ന്യൂഡല്‍ഹി: ഫ്യൂച്ചര്‍ റീട്ടെയിലിന് ആശ്വാസമായി ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. ഫ്യൂച്ചര്‍ റീട്ടെയില്‍-റിലയന്‍സ് കരാര്‍ വിലക്കിക്കൊണ്ടുള്ള ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷന് ബെഞ്ച് സ്റ്റേചെയ്തത്.
സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചോദ്യംചെയ്ത് ഫ്യൂച്ചര്‍ ഗ്രൂപ്പ് നല്കിയ അപ്പീലിലാണ് ജസ്റ്റിസ് ജസ്മീത് സിങ്, ജസ്റ്റിസ് ഡി.എന്‍ പ്ട്ടേല്‍ എന്നിവരടങ്ങിയ ബഞ്ചിന്റെ സ്റ്റേ. ഇതുമായി ബന്ധപ്പെട്ട് ആമസോണിന് നോട്ടീസയക്കാനും ഉത്തരവിട്ടു. കൂടുതല്‍ വാദംകേള്‍ക്കാനായി ഹര്‍ജി ഏപ്രില്‍ 30ലേക്ക് മാറ്റി.
കിഷോര്‍ ബിയാനി ഉള്‍പ്പടെയുള്ളവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള ഉത്തരവും സ്റ്റേചെയ്തിട്ടുണ്ട്. ഫ്യൂച്ചര്‍ ഗ്രൂപ്പ് റീട്ടെയില്‍-മൊത്തകച്ചവട ആസ്തികള്‍ റിലയന്‍സ് റീട്ടെയിലിന് 24,713 കോടി രൂപയ്ക്ക് വില്ക്കാന് കരാറിലെത്തിയതോടെയാണ് ആമസോണ്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്.
സിംഗപ്പൂര്‍ ആര്ബിട്രേഷന് കോടതിയില്‍നിന്ന് അവര്‍ അനുകൂലഉത്തരവും നേടി. 2019ല്‍ ഫ്യച്ചര്‍ കൂപ്പണിന്റെ 49ശതമാനം ഓഹരി ആമസോണ്‍ 1,500കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. 2020 ഓഗസ്റ്റ് 29നാണ് റിലയന്‍സുമായി ഫ്യൂച്ചര്‍ഗ്രൂപ്പ് കരാറിലെത്തിയത്. ഇതാണ് ഫ്യൂച്ചര്‍ ഗ്രൂപ്പും ആമസോണും തമ്മിലുള്ള നീണ്ട നിയമയുദ്ധത്തിലേയ്ക്കുനയിച്ചത്.