ല. 

കമ്പനിയെ തട്ടിപ്പ് വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ അത് നീക്കാതെ ഇൻഫ്രാടെലിന്റെ ആസ്തികൾ വാങ്ങാൻ ജിയോ തയ്യാറാകാത്ത സാഹചര്യത്തിലാണിത്. ഏകദേശം 4000 കോടി രൂപയ്ക്കാണ് ജിയോ ആസ്തികൾ വാങ്ങുന്നത്. 

തട്ടിപ്പ് കമ്പനി വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനാൽ വായ്പ തിരിച്ചുലഭിക്കാനുള്ള സാധ്യതകുറയുമെന്നുകണ്ടാണ് എസ്ബിഐ സത്യവാങ്മൂലം നൽകാൻ തയ്യാറായതെന്നാണ് റിപ്പോർട്ടുകൾ.

ആർകോമിന്റെയും മറ്റും അക്കൗണ്ടുകൾ തട്ടിപ്പ് വിഭാഗത്തിൽപ്പെടുത്തിയതിന്റെ കാരണങ്ങളറിയാൻ ഓഡിറ്റ് റിപ്പോർട്ട് കാണണമെന്നാവശ്യപ്പെട്ട് ജിയോ പാപ്പരത്ത കോടതിയെ സമീപിച്ചിരുന്നു. 

എസ്ബിഐ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നീ ബാങ്കുകൾക്കുവേണ്ടിയാണ് ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ട്‌ തയ്യാറാക്കിയത്. 5,500 കോടിയുടെ അനധികൃത ഇടപാടുകളാണ് ഓഡിറ്റ് റിപ്പോർട്ട് പുറത്തുകൊണ്ടുവന്നത്. ഇതേതുടർന്നാണ് തട്ടിപ്പ് വിഭാഗത്തിൽ കമ്പനികളെ ഉൾപ്പെടുത്തിയത്.