കൊച്ചി:  നിക്ഷേപ സേവന മേഖലയിലെ രാജ്യത്തെ പ്രമുഖ കമ്പനിയായ ജിയോജിത് 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചു. ആഗസ്റ്റ് 2ന് കൊച്ചിയില്‍ വച്ചു നടന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഫലം പ്രഖ്യാപിച്ചത്.

2018-19 സാമ്പത്തിക വര്‍ഷത്തിന്റെ ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 81 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവില്‍ 84 കോടി രൂപയായിരുന്നു മൊത്ത വരുമാനം. വരുമാനത്തില്‍ 4 ശതമാനം ഇടിവുണ്ടായി. നികുതി കഴിച്ചുള്ള ലാഭം 12 കോടി രൂപയാണ്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 16 കോടി രൂപയായിരുന്നു. 2018 ജൂണ്‍ 30ലെ കണക്കു പ്രകാരം കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 37,600 കോടി രൂപയാണ്. 

നിലവില്‍ ജിയോജിത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ സതീഷ് മേനോനെയും, ജിയോജിത് ടെക്‌നോളജീസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായ എ. ബാലകൃഷ്ണനെയും, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാക്കാന്‍ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായി.

ജിയോജിത് ടെക്‌നോളജീസിന്റെ മാനേജിങ് ഡയറക്ടറായ എ.ബാലകൃഷ്ണന്‍ ദുബായ് ആസ്ഥാനമായ ബര്‍ജീല്‍ ജിയോജിത് സെക്യൂരിറ്റീസിന്റെ ഡയറക്ടര്‍ കൂടിയാണ്. കഴിഞ്ഞ 20 വര്‍ഷമായി വിവര സാങ്കേതിക വിദ്യാ രംഗത്ത് ജിയോജിത്തിന് നേതൃത്വം നല്‍കുകയും ഡിജിറ്റല്‍ ധനകാര്യ സേവനങ്ങള്‍ വികസിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത വ്യക്തിയാണ് എ. ബാലകൃഷ്ണന്‍. ഇരുപത് വര്‍ഷം മുന്‍പ് ജിയോജിത്തില്‍ ചേര്‍ന്ന സതീഷ് മേനോന്‍ ജിയോജിത്തിന്റെ നിക്ഷേപ സേവന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറായി ഇപ്പോള്‍ നേതൃത്വം നല്‍കി വരുന്നു.

കുവൈത്ത് ആസ്ഥാനമായ ബി.ബി.കെ. ജിയോജിത് സെക്യൂരിറ്റീസിന്റെ ഡയറക്ടര്‍ കൂടിയാണ് സതീഷ് മേനോന്‍. ഇരുവരും കേരളാ മാനേജ്‌മെന്റ് അസോസിയേഷന്റെ 'മാനേജര്‍ ഓഫ് ദി ഇയര്‍' അവാര്‍ഡ് ലഭിച്ച മുന്‍നിര മാനേജര്‍മാരാണ്.