മുംബൈ: എൽ.ഐ.സി.യുടെ ഐ.പി.ഒ. കൈകാര്യം ചെയ്യാനായി പത്തു നിക്ഷേപക ബാങ്കുകളെ കേന്ദ്രസർക്കാർ തിരഞ്ഞെടുത്തു. ഗോൾഡ്മാൻ സാഷെ, സിറ്റി ഗ്രൂപ്പ്, കൊടക് മഹീന്ദ്ര, എസ്.ബി.ഐ. കാപ്സ്, ജെ.എം. ഫിനാൻഷ്യൽ ലിമിറ്റഡ്, ആക്സിസ് കാപിറ്റൽ, നോമുറ, ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ്, ജെ.പി. മോർഗൻ ഇന്ത്യ, ഐ.സി.ഐ.സി.ഐ. സെക്യൂരിറ്റീസ് എന്നിവയാണ് പട്ടികയിലുള്ളത്.

ആകെ 16 നിക്ഷേപക ബാങ്കുകളാണ് രാജ്യത്തെ ഏറ്റവും വലിയ ഐ.പി.ഒ.യുടെ ഭാഗമാകാൻ അപേക്ഷ നൽകിയിരുന്നത്. എൽ.ഐ.സി. വിപണിയിൽ ലിസ്റ്റ് ചെയ്യാൻ ജൂലായിലാണ് കേന്ദ്ര സാമ്പത്തിക കാര്യ മന്ത്രിസഭാ സമിതി അനുമതി നൽകിയത്.

പത്തു ശതമാനംവരെ ഓഹരികൾ വിറ്റഴിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ മന്ത്രിസഭാ സമിതിയുടെ തീരുമാനം ഉടനുണ്ടായേക്കും. പത്തുശതമാനം ഓഹരികൾക്ക് ഒന്നുമുതൽ ഒന്നരലക്ഷം കോടി രൂപവരെ വില വരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സാഹചര്യത്തിൽ രണ്ടുഘട്ടമായിട്ടാവും ഓഹരി വിൽപ്പനയെന്നും സൂചനകളുണ്ട്. ഈ സാമ്പത്തിക വർഷം അവസാനത്തോടെ ഐ.പി.ഒ. നടത്താനാണ് നടപടികൾ പുരോഗമിക്കുന്നത്.

34 ലക്ഷം കോടി രൂപയുടെ ആസ്തികൾ ഉള്ള എൽ.ഐ.സി.ക്ക് സിങ്കപ്പൂരിൽ ഒരു ഉപകമ്പനികൂടിയുണ്ട്. കൂടാതെ ബഹ്റൈൻ, കെനിയ, ശ്രീലങ്ക, സൗദി അറേബ്യ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ സംയുക്ത സംരംഭങ്ങളുമുണ്ട്.