ഗുഡ്ഗാവ്: ആഗോള ടെക് കമ്പനിയായ ആപ്പിൾ, കഴിഞ്ഞ മാസം പുറത്തിറക്കിയ മോഡലുകളിലൊന്നായ ഐ ഫോൺ ടെൻ ആറിന്റെ ഉത്പാദനം നിർത്തുന്നു. ഐ ഫോൺ ടെൻ എസ്, ടെൻ എസ് മാക്സ് എന്നീ മോഡലുകൾക്കൊപ്പമാണ് ടെൻ ആർ പുറത്തിറക്കിയത്.

ഈ രണ്ടു മോഡലുകളെക്കാൾ വിലക്കുറവാണ് ടെൻ ആറിന്. പ്രതീക്ഷിച്ച വിൽപ്പന കിട്ടാത്തതിനാലാണ് ഉത്പാദനം നിർത്തുന്നതെന്നാണ് സൂചന. ആപ്പിളിനു വേണ്ടി കരാർ അടിസ്ഥാനത്തിൽ ഐ ഫോണുകൾ ഉത്പാദിപ്പിക്കുന്ന ഫോക്സ്‌കോൺ, പെഗാട്രോൺ എന്നീ കമ്പനികളുടെ ടെൻ ആർ കൂടുതൽ വേണ്ടെന്ന് അറിയിച്ചു കഴിഞ്ഞു. അഞ്ചു വർഷം മുമ്പ്, ഐ ഫോൺ 5സി വിപണിയിൽ അവതരിപ്പിച്ച് ഒരു മാസത്തിനുള്ളിൽ നിർത്തിയിരുന്നു.

ടെൻ എസ്, ടെൻ എസ് മാക്സ് എന്നീ മോഡലുകളെക്കാൾ വില കുറവായതിനാൽ ടെൻ ആറിന് മികച്ച വിൽപ്പനയാണ് ആപ്പിൾ പ്രതീക്ഷിച്ചിരുന്നത്. ഇതുകാരണം മറ്റു രണ്ടു മോഡലുകളും ഇറങ്ങിക്കഴിഞ്ഞ ശേഷമാണ് ഇത് വിപണിയിലെത്തിച്ചത്. എന്നിട്ടും വിൽപ്പന പ്രതീക്ഷിച്ച നിലയിൽ കൂടാത്തതാണ് ഉത്പാദനം നിർത്താൻ കമ്പനിയെ പ്രേരിപ്പിച്ചത്. 77,000 രൂപയ്ക്ക് അവതരിപ്പിച്ച മോഡലിന്റെ വില ഇതിനോടകം കൂടുകയും ചെയ്തു. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് കാരണം.

ഐ ഫോണുകളുടെ വിൽപ്പന ആഗോള തലത്തിൽ ഇടിയുകയാണ്. കഴിഞ്ഞ പാദത്തിൽ ഇന്ത്യയിലും വിൽപ്പന കുറഞ്ഞു.