ബിഗ് ബസാര്‍ ഉള്‍പ്പടെയുള്ള പ്രമുഖ ബ്രാന്‍ഡുകളുടെ സ്ഥാപകനായ കിഷോര്‍ ബിയാനിയ്ക്ക് 15 വര്‍ഷത്തേയ്ക്ക് റീട്ടെയില്‍ ബിസിനസിലേയ്ക്ക് കാലുകുത്താന്‍ കഴിയില്ല. അദ്ദേഹത്തിനുമാത്രമല്ല കുടുംബത്തിലെ എല്ലാവര്‍ക്കും അതിന് വിലക്കുണ്ട്. 

ഫ്യൂച്വര്‍ ഗ്രൂപ്പ് എറ്റെടുക്കുന്നതിന്റെ ഭാഗമായി റിലയന്‍സ് ഇന്‍ഡസ്ട്രീസുമായി ഉണ്ടാക്കിയ കരാറിലെ വ്യവസ്ഥ പ്രകാരമാണിത്. ഫ്യൂച്വര്‍ ഗ്രൂപ്പിന്റെ ചെറുകിട-മൊത്തവ്യാപാരം, ചരക്ക്‌നീക്കം, സംഭരണം എന്നീ ബിസിനസുകളാണ് റിലയന്‍സ് ഏറ്റെടുത്തത്. 

ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ബിസിനസുകള്‍ക്കും ഇത് ബാധകമാണ്. അതേസമയം, ബിയാനിയുടെതന്നെ ഉടമസ്ഥതയിലുള്ള ഹോം റീട്ടെയില്‍ വിഭാഗത്തിന് തുടര്‍ന്നും പ്രവര്‍ത്തിക്കാം. ബിയാനിയുടെ ഉടമസ്ഥതയിലുള്ള പ്രാക്‌സിസ് റീട്ടെയിലിന് രാജ്യത്ത് 48 ഹോം ടൗണ്‍ സ്‌റ്റോറുകളുണ്ട്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഈ സ്ഥാപനത്തില്‍നിന്ന് 702 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. 

ചെറുകിട വ്യാപാരമേഖലയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 24,713 കോടി രൂപയ്ക്കാണ് ഫ്യൂച്വര്‍ ഗ്രൂപ്പിനെ റിലയന്‍സ് ഏറ്റെടുത്തത്. പലചരക്ക് സാധനങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, വസ്ത്രങ്ങള്‍ എന്നിവ വില്‍ക്കുന്ന ബിഗ്ബസാര്‍, ബ്രാന്‍ഡ് ഫാക്ടറി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ ഇതോടെ റിലയന്‍സിന്റെ കയ്യിലായി. 

Kishore Biyani, family can't enter retail business for next 15 years