മുംബൈ: റിലയന്‍സ് ജിയോ ഇന്‍ഫോകാം വരുംമാസങ്ങളിലും നിരക്ക് വര്‍ധിപ്പിച്ചേക്കും. 

2018 ജനുവരിയിലാകും അടുത്തവര്‍ധനയെന്നും പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്‌സ് പറയുന്നു.

ടെലികോം സെക്ടറിനെയാകെ ഞെട്ടിച്ചുകൊണ്ട് രംഗത്തുവന്ന ജിയോ ഈയിടെ 15 മുതല്‍ 20 ശതമാനംവരെ നിരക്ക് വര്‍ധിപ്പിച്ചിരുന്നു.

309 രൂപയുടെ പ്ലാന്‍ പ്രകാരം നിലവിലുള്ള 49 ദിവസത്തെ വാലിഡിറ്റി 28 ദിവസമായി കുറച്ചേക്കുമെന്ന് ഗോള്‍ഡ്മാന്‍ സാച്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ആകര്‍ഷകമായ 399 രൂപയുടെ പ്ലാനിന്റെ നിരക്ക് 459 രൂപയായി ഈയിടെ വര്‍ധിപ്പിച്ചിരുന്നു. അതേസമയം, 399 രൂപ പ്ലാനില്‍തന്നെ തുടരുന്നവര്‍ക്ക് 70 ദിവസംമാത്രമെ വാലിഡിറ്റി ലഭിക്കുകയുള്ളൂ. നേരത്തെ ഈ പ്ലാനിന്റെ കാലാവധി 84 ദിവസമായിരുന്നു.

ഓരോ ഉപഭോക്താവില്‍നിന്നും ലഭിക്കുന്ന ശരാശരി വരുമാനം മൂന്നുമുതല്‍ ആറുമാസംകൊണ്ട് വര്‍ധിപ്പിക്കുകയാണ് ജിയോ ഇന്‍ഫോകോമിന്റെ ലക്ഷ്യം.