റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില ഉയര്‍ന്നതോടെ കമ്പനിയുടെ വിപണിമൂല്യം 16 ലക്ഷം കോടി രൂപ മറികടന്നു. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ കമ്പനി വിപണിമൂല്യത്തില്‍ ഇത്രയുംതുക മറികടക്കുന്നത്. 

രാവിലത്തെ വ്യാപാരത്തില്‍ ഓഹരിവില റെക്കോഡ് ഭേദിച്ച് 2,368 രൂപയിലെത്തിയിരുന്നു. ഈവര്‍ഷം ഇതുവരെ ഓഹരി വിലയില്‍ 56.68ശതമാനമാണ് വര്‍ധനവുണ്ടായത്.  

ജിയോയ്ക്കുപിന്നാലെ റിലയന്‍സ് റീട്ടെയിലിലും വന്‍തോതില്‍ നിക്ഷേപമെത്താന്‍ തുടങ്ങിയതോടെയാണ് ഓഹരി വില വീണ്ടും ഉയരാന്‍ തുടങ്ങിയത്. 

കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേക്ക് റിലയന്‍സ് റീട്ടെയിലില്‍ 7,500 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. ഇതോടെ റീട്ടെയില്‍ വെഞ്ച്വേഴ്‌സിന്റെ മൂല്യം 4.21 ലക്ഷം കോടിയായി ഉയര്‍ന്നു.