marisaസാൻ ഫ്രാസിസ്‌കോ: ആഗോള ഇന്റർനെറ്റ് കമ്പനിയായ യാഹൂ പ്രധാന ബിസിനസ്സുകൾ വിറ്റഴിക്കാനൊരുങ്ങുന്നു. കമ്പനിയുടെ ഇന്റർനെറ്റ് ബിസിനസ്സുകൾ വിൽക്കുന്നതു സംബന്ധിച്ച് ചർച്ച നടത്താൻ വെള്ളിയാഴ്ച ഡയറക്ടർ ബോർഡ് യോഗം ചേരും.

ഗൂഗിൾ, ഫേസ്ബുക്ക്, ആമസോൺ തുടങ്ങിയ ഇന്റർനെറ്റ് കമ്പനികൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കുമ്പോൾ കാര്യമായി ഒന്നും ചെയ്യാനാവാതെ നിൽക്കുകയാണ് യാഹൂ. ഇതേത്തുടർന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ മരിസ മെയറിനെ പുറത്താക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഡയറക്ടർ ബോർഡ് ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

40-കാരിയായ മരിസ 2012 ജൂലായിലാണ് യാഹൂവിന്റെ തലപ്പത്തെത്തുന്നത്. ഗൂഗിളിൽ നിന്നെത്തിയ അവർ യാഹൂവിനെ കരകയറ്റുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെങ്കിലും അവരുടെ പല നടപടികളും വിപരീത ഫലമാണ് ഉണ്ടാക്കിയത്.

2007 മുതൽ ആറ്‌ സി.ഇ.ഒ.മാരെയാണ് കമ്പനി പരീക്ഷിച്ചത്. ചൈനയിലെ ഇ-കൊമേഴ്‌സ് കമ്പനിയായ ആലിബാബയിൽ യാഹൂവിനുള്ള ഓഹരികൾ വിറ്റഴിച്ച് ഇന്റർനെറ്റ് ബിസിനസ് ശക്തിപ്പെടുത്താനായിരുന്നു മരിസയുടെ നീക്കം.

 എന്നാൽ, ആലിബാബയിൽ യാഹൂവിനുള്ള 15 ശതമാനം ഓഹരിക്ക് 3000 കോടി ഡോളർ വിപണി മൂല്യമുണ്ട്. യാഹൂവിന്റെ ഇന്റർനെറ്റ് ബിസിനസ്സുകൾ പ്രത്യേകം കമ്പനിയാക്കി വിൽക്കാനും ആലിബാബയിലുള്ള ഓഹരി നിലനിർത്താനുമാണ് ഓഹരി ഉടമകൾക്ക് താത്പര്യം.