ബെംഗളൂരു: രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ഫ്ലിപ്കാര്‍ട്ടിന്റെ സഹ സ്ഥാപകനും ഗ്രൂപ്പ് സി.ഇ.ഒ.യുമായ ബിന്നി ബന്‍സാല്‍ രാജിവച്ചു. തന്റെ പെരുമാറ്റത്തെക്കുറിച്ച് കടുത്ത പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് രാജി.

പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ഫ്ലിപ്കാര്‍ട്ടും അതിന്റെ ഇപ്പോഴത്തെ ഉടമകളായ വാള്‍മാര്‍ട്ടും സ്വതന്ത്ര അന്വേഷണം ആരംഭിച്ചിരുന്നു. ആരോപണങ്ങള്‍ ബിന്നി ബന്‍സാല്‍ ശക്തമായി തള്ളിക്കളഞ്ഞെന്ന് മാതൃകമ്പനിയായ വാള്‍മാര്‍ട്ട് അറിയിച്ചു. എന്നാല്‍, അന്വേഷണം സുതാര്യമായി നിര്‍വഹിക്കുക എന്ന ഉത്തരവാദിത്വമുള്ളതിനാലാണ് അദ്ദേഹം അടിയന്തരമായി സ്ഥാനമൊഴിഞ്ഞതെന്ന് കമ്പനി വ്യക്തമാക്കി.

സുഹൃത്തുക്കളായ സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ചേര്‍ന്ന് 2007-ലാണ് ഫ്ലിപ്കാര്‍ട്ടിന് തുടക്കമിട്ടത്. നേരത്തെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ (സി.ഒ.ഒ.) ആയിരുന്ന ബിന്നി 2016-ലാണ് സി.ഇ.ഒ. ആയത്. 2017-ല്‍ ഗ്രൂപ്പ് സി.ഇ.ഒ.യുമായി. ഈ വർഷം ഫ്ലിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരികള്‍ അമേരിക്കന്‍ റീട്ടെയില്‍ കമ്പനിയായ വാള്‍മാര്‍ട്ട് സ്വന്തമാക്കി. ഇതോടെ, സച്ചിന്‍ ഓഹരികൾ വിറ്റൊഴിഞ്ഞ് കമ്പനിയിൽനിന്ന് പൂര്‍ണമായി പിന്മാറി. എന്നാല്‍, ബിന്നി ഗ്രൂപ്പ് സി.ഇ.ഒ. സ്ഥാനത്ത് തുടരുകയായിരുന്നു. അദ്ദേഹത്തിന് കമ്പനിയില്‍ അഞ്ച്‌ ശതമാനത്തിലേറെ ഓഹരിയുണ്ട്.