കണ്ണൂര്‍: പതിനഞ്ചാം വയസ്സില്‍ ഐ.ടി. കമ്പനി. പ്ലസ്ടു പിന്നിടുംമുമ്പ് ശമ്പളത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. പത്തൊമ്പതാം വയസ്സില്‍ വാടകവീട്ടില്‍നിന്നുമാറി അരക്കോടിക്കുമുകളില്‍ ചെലവിട്ട് സ്വന്തമായി വീട്. പത്താംക്ലാസ്മുതല്‍ സ്വപ്‌നമായി കൊണ്ടുനടന്ന ബി.എം.ഡബ്ല്യു. കാര്‍... മുനകൂര്‍പ്പിച്ച ലക്ഷ്യങ്ങള്‍ ഒന്നൊന്നായി പിന്നിടുകയാണ് കണ്ണൂര്‍ വാരം സ്വദേശിയായ പി.എന്‍.എം. ജവാദ് എന്ന ഇരുപത്തൊന്നുകാരന്‍.

ജവാദ് എം.ഡി.യായ ടി.എന്‍.എം. ഓണ്‍ലൈന്‍ സൊലൂഷന്‍സ് എന്ന വെബ്ഡിസൈനിങ് കമ്പനിക്ക് ഇന്ന് 20 രാജ്യങ്ങളില്‍ ഇടപാടുകാരുണ്ട്. കണ്ണൂരിലും ബെംഗളൂരുവിലും ദുബായിലുമായി 120 ജീവനക്കാരാണ് ഇന്ന് ഈ സ്ഥാപനത്തിലുള്ളത്.

വാരം 'അല്‍ഫിദ'യില്‍ ടി.എന്‍.എ. ഖാദറിന്റെയും ഫരീദാ ഖാദറിന്റെയും മൂത്തമകനാണ് മുഹമ്മദ് ജവാദ്. അഞ്ചാംക്ലാസില്‍ പഠിക്കുമ്പോള്‍ ഉപ്പ വാങ്ങിക്കൊടുത്ത കംപ്യൂട്ടറില്‍ തമാശയ്ക്കുതുടങ്ങിയ പഠനമാണ് ജവാദിന്റെ വളര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

പത്താംക്ലാസ്വരെ രാവും പകലും കംപ്യൂട്ടറിനുമുന്നില്‍ സമയം ചെലവിട്ടു. തോട്ടട എസ്.എന്‍. ട്രസ്റ്റ് സ്‌കൂളിലായിരുന്നു പ്ലസ്ടു. കണ്ണൂര്‍ മുനിസിപ്പല്‍ കോംപ്ലക്‌സില്‍ സ്വന്തമായി സ്ഥാപനം തുടങ്ങിയപ്പോള്‍ അതിന്റെ എം.ഡി. എത്തിയത് സ്‌കൂള്‍ യൂണിഫോമിലായിരുന്നു. കോളേജിലെത്തുമ്പോഴേക്ക് രണ്ട് ഡിസൈനര്‍മാരെകൂടി ജോലിക്കുവെച്ചു. കോളേജ് വിട്ട് നേരെ സ്ഥാപനത്തിലെത്തും. രാത്രി ഒമ്പതിന് അവസാനത്തെ ബസിലാണ് വീട്ടിലെത്തിയിരുന്നത്. ഉമ്മ ഫരീദ മകന് എല്ലാ പിന്തുണയുംനല്‍കി പ്രോത്സാഹിപ്പിച്ചു.

പ്ലസ്ടു കഴിഞ്ഞപ്പോള്‍ ഒരിക്കല്‍ അപ്രതീക്ഷിതമായി ഒരു ഫോണ്‍കോളെത്തി. ഏറ്റവും പ്രായംകുറഞ്ഞ സംരംഭകനെന്ന നിലയില്‍ ജിം വ്യവസായ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സര്‍ക്കാരില്‍നിന്നായിരുന്നു ഫോണ്‍കോള്‍. പിന്നീട് യങ് എന്റര്‍പ്രണേഴ്‌സ് സമ്മിറ്റിലേക്കും ക്ഷണം കിട്ടി.

2013 ജൂണില്‍ കണ്ണൂര്‍ തളാപ്പില്‍ ഓഫീസ് വിപുലമാക്കി. വെബ് ഡിസൈനിങ്, ആപ് ഡെവലപ്പിങ് എന്നിവയിലായിരുന്നു ശ്രദ്ധ. പിന്നീട് ബെംഗളൂരുവില്‍ ശാഖ ആരംഭിച്ചു. പോര്‍ട്ടല്‍കൂടി തുടങ്ങിയതോടെ ജീവനക്കാരുടെ എണ്ണം നൂറുകവിഞ്ഞു.

കഴിഞ്ഞവര്‍ഷം ദുബായില്‍ ശതകോടീശ്വരനും ഐ.ടി.എല്‍. ഗ്രൂപ്പ് ചെയര്‍മാനുമായ റാംബുക്‌സാനിയില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഇരുപതോളം കോടീശ്വരന്‍മാരായ ബിസിനസുകാര്‍ പങ്കെടുത്ത ചടങ്ങില്‍ ഔട്ട്സ്റ്റാന്‍ഡിങ് അച്ചീവ്‌മെന്റ് ഇന്‍ യങ് വിഭാഗത്തിലായിരുന്നു ജവാദിന് അംഗീകാരം.