ന്യൂഡല്‍ഹി: മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ടെലികോം കമ്പനിയായ 'റിലയന്‍സ് ജിയോ' അനുജന്‍ അനില്‍ അംബാനിയുടെ 'റിലയന്‍സ് കമ്യൂണിക്കേഷന്‍സി' (ആര്‍കോം) നെ ഏറ്റെടുക്കുന്നു. ആര്‍കോമിന്റെ മൊബൈല്‍ ബിസിനസ്, സ്‌പെക്ട്രം, മൊബൈല്‍ ടവറുകള്‍, ഓപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല എന്നിവയാണ് ഏറ്റെടുക്കുന്നത്.

ഏറ്റെടുക്കല്‍ സംബന്ധിച്ച് റിലയന്‍സ് കമ്യൂണിക്കേഷന്‍സുമായി കരാര്‍ ഉണ്ടാക്കിയതായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ അനുബന്ധ കമ്പനിയായ റിലയന്‍സ് ജിയോ അറിയിച്ചു. 45,000 കോടി രൂപയുടെ കടബാധ്യതയില്‍ പെട്ട് ഉലയുന്ന റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് രക്ഷപ്പെടാനുള്ള അവസാന അവസരമായിരുന്നു ഇത്. ധാരണയനുസരിച്ച് കമ്പനിയുടെ കടബാധ്യതയില്‍ നല്ലൊരു പങ്ക് അടച്ചുതീര്‍ക്കാനായിരിക്കും റിലയന്‍സ് ജിയോയില്‍നിന്ന് ലഭിക്കുന്ന തുക വിനിയോഗിക്കുക.

2018 ജനുവരിക്കും മാര്‍ച്ചിനുമിടയില്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് റിലയന്‍സ് ജിയോയുടെ പ്രതീക്ഷ. ഇടപാടിന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെയും സ്റ്റോക് എക്‌സ്‌ചേഞ്ചുകളുടെയും അനുമതി ആവശ്യമാണ്.

ആര്‍കോമിനെ ഏറ്റെടുക്കുന്നതോടെ വരിക്കാരുടെ എണ്ണം ഉയര്‍ത്താന്‍ ജിയോയ്ക്ക് കഴിയും. 2017 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ കണക്കുപ്രകാരം ആര്‍കോമിന് 7.21 കോടി വരിക്കാരാണ് ഉള്ളത്. ജിയോയ്ക്കാകട്ടെ 13.86 കോടി വരിക്കാരുണ്ട്. അതായത്, ആര്‍കോമിനെ സ്വന്തമാക്കുന്നതോടെ ജിയോ വരിക്കാരുടെ എണ്ണം 21 കോടി കടക്കും. 17.82 ശതമാനമായിരിക്കും വിപണി വിഹിതം.

ആര്‍കോമിന്റെ ആസ്തികള്‍ വിറ്റഴിക്കുകയല്ലാതെ അനില്‍ അംബാനിയുടെ മുന്നില്‍ മറ്റൊരു വഴിയില്ലായിരുന്നു. 28-നുള്ളില്‍ ഒരു വഴി കണ്ടെത്തിയില്ലെങ്കില്‍ കമ്പനിക്ക് വായ്പ നല്‍കിയ സ്ഥാപനങ്ങള്‍ ഇതിനെ ഏറ്റെടുക്കുമായിരുന്നു. കടബാധ്യതകള്‍ തീര്‍ക്കുന്നതിന്റെ ഭാഗമായി ആസ്തി വില്‍പ്പന പാക്കേജ് നടപ്പാക്കുമെന്ന് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.