മുംബൈ: ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ഓഹരികളും ഡീമാറ്റ് രൂപത്തിലാക്കാന്‍ നിര്‍ദേശം. 

ഏറെ ശ്രമകരമായ പദ്ധതിയായതിനാല്‍ പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ ഓഹരികളാകും ആദ്യം ഇലക്ട്രോണിക് രൂപത്തിലാക്കുക. 

കോര്‍പ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം ഇക്കാര്യത്തില്‍ ഡെപ്പോസിറ്ററികളുമായി ചര്‍ച്ച നടത്തിവരികയാണ്. 

കള്ളപ്പണം തടയുക, ഓഹരി കൈമാറ്റത്തിനിടെ നടക്കുന്ന തട്ടിപ്പ്, മോഷണം എന്നിവ തടയുക തുടങ്ങിയവയാണ് ലക്ഷ്യം. നികുതി വെട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുമുള്ള കടലാസ് കമ്പനികളുടെ നില ഇതോടെ പരിങ്ങലിലാകും. 

നിലവില്‍ രാജ്യത്ത് 70,000ത്തോളം പബ്ലിക് ലിമിറ്റഡ് കമ്പനികളും 10 ലക്ഷത്തോലം പ്രൈവറ്റ് ലിമിറ്റഡ് കമ്പനികളുമാണ് ഉള്ളത്.

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളാകട്ടെ 6,000വുമാണ്. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളെല്ലാംതന്നെ ഡിമെറ്റീരിയലൈസ് ചെയ്യണമെന്ന് സെബി വ്യവസ്ഥ ചെയ്തിട്ടുണ്ട്.