കൊച്ചി: പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത് 2021 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 426.81 കോടി രൂപ  വരുമാനം നേടി. 2019-20 സാമ്പത്തിക വർഷത്തെ 306.37 കോടിരൂപയിൽ നിന്ന് 39 ശതമാനമാണ് ഈ സാമ്പത്തിക വർഷത്തിലെ മൊത്തം വരുമാനത്തിലെ വർദ്ധനവ്. 

നികുതിക്ക് മുൻപുള്ള ലാഭം 69.62 കോടിരൂപയായിരുന്നത് 137 ശതമാനം വർദ്ധിച്ച് 165.18 കോടിരൂപയിലെത്തി. അറ്റാദായം 46.93 കോടി രൂപയായിരുന്നത് 163 ശതമാനം വർദ്ധിച്ച് 123 കോടിയിലെത്തി. 

നാലാം പാദത്തിലെ ആകെവരുമാനം 82.68 കോടിരൂപയായിരുന്നത് 48 ശതമാനം വർദ്ധിച്ച് 122.56 കോടി രൂപയിലെത്തി. നികുതിക്ക് മുൻപുള്ള ലാഭം ഇതേ പാദത്തിൽ 24.86 കോടിയിൽ നിന്ന് 92 ശതമാനം വർദ്ധിച്ച് 47.73 കോടിയിലെത്തി. നാലാം പാദത്തിലെ അറ്റാദായം 18.83 കോടിരൂപയായിരുന്നത് 95 ശതമാനം വർദ്ധിച്ച് 36.76 കോടിയിലെത്തി.

1 രൂപ മുഖവിലയുള്ള ഒരു ഓഹരിക്ക് 2 രൂപ (200%) എന്ന നിരക്കിൽ ഈ വർഷത്തെ അവസാന ലാഭവിഹിതം നൽകാൻ ബോർഡ്ശുപാർശചെയ്തു. 2020 നവംബറിൽ ബോർഡ് ഒരു ഓഹരിക്ക് 1.5 രൂപ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിരുന്നു. ഇതും ചേർത്ത്, 2020-21 വർഷത്തെ മൊത്തം ലാഭവിഹിതം 3.50 രൂപ (350%) നൽകാൻ ശുപാർശ ചെയ്തു.

കഴിഞ്ഞ വർഷം കോവിഡ് മഹാമാരി ഉയർത്തിയ കടുത്ത വെല്ലുവിളികളെ വിപണികൾ ശക്തമായി പ്രതിരോധിച്ചതായും വിപണിയിലെ അനുകൂലസാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ, ഞങ്ങൾക്ക് ഉപഭോക്താക്കളുടെഎണ്ണവും ഓൺലൈൻ ഓഫറുകളും വർദ്ധിപ്പിക്കുവാൻ സാധിച്ചതായും ജിയോജിത് എക്സിക്യൂട്ടീവ് ഡയറക്ടർ സതീഷ് മേനോൻ പറഞ്ഞു. 

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെഅവസാന പാദത്തിൽവരുമാനത്തിന്റെകാര്യത്തിൽമികച്ച പ്രകടനം കാഴ്ച വയ്ക്കാൻ ജിയോജിതിന് കഴിഞ്ഞു. ഉപഭോക്താക്കൾക്കായുള്ള ഓഫറുകൾ കൂടുതൽ വൈവിധ്യവത്കരിക്കുന്നതിനും സാന്നിധ്യം വിപുലീകരിക്കുന്നതിനും, ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസ് സെന്റേഴ്സ് അതോറിറ്റിക്ക് കീഴിൽ ആൾട്ടർനേറ്റീവ് ഫണ്ട് മാനേജർ എന്ന നിലയിൽ പ്രവർത്തിക്കാൻ ഒരു എ.എം.സി ലൈസൻസ് നേടുന്നതിനായി ഗിഫ്റ്റ് സിറ്റിയിൽ നിയന്ത്രണങ്ങൾക്കും അംഗീകാരങ്ങൾക്കും വിധേയമായിഒരു പ്രത്യേകവിഭാഗം രൂപീകരിക്കുന്നതിനുള്ള നിർദ്ദേശത്തിന് ബോർഡ് അംഗീകാരം നൽകി.

2021 മാർച്ച് 31 വരെയുള്ളകണക്ക് പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന ഇടപാടുകാരുടെ ആസ്തി 51,000 കോടി രൂപയാണ്. കഴിഞ്ഞ വർഷം 66,000 ത്തോളം പുതിയ ഇടപാടുകാരെ ചേർക്കാൻ കമ്പനിക്ക് സാധിച്ചു. ഇതോടെ, മൊത്തം ഇടപാടുകാരുടെ എണ്ണം 11,10,000 ആയി.