മുംബൈ: അമേരിക്കൻ കമ്പനിയായ ടെസ്ലയടക്കം വിദേശ കമ്പനികളെ ഇളവുകളും സൗകര്യങ്ങളും നൽകി ഇന്ത്യയിൽ ഉത്പാദനം നടത്തുന്നതിന് എത്തിക്കാൻ കേന്ദ്രസർക്കാർനീക്കം. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുതലാക്കി 324 കമ്പനികളെ ഇന്ത്യയിൽ ഫാക്ടറി തുടങ്ങാനെത്തിക്കുകയാണ് ലക്ഷ്യമെന്ന് യു.എസ്. ആസ്ഥാനമായുള്ള ധനകാര്യസേവനസ്ഥാപനമായ ‘ബ്ലൂംബെർഗി’ന്റെ റിപ്പോർട്ടിൽ പറയുന്നു.
ഫാക്ടറിക്കുള്ള സ്ഥലം, വൈദ്യുതി, വെള്ളം, റോഡ് ഗതാഗതം തുടങ്ങിയ സൗകര്യങ്ങൾ സർക്കാർ ഉറപ്പാക്കും. കേന്ദ്ര വ്യവസായ, ആഭ്യന്തര വാണിജ്യ, നിക്ഷേപപ്രോത്സാഹന വകുപ്പ് ഇതിനായി തയ്യാറാക്കിയ കരട് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണിപ്പോൾ. ഇതിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
അമേരിക്കൻ ഫാർമ കമ്പനികളായ എലി ലില്ലി ആൻഡ് കമ്പനി, ഗ്ലാക്സോ സ്മിത്ലൈൻ, ദക്ഷിണ കൊറിയയിലെ ഹൻവ കെമിക്കൽ കോർപ്പറേഷൻ, തയ്വാനിലെ ഹോൺ ഹായ് പ്രെസിഷൻ ഇൻഡസ്ട്രി തുടങ്ങിയ കമ്പനികളാണ് പട്ടികയിലുള്ളത്. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാരത്തർക്കത്തിന്റെ പശ്ചാത്തലത്തിൽ പല കമ്പനികളും അവിടെനിന്ന് ഉത്പാദനം മറ്റു രാജ്യങ്ങളിലേക്കു മാറ്റാൻ ശ്രമിച്ചുവരികയാണ്. വിയറ്റ്നാമിലേക്കും മലേഷ്യയിലേക്കും പോകുന്ന കമ്പനികൾ ഇന്ത്യയെ അവഗണിക്കുന്നു. ഭൂമി ഏറ്റെടുക്കാനുള്ള ബുദ്ധിമുട്ടുകളും ഇവിടെയുള്ള തൊഴിൽനിയമങ്ങളുമാണ് ഈ കമ്പനികളെ ഇന്ത്യയിലെത്തിക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നത്.
ചുവപ്പുനാട ഒഴിവാക്കി കൂടുതൽ വിദേശനിക്ഷേപമെത്തിച്ച് രാജ്യത്തിന്റെ വളർച്ച രണ്ടക്കത്തിലെത്തിക്കുകയാണ് നടപടിയിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിപ്രകാരം വ്യവസായ ക്ലസ്റ്ററുകൾ രൂപവത്കരിക്കാൻ ഭൂമിബാങ്ക് തയ്യാറാക്കും. ഇതിൽ നിക്ഷേപം നടത്താനും പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ഇളവുകൾ നൽകാനും സർക്കാർ തയ്യാറാകും. അടിസ്ഥാനസൗകര്യങ്ങളും വികസിപ്പിച്ചുനൽകും. നിലവിൽ ഇന്ത്യയിൽ ഫാക്ടറികൾ സ്ഥാപിക്കുന്നതിന് കമ്പനികൾതന്നെ സ്ഥലം കണ്ടെത്തേണ്ട സ്ഥിതിയുണ്ട്. പലപ്പോഴും ഇത് സമയനഷ്ടമുണ്ടാക്കുന്നു. ചെറുകിട സ്ഥലമുടമകളുടെ സമ്മതം വാങ്ങുന്നതാണ് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇതെല്ലാം പരിഹരിച്ച് വ്യവസായസൗഹൃദാന്തരീക്ഷം ഒരുക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.