ക്ഷിണകൊറിയന്‍ കമ്പനിയായ പോസ്‌കോയുമായി സഹകരിച്ച് അദാനി ഗ്രൂപ്പ് ഗുജറാത്തിലെ മുദ്രയില്‍ ഹരിത സംരംഭങ്ങള്‍ക്ക് തുടക്കമിടുന്നു. ആദ്യഘട്ടത്തില്‍ 37,000 കോടി രൂപ(500 ബില്യണ്‍ ഡോളര്‍)യാണ് നിക്ഷേപം നടത്തുക.

പരിസ്ഥിതി സൗഹൃദ ഉരുക്ക് വ്യവസായശാലയാണ് ആദ്യഘട്ടത്തില്‍ സ്ഥാപിക്കുക. പുനരുപയോഗ ഊര്‍ജം, ഹൈഡ്രജന്‍, ചരക്കുനീക്കം തുടങ്ങിയ മേഖലകളില്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനും ഇരുകമ്പനികളും ധാരണയിലെത്തിയിട്ടുണ്ട്. 

ഗുജറാത്തിലെതന്നെ അഹമ്മദാബാദില്‍ പുനരുപയോഗ ഊര്‍ജമേഖലയില്‍ 75,000 കോടി രൂപയുടെ വന്‍കിട പദ്ധതിയുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി മുന്നോട്ടുപോകുന്നതിനിടെയാണ് ഗൗതം അദാനിയും രംഗത്തെത്തിയിട്ടുള്ളത്. ഒരുചുവടുകൂടി മുന്നോട്ടുവെച്ച് ഉരുക്കുവ്യവസായമേഖലയിലേയ്ക്കുകൂടി അദാനി കടന്നിരിക്കുന്നു. 

പോസ്‌കോയുടെ അത്യാധുനിക സാങ്കേതികവിദ്യയും ഗവേഷണ വികസനശേഷിയും മുദ്രയിലെ പ്ലാന്റില്‍ ഉപയോഗിക്കാനാകുമെന്നതാണ് അദാനിക്ക് നേട്ടം. ഹരിത പദ്ധതികളുടെ ഭാഗമായി പുനരുപയോഗ ഊര്‍ജം, ഗ്രീന്‍ ഹൈഡ്രജന്‍ എന്നീമേഖലകളും ഇരുകമ്പനികളും ലക്ഷ്യമിടുന്നു.

ദക്ഷിണി കൊറിയയിലെ പോഹാങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോസ്‌കോ ലോകത്തെതന്നെ മുന്‍നിര സ്റ്റീല്‍ നിര്‍മാതാക്കളിലൊന്നാണ്. മഹാരാഷ്ട്രയില്‍ അത്യാധുനിക സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന ഗാല്‍വനൈസ്ഡ് ഉരുക്കുനിര്‍മാണശാല പോസ്‌കോയ്ക്കുണ്ട്. വാഹനനിര്‍മാണത്തിനുള്ള സ്റ്റീല്‍ ഉത്പാദനത്തിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളത്. പുണെ, ഡല്‍ഹി, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നാല് സംസ്‌കരണകേന്ദ്രങ്ങളും കമ്പനിക്കുണ്ട്. 

തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ നടത്തിപ്പിലും പുനരുപയോഗ ഊര്‍ജം, വൈദ്യുതി ഉത്പാദനം, വിതരണം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ മേഖലകളിലുമാണ് അദാനി ഗ്രൂപ്പിന്റെ പ്രവര്‍ത്തനം.  ലോകത്തിലെ ഏറ്റവുംവലിയ പുനരുപയോഗ ഊര്‍ജകമ്പനിയാകാനും ഭാവിയില്‍ ഗ്രീന്‍ ഹ്രൈഡ്രജന്‍ ഉത്പാദിപ്പിക്കാനുമുള്ള പദ്ധതി ഈയിടെ അദാനി പ്രഖ്യാപിച്ചിരുന്നു.