കൊച്ചി: കേരളം ആസ്ഥാനമായ സി.എസ്.ബി. ബാങ്ക് 2021-22 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) 61 കോടി രൂപ അറ്റാദായം നേടി. മുൻ വർഷം ഇതേ കാലയളവിലെ 53.56 കോടി രൂപയെക്കാൾ 13.9 ശതമാനം വളർച്ച.

മൊത്തം വായ്പയിൽ സ്വർണപ്പണയത്തിന്റെ വിഹിതം 37.9 ശതമാനമായി ഉയർത്താൻ കഴിഞ്ഞിട്ടുണ്ട്. ഈ വിഭാഗത്തിൽ കിട്ടാക്കടമുണ്ടെങ്കിലും ലോക്ഡൗൺ മാറിയതോടെ തിരിച്ചടവ് കൂടിയിട്ടുണ്ടെന്ന് സി.എസ്.ബി. ബാങ്ക് മാനേജിങ് ഡയറക്ടർ സി.വി.ആർ. രാജേന്ദ്രൻ പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങൾ നീങ്ങുന്നതോടെ ഇരുചക്ര വാഹനം, എം. എസ്.എം.എസ്. തുടങ്ങിയ മേഖലകളിലെ വായ്പകളിൽ ഡിമാൻഡ് കൂടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കിട്ടാക്കടം, ഭാവിയിൽ വരാവുന്ന മറ്റു വെല്ലുവിളികൾ എന്നീ ഇനങ്ങളിൽ 98.26 കോടി രൂപ വകയിരുത്തി. മൊത്തം കിട്ടാക്കടം വായ്പയുടെ 4.88 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 3.21 ശതമാനമായും ഉയർന്നു.

കോവിഡിന്റെ രണ്ടാം വ്യാപനം തടയാനുള്ള അടച്ചിടൽ മൂലം ബാങ്ക് ശാഖകളുടെ വിപുലീകരണ പദ്ധതിയെ ബാധിച്ചിട്ടുണ്ടെങ്കിലും ഈ സാമ്പത്തിക വർഷം 200 ശാഖകൾ പുതുതായി തുറക്കാനാണ് ലക്ഷ്യമിടുന്നത്.