മൊറട്ടോറിയം പ്രയോജനപ്പെടുത്തുന്നതിലൂടെ ടെലികോം കമ്പനികൾക്ക് വാർഷികചെലവ് കുറച്ച് പണലഭ്യതവർധിപ്പിക്കാനുള്ള സാഹചര്യമൊരുങ്ങും. എയർടെലിനും ജിയോക്കുംകൂടി 16,000 രൂപയെങ്കിലും ഓരോവർഷവും ഈയിനത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ.

നാലുവർഷത്തേക്ക് മൊറട്ടോറിയം അനുവദിച്ചതിനാൽ 5ജി മേഖലയിൽ ഉടനെ കൂടുതൽ നിക്ഷേപംനടത്താൻ കമ്പനികൾക്ക് അവസരംലഭിക്കും. ഭാരതി എയർടെലിന് വാർഷിക പണലഭ്യതയിൽ 11,900 കോടിയും റിലയൻസ് ജിയോക്ക് 4,300 കോടി രൂപയും നീക്കിവെക്കാൻ കഴിയുമെന്നാണ് വിലിയിരുത്തൽ.

മോറട്ടോറിയം ആനുകൂല്യം പ്രയോജനപ്പെടുത്തുമെന്ന് ഭാരതി എയർടെലിന്റെ ചെയർമാൻ സുനിൽ മിത്തൽ വ്യക്തമാക്കിയിട്ടുണ്ട്. കുടിശ്ശിക അടക്കുന്നതിന് നാലുവർഷമാണ് ഇതിലൂടെ അവധിലഭിക്കുക. എന്നാൽ ജിയോ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

എജിആർ കുടിശ്ശിയില്ലാത്തതിനാൽ ജിയോക്ക് ഈയിനത്തിൽ കാര്യമായ നേട്ടമുണ്ടാകാനിടയില്ല. സ്‌പെക്ട്രം ഫീസ് മാത്രമെ അടക്കേണ്ടതുള്ളൂ. കടബാധ്യത രൂക്ഷമായ വോഡാഫോൺ ഐഡിയ മോറട്ടോറിയം പ്രയോജനപ്പെടുത്തിയേക്കാമെങ്കിലും 5ജി ലേലത്തിൽ പങ്കെടുക്കാൻ സാധ്യതയില്ല. 

കമ്പനിയുടെ 25,000 കോടി രൂപയുടെ ധനസമാഹരണ പദ്ധതി എങ്ങുമെത്തിയിട്ടില്ല. മോറട്ടോറിയം അനുവദിച്ചത് വോഡാഫോൺ ഐഡിയക്ക് ആശ്വാസമാകുമെന്നതിനുപുറമെ കമ്പനിയിൽ നിക്ഷേപിക്കാൻ താൽപര്യപ്പെടുന്നവരുടെ ആത്മവിശ്വസമുയർത്താനും സഹായിക്കും.  1.9 ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് കമ്പനിക്ക് നിലവിലുള്ളത്.