2016ൽ സേവനംതുടങ്ങിയതിനുശേഷം ഇതാദ്യമായി റിലയൻസ് ജിയോയുടെ വരിക്കാരുടെ എണ്ണത്തിൽ ഇടിവ് രേഖപ്പെടുത്തി. ജൂലായ്-സെപ്റ്റംബർ പാദത്തിൽ 1.11 കോടി വരിക്കാരാണ് ജിയോക്ക് നഷ്ടമായത്. 

കോവിഡിന്റെ രണ്ടാംതരഗത്തെതുടർന്ന് താഴ്ന്ന വരുമാനക്കാരിൽ പലരും കണക്ഷൻ ഉപേക്ഷിച്ചതാണ് കാരണമായി കമ്പനി വിലയിരുത്തുന്നത്. വരിക്കാരുടെ എണ്ണത്തിൽ കുറവുണ്ടായതോടൊപ്പം മൊത്തംവരുമാനത്തിലും ഇടിവുണ്ടായതായി കഴിഞ്ഞ ദിവസം പുറത്തുവിട്ട റിലയൻസിന്റെ പാദഫലത്തിൽ പറയുന്നു.

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)ഈയിടെ പുറത്തുവിട്ട കണക്കുപ്രകാരം ജിയോയുടെ സജീവ വരിക്കാരുടെ എണ്ണം 80ശതമാനത്തിൽതാഴെയാണ്. ഭാരതി എയർടെലിന്റേത് 98ശതമാനവും വോഡാഫോൺ ഐഡിയയുടേത് 87ശതമാനവുമാണ്. 

ഇതോടെ അടുത്തകാലത്തൊന്നും താരിഫിൽ വർധനവുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. വരുമാനവർധനവിനായി ഭാരതി എയർടെൽ, ഐഡിയ വോഡാഫോൺ എന്നീ കമ്പനികൾ താരിഫ് വർധനവുമായി മുന്നോട്ടുപോയിരുന്നു. വരിക്കാരെ നഷ്ടപ്പെടുന്നത് അതിൽനിന്ന് പിൻവാങ്ങാൻ കമ്പനികളെ പ്രേരിപ്പിച്ചേക്കാം.