ന്യൂഡൽഹി: റിലയൻസിന്റെ ടെലികോം സംരംഭമായ ജിയോ വിപണിയിലെത്തി ഒരു വർഷം കൊണ്ട് 13 കോടി ഉപഭോക്താക്കളെ നേടി. ഇന്ത്യയിലും ആഗോള തലത്തിലും ജിയോ ഒട്ടേറെ റെക്കോഡുകൾ കൈവരിച്ചിരിക്കുകയാണെന്ന് ജീവനക്കാർക്ക് അയച്ച കത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു.

കഴിഞ്ഞ സെപ്റ്റംബർ അഞ്ചിനാണ് റിലയൻസ് ജിയോ വാണിജ്യാടിസ്ഥാനത്തിൽ വിപണിയിലെത്തിയത്. 90 ദിവസത്തേക്ക് പരിധിയില്ലാത്ത സൗജന്യ 4 ജി ഇന്റർനെറ്റ്, സൗജന്യ വോയ്‌സ് കോളുകൾ തുടങ്ങിയ ഒട്ടേറെ ഓഫറുകളുമായായിരുന്നു ആരംഭം.

ജിയോയുടെ വരവ് ഇന്റർനെറ്റ് ഡേറ്റ നിരക്കുകൾ കുത്തനെ കുറയാൻ ഇടയാക്കി. രാജ്യത്ത് മൊത്തം മൊബൈൽ ഇന്റർനെറ്റ് ഉപയോഗം വൻതോതിൽ കൂടാനും ജിയോയുടെ വരവ് വഴിവച്ചു.