ഇലോണ്‍ മസ്‌ക് എങ്ങനെ ലോകത്തെ കോടീശ്വരന്മാരില്‍ ഒന്നാമനായി? അദ്ദേഹത്തെപ്പോലും ഞെട്ടിച്ചുകൊണ്ടാണ് ബ്ലൂംബര്‍ഗിന്റെ സമ്പന്നപട്ടികയില്‍ ജെഫ് ബെസോസിനെപ്പോലും പിന്നിലാക്കി ഒന്നാമതെത്തിയത്.
പട്ടികയിലെ തത്സമയ ആസ്തി പ്രകാരം 195 ബില്യണ്‍ യുഎസ് ഡോളറാണ് ഇലോണ്‍ മസ്‌കിന് സ്വന്തമായുള്ളത്. 2017 മുതല്‍ സമ്പന്നരില്‍ മുമ്പനായിരുന്ന ജെഫ് ബെസോസിനെ കോവിഡ് പ്രതിസന്ധിക്കിടയിലാണ് മസ്‌ക് പിന്നോട്ടാക്കിയത്. 187 ബില്യണ്‍ ഡോളറാണ് ബെസോസിന്റെ ആസ്തി.
വിപണിയിലെ ചാഞ്ചാട്ടംമൂലം ആമസോണ്‍ സ്ഥാപകനായ ബെസോസിന്റെ ആസ്തിയില്‍ കാര്യമായ മുന്നേറ്റമുണ്ടായില്ല. അതേസമയം, ടെസ് ലയുടെ ഓഹരി വില കുതിച്ചതോടെ മസ്‌കിന്റെ ആസ്തി റോക്കറ്റുപോലെ കുതിക്കുകയുംചെയ്തു.
അടുത്തിടെയുണ്ടായ ടെസ് ലയുടെ ഓഹരി വിലയിലെ മുന്നേറ്റമാണ് ഇലോണ്‍ മക്‌സിനെ ബ്ലൂംബര്‍ഗ് കോടീശ്വരപട്ടികയില്‍ ഒന്നാമനാക്കിയത്. ഓഹരി വില 4.8ശതമാനംകൂടി കുതിച്ചതോടെ ബെസോസ് പിന്നിലായി. വെറും 12 മാസംകൊണ്ട് ഇലോണ്‍ മക്‌സിന്റെ ആസ്തിയിലുണ്ടായ വര്‍ധന 157 ബില്യണ്‍ ഡോളറാണ്. അതായത് 2020ന്റെ തുടക്കത്തില്‍ 38 ബില്യണ്‍ ഡോളര്‍മാത്രമായിരുന്നു മസ്‌കിന്റെ ആസ്തി.

ഇ.വിയുടെ ലോകത്തെ അതിവേഗകുതിപ്പാണ് ടെസ് ലയെ നിക്ഷേപകര്‍ക്ക് പ്രിയപ്പെട്ട ഓഹരിയാക്കിയത്. നിലവില്‍ ടെസ് ലയില്‍ 20ശതമാനം ഓഹരി പങ്കാളിത്തമാണ് അദ്ദേഹത്തിനുള്ളത്. സ്റ്റോക്ക് ഓപ്ഷന്‍സായി 40 ബില്യണ്‍ ഡോളറും അദ്ദേഹത്തിന് സ്വന്തമാണ്.
2020 ജനുവരിയില്‍ 98.43 ഡോളറായിരുന്ന ഓഹരി വില 2021 ജനുവരി ഏഴായപ്പോള്‍ 816 ഡോളറായാണ് ഉയര്‍ന്നത്. ഓഹരി വില ഇനിയും കുതിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. അതുകൊണ്ടുതന്നെ ഓഹരി കൈവശമുള്ളവര്‍ താല്‍ക്കാലികനേട്ടത്തിനായി വിറ്റ് ലാഭമെടുക്കരുതന്ന് ഇവര്‍ പറയുന്നു.
ബെസോസിന്റെ ആസ്തി
2017 ഒക്ടോബര്‍ മുതല്‍ ജെഫ് ബെസോസായിരുന്നു ലോക കോടീശ്വരന്മാരില്‍ മുന്നില്‍. ആമസോണില്‍ 50 മില്യണ്‍ ഓഹരികളാണ് ബെസോസിനുള്ളത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ബെസോസിന്റെ ആസ്തി 200 ബില്യണ്‍ ഡോളറിലേയ്‌ക്കെത്തിയിരുന്നു. എന്നാലിപ്പോഴത് 184 ബില്യണ്‍ ഡോളിലേയ്ക്ക് താഴുകയും ചെയ്തു. കോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള പ്രതിസന്ധിയാണ് ബെസോസിന്റെ ആസ്തിയെ ബാധിച്ചത്.
രാജ്യത്ത് 100 ബില്യണ്‍ ഡോളറിലേറെ ആസ്തിയുള്ളമറ്റുള്ളവര്‍ ബില്‍ ഗേറ്റ്‌സും മാര്‍ക്ക് സക്കര്‍ബര്‍ഗുമാണ്. ഇവരെല്ലാം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കോടികളാണ് നീക്കിവെച്ചത്. എന്നാല്‍ മസ്‌ക് ഇക്കാര്യത്തില്‍ പിന്നിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
I am selling almost all physical possessions. Will own no house.
— Elon Musk (@elonmusk) May 1, 2020
വീട് ഉള്‍പ്പടെയുള്ള ഫിസിക്കല്‍ ആസ്തികളെല്ലാം 2020ല്‍ ഇലോണ്‍ മസ്‌ക് വിറ്റൊഴിഞ്ഞിരുന്നു. 2020 മെയ് ഒന്നിന് ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം ട്വീറ്റ്‌ചെയ്യുകയുംചെയ്തു. കമ്പനികളുടെ ഓഹരികളൊഴികെ ഒന്നും അദ്ദേഹത്തിന് സ്വന്തമായില്ല. വീട് വിറ്റ അദ്ദേഹം കാറ് കമ്പനിയുടെ ഫാക്ടറിയോട് ചേര്‍ന്നുള്ള ഒഫീസിലാണ് താമസിച്ചിരുന്നത്. കുട്ടികള്‍ക്ക് താമസിക്കാനായി വാടകവീടെടുത്ത് നല്‍കുകയുംചെയ്തു. ഓഹരി നിക്ഷേപത്തിന്റെ സാധ്യതകളാണ് മസ്‌കിനെ കോടീശ്വരനാക്കിയതെന്നകാര്യത്തില്‍ സംശയമില്ല.
Elon Musk steals 'world’s richest title' from Jeff Bezos; see how