മുംബൈ: രാജ്യത്ത് എട്ട് ലക്ഷം കോടി രൂപ വിപണിമൂല്യമുള്ള ആദ്യ കമ്പനിയായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്.

ഓഹരി വില ഈവര്‍ഷതന്നെ 37 ശതമാനം ഉയര്‍ന്നതോടെയാണ് ഇത്രയും വിപണിമൂല്യമുള്ള കമ്പനിയായി റിലയന്‍സ് ഉയര്‍ന്നത്. വ്യാഴാഴ്ച മാത്രം ഓഹരി വില 1.31 ശതമാനം ഉയര്‍ന്ന് 1,262.50 രൂപയായി. 

ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് തുടങ്ങാനുള്ള കമ്പനിയുടെ പദ്ധതി പ്രഖ്യാപിച്ചതിനുശേഷം നിക്ഷേപകര്‍ തുടര്‍ച്ചയായി ഓഹരിയില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയതോടെയാണ് വില കുതിച്ചത്. 

ഇതോടൊപ്പം കമ്പനി പുറത്തിറക്കിയ ജിയോ ഫോണ്‍ 2 ഉം നിക്ഷേപകരില്‍ ആത്മവിശ്വാസമുയര്‍ത്തി. 

ജൂണില്‍ അവസാനിച്ച പാദത്തില്‍ റിലയന്‍സ് ജിയോ 612 കോടിയുടെ അറ്റാദായംനേടി. മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ 510 കോടിയായിരുന്ന കമ്പനിയുടെ അറ്റാദായം. 19.9 ശതമാനമാണ് വര്‍ധന.