മുകേഷ് അംബാനി ചെയർമാനായ റിലയൻസ് ഇൻഡസ്ട്രീസ് സ്റ്റോക്ക് പാർക്കിനെ ഏറ്റെടുത്തു. 79 മില്യൺ ഡോളറി(592 കോടി രൂപ)ന്റേതാണ് ഇടപാട്. 

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ രണ്ടാംതലമുറയുടെ സ്വന്തമായ യു.കെയിലെ ആദ്യത്തെ കൺട്രി ക്ലബാണ് സ്റ്റോക്ക് പാർക്ക്. വൈവിധ്യവത്കരണത്തിന്റെ ഭാഗമായി എണ്ണ വ്യവസായത്തിൽനിന്ന് വിനോദമേഖലയിൽകൂടി അംബാനി വേരുറപ്പിക്കുകയാണ് ഈ ഏറ്റെടുക്കലിലൂടെ. 

49 ആഢംബര സ്യൂട്ടുകൾ, 27 ഗോൾഫ് കോഴ്‌സുകൾ, 13 ടെന്നിസ് കോർട്ടുകൾ, 14 ഏക്കറോളം സ്വകാര്യ ഗാർഡനുകൾ എന്നിവയുടെ ഉടമകളാണ് ബ്രിട്ടനിലെ സ്റ്റോക്ക് പാർക്ക്. ബ്രിട്ടീഷ് സിനിമാ വ്യവസായത്തിൽ പ്രമുഖ സ്ഥാനമാണ് കമ്പനിക്കുള്ളത്. ജെയിംസ് ബോണ്ട് ചിത്രങ്ങളായ ഗോൾഡ് ഫിംഗർ(1964), ടുമാറോ നെവർ ഡൈസ്(1997) എന്നിവ സ്‌റ്റോക്ക് പാർക്കിലാണ് ഷൂട്ട് ചെയ്തിട്ടുള്ളത്. 

റിലയൻസിന്റെ കൺസ്യൂമർ, ഹോസ്പിറ്റാലിറ്റി ബിസിനസുകളുടെ ഭാഗമായായിരിക്കും സ്റ്റോക്ക് പാർക്ക് ഇനി പ്രവർത്തിക്കുക. 

Reliance Industries Buys Another British Icon, Stoke Park