2021ല്‍ ഐപിഒവഴി കമ്പനികള്‍ 1.19 ലക്ഷം കോടി രൂപ സമാഹരിച്ചപ്പോള്‍ നിക്ഷേപക ബാങ്കുകള്‍ ഫീസിനത്തില്‍ സ്വന്തമാക്കിയത് 2,600 കോടി രൂപ. 

2017ലെ മുന്‍ റെക്കോഡിന്റെ നാലിരട്ടിയിലേറെതുകയാണ്, പ്രാരംഭ ഓഹരി വില്പനയ്ക്ക് നേതൃത്വം നല്‍കിയ ബാങ്കുകള്‍ ഈടാക്കിയത്. ഓണ്‍ലൈന്‍ പലചരക്ക് കടകള്‍, ഭക്ഷ്യവിതരണ സ്റ്റാര്‍ട്ടപ്പുകള്‍, ബ്യൂട്ടി സ്റ്റോറുകള്‍ ഉള്‍പ്പടെ 110ലധികം കമ്പനികളാണ് 2021 കലണ്ടര്‍വര്‍ഷം വിപണിയില്‍ ലിസ്റ്റ് ചെയ്തത്. 

വണ്‍ 97 കമ്യൂണിക്കേഷന്‍സ്, സൊമാറ്റോ, പോളിസി ബസാര്‍ തുടങ്ങിയ നിരവധി സ്റ്റാര്‍ട്ടപ്പുകളാണ് ഈവര്‍ഷം വിപണിയിലെത്തിയത്. രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വലിയ ഐപിഒയിലൂടെ പേടിഎം(വണ്‍ 97 കമ്യൂണിക്കേഷന്‍സ്) സമാഹരിച്ചത് 18,300 കോടി രൂപയാണ്. 

ഇതിനുമുമ്പ് ഏറ്റവുംകൂടുതല്‍ മൂലധന സമാഹരണംനടന്ന 2017ല്‍ 36 കമ്പനികള്‍ ചേര്‍ന്ന് 68,827 കോടി രൂപയാണ് സമാഹരിച്ചത്. 2020ലാകട്ടെ 15 കമ്പനികള്‍ ചേര്‍ന്ന് 26,613 കോടി രൂപയാണ് നേടി. 

table

2022ലും ഐപിഒ മുന്നേറ്റംതുടരുമെന്നുതന്നെയാണ് വിലയിരുത്തല്‍. രാജ്യത്തെ വിപണി കണ്ടതില്‍വെച്ചേറ്റവും വലിയ ഐപിഒയ്ക്കാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ തയ്യാറെടുക്കുന്നത്. അതൊടൊപ്പംതന്നെ ഒരുകൂട്ടം കമ്പനികളും വിപണിയിലെത്താനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നുണ്ട്.