ലോക സമ്പന്നരില്‍ നാലാമനായ മുകേഷ് അംബാനി ബിസിസ്‌നസ് സാമ്രാജ്യം പുതിയ തലമുറയെ ചുമതലയേല്‍പ്പിക്കുന്നിന്റെ ഭാഗമായി 'ഫാമിലി കൗണ്‍സില്‍' രൂപീകരിക്കുന്നു.

മക്കളായ ആകാശ്, ഇഷ, അനന്ത് എന്നിവരുള്‍പ്പടെ എല്ലാ കുടുംബാംഗങ്ങള്‍ക്കും തുല്യ പ്രാതിനിധ്യംനല്‍കിയാണ് കുടുംബ സമതിയുണ്ടാക്കുന്നത്. കുടുംബത്തിലെ മുതിര്‍ന്ന അംഗം, മൂന്നുമക്കള്‍, ഉപദേശകരായി പ്രവര്‍ത്തിക്കാനായി പുറത്തുനിന്നുള്ളവര്‍ എന്നിവരുള്‍പ്പെട്ടതാകും സമിതി. 

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം കുടുംബ സമിതിക്കായിരിക്കും നല്‍കുക. അടുത്തവര്‍ഷത്തോടെ സമതിയുടെ രൂപീകരണ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. 

80 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള അംബാനി കുടുംബത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കുന്നതിനും എല്ലാ അംഗങ്ങള്‍ക്കും കൂട്ടായി ഒരുപൊതുവേദി രൂപപ്പെടുത്തുന്നതിനുമാണ് 63കാരനായ അംബാനിയുടെ ശ്രമം. 

അടുത്ത തലമുറയുടെ കയ്യില്‍ ബിസിനസ് സാമ്രാജ്യം ഭദ്രമാക്കുന്നതിനും തര്‍ക്കങ്ങളുണ്ടെങ്കില്‍ അവ പരിഹരിക്കാനും മുതിര്‍ന്നവര്‍ ഉള്‍പ്പെടുന്ന സമിതിയുടെ രൂപീകരണം പ്രയോജനം ചെയ്യുമെന്നാണ് അംബാനി കരുതുന്നത്.

1973ല്‍ പിതാവ് ധീരുഭായ് അംബാനി സ്ഥാപിച്ചതാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. ധീരുഭായ് അംബാനിയുടെ മരണശേഷം സഹോദരനുമായി ശത്രുതയുണ്ടാകാനിടയായ സാഹചര്യംകൂടി കണക്കിലെടുത്തിട്ടാകാം അംബാനിയുടെ ശ്രദ്ധയോടെയുള്ള നീക്കം. 

നിലവില്‍ വ്യത്യസ്ത ബിസിനസുകളില്‍ റിലയന്‍സ് ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളതിനാല്‍ വിവിധകാര്യങ്ങളില്‍ കുടുംബാംഗങ്ങളെ ഏകോപിപ്പിക്കുന്നതിനും സമിതി മുന്നിലുണ്ടാകും. റീട്ടെയില്‍, ഡിജിറ്റല്‍, ഊര്‍ജം എന്നിവയുടെ ചുമതല മൂന്നുമക്കള്‍ക്കായി വീതിച്ചുനല്‍കാനാണ് സാധ്യത.  

ആകാശും ഇഷയും 2014ലിലാണ് റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെയും റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സ് ലിമിറ്റഡിന്റെയും ഡയറക്ടര്‍മാരായത്. ഇളയവനായ അനന്തിനെ മാര്‍ച്ചില്‍ ജിയോ പ്ലാറ്റ്‌ഫോമില്‍ അഡീഷണല്‍ ഡയറക്ടറായും നിയമിച്ചു. ആകാശും ഇഷയും ജിയോ പ്ലാറ്റ്‌ഫോമിന്റെ ബോര്‍ഡിലുണ്ട്. 

ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്ന റിലയന്‍സ് ഫൗണ്ടേഷന്‍ ഓഫ്  ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിന്റെ ഡയറക്ടര്‍കൂടിയാണ് ഇഷ അംബാനി. 

യുഎസിലെ ബ്രോണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നാണ് ആകാശും അനന്തും ബിരുദംനേടിയത്. ഇഷയാകട്ടെ യേല്‍ യൂണിവേഴ്‌സിറ്റിയിലെ സൗത്ത് ഏഷ്യന്‍ സ്റ്റഡീസില്‍നിന്ന് മനഃശാസ്ത്രത്തിലും ബിരുദംനേടി. 

അടുത്തകാലത്തായി നടന്ന നിരവധി ഇടപെടലുകളിലൂടെ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും മൂന്നുമക്കളും റിലയന്‍സിന്റെ കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. മൂന്നുപ്രൊമോട്ടര്‍മാരില്‍നിന്നായി 3.2ശതമാനം ഓഹരികളാണ് ഇവര്‍ സ്വന്തമാക്കിയത്. അവകാശ ഓഹരിയിലൂടെയും കുടുംബം വിഹിതം വര്‍ധിപ്പിച്ചു. 

Mukesh Ambani plans to set up a family council