സ്വർണത്തിൽ നിക്ഷേപിക്കാനും ആഭരണമായി സ്വന്തമാക്കാനും 100 രൂപ മതി. പലപ്പോഴായി 100 രൂപ വീതം നിക്ഷേപിച്ച് ഒരുഗ്രാമിന് തുല്യമായ നിക്ഷേപമായാൽ നാണയമായോ ആഭരണമായോ തിരിച്ചെടുക്കാം. വീട്ടിലിരുന്നുകൊണ്ടുതന്നെ ഡിജിറ്റൽ ഗോൾഡിൽ നിക്ഷേപിക്കാനും നിക്ഷേപം തിരിച്ചെടുക്കാനുംസാധിക്കും.  

ഡിജിറ്റൽ ഗോൾഡ് വില്പന രാജ്യത്ത് പുതുമയുള്ളതല്ല. മൊബൈൽ വാലറ്റുകളും വേൾഡ് ഗോൾഡ് കൗൺസിലിന്റെ പിന്തുണയോടെ സേഫ്‌ഗോൾഡുമൊക്കെ ചെറിയതുകക്കുപോലും സ്വർണത്തിൽ നിക്ഷേപിക്കാൻ സൗകര്യമൊരുക്കി ഡിജിറ്റൽ ഗോൾഡ് പദ്ധതി വാഗ്ദാനംചെയ്യുന്നുണ്ട്. 

ജൂവലറികൾ ഇതാദ്യമായാണ് ഡിജിറ്റൽ ഗോൾഡ് നിക്ഷേപത്തിന് സൗകര്യമൊരുക്കുന്നത്. ടാറ്റാ ഗ്രൂപ്പിന്റെ തനിഷ്‌ക്, കല്യാൺ ജുവലേഴ്‌സ് ഇന്ത്യ ലിമിറ്റഡ്, പിസി ജുവല്ലർ ലിമിറ്റഡ്, സെൻകോ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് എന്നിവ ഈരംഗത്ത് ചുവടുറപ്പിച്ചുകഴിഞ്ഞു. ഓൺലൈനായോ ഷോറൂമുകൾവഴിയോ നിക്ഷേപത്തിനുള്ള സൗകര്യമാണ് ഇവർ ഒരുക്കിയിട്ടുള്ളത്. 

ഓഗ്മോണ്ടുമായി ചേർന്നാണ് കല്യാൺ ജുവലേഴ്‌സ് ഡിജിറ്റൽ ഗോൾഡ് പദ്ധതി അവതരിപ്പിച്ചിട്ടുള്ളത്. കോവിഡ് വ്യാപനത്തെതുടർന്ന് ദീർഘകാലം ഷോറൂമുകൾ അടച്ചിടേണ്ടിവന്നപ്പോൾ ജുവലറികൾ ഓൺലൈൻ സാധ്യതകൾ പ്രയോജനപ്പെടുത്തിയിരുന്നു.