പേടിഎമ്മിന്റെ മാതൃകമ്പനിയായ വൺ97 കമ്യൂണിക്കേഷൻസിന്റെ ഓഹരി വില രണ്ടാംദിവസവും ഇടിവുനേരിട്ടു. ഇതോടെ വിപണിമൂല്യത്തിൽ 50,000 കോടിയിലേറെയാണ് നഷ്ടമായത്. നിക്ഷേപകർക്കുണ്ടായ നഷ്ടമാകട്ടെ 40ശതമാനത്തിലേറെയും.

ബിഎസ്ഇയിൽ ഉച്ചയോടെ ഓഹരി വില 264 രൂപ താഴ്ന്ന് (17ശതമാനം) 1,299 നിലവാരത്തിലെത്തി. നവംബർ 18ന് ഒമ്പതുശതമാനം കിഴിവിൽ ലിസ്റ്റ് ചെയ്ത ഓഹരി 27ശതമാനം നഷ്ടത്തിലാണ് അന്ന് ക്ലോസ് ചെയ്തത്. 

കമ്പനിയുടെ വ്യാപാര മോഡലിലെ അനിശ്ചിതത്വവും നഷ്ടത്തിലുള്ള കമ്പനിയുടെ ലാഭസാധ്യതയെ അത് ബാധിക്കുമെന്നുമുള്ള വിലയിരുത്തലും ഓഹരിയിൽ പ്രതിഫലിച്ചു. 

ബ്രോക്കിങ് സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചതോടെ നിക്ഷേപകരെ സമ്മർദത്തിലാക്കി. കമ്പനിക്ക് ദിശാബോധമില്ലെന്ന മക്വാറിയുടെ വിലയിരുത്തൽ ഓഹരിയെ ബാധിച്ചു. 1,200 രൂപയാണ് ബ്രോക്കിങ് സ്ഥാപനം ലക്ഷ്യവില നിശ്ചയിച്ചിട്ടുള്ളത്. 

ഒന്നിലധികം ബിസിനസുകളിൽ ഒരേസമയം ഇടപെടുന്നത് വാലറ്റ് ഒഴികെയുള്ള വിഭാഗങ്ങളിൽ മുൻനിരയിലെത്തുന്നതിന് കമ്പനിക്ക് തടസ്സമുണ്ടാക്കും. വളർച്ചാസാധ്യതയെ അത് ബാധിക്കും. വിതരണ കമ്പനിയെന്നനിലയിൽ മികച്ച ആദായംനേടാൻ കമ്പനിക്കാവില്ലെന്നുമാണ്  മക്വാറിയുടെ വിലയിരുത്തൽ. 

ഓഹരിയൊന്നിന് 2,150 രൂപ നിരക്കിലായിരുന്നു ഐപിഒ വില. 9.3ശതമാനം കിഴിവിൽ 1,950 രൂപയിലാണ് വിപണിയിൽ ലിസ്റ്റ്‌ചെയ്തത്.