കൊച്ചി: തുടർച്ചയായി നഷ്ടത്തിലായിരുന്ന സി.എസ്.ബി. ബാങ്ക് 2019-20 സാമ്പത്തിക വർഷം 12.72 കോടി രൂപ അറ്റാദായം നേടി.

കിട്ടാക്കടത്തിനായി കൂടുതൽ തുക വകയിരുത്തുകയും ഉയർന്ന അക്കൗണ്ടിങ് രീതിയിലേക്ക് മാറിയതും കുറഞ്ഞ നികുതി നിരക്കിലേക്ക് മാറിയതുമാണ് ലാഭം ഈ നിലയിൽ ഒതുങ്ങാൻ കാരണം. അല്ലെങ്കിൽ 100 കോടി രൂപ കടക്കുമായിരുന്നുവെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി. 2018-19-ൽ 197.42 കോടി രൂപയുടെ അറ്റ നഷ്ടത്തിലായിരുന്നു ബാങ്ക്.

പ്രവർത്തന ലാഭം 281 കോടി രൂപ എന്ന റെക്കോഡ് നിലയിലെത്തി. ബാങ്കിന്റെ മൊത്തം കിട്ടാക്കടം 531 കോടിയിൽനിന്ന് 409 കോടിയായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി, വായ്പയുടെ 1.9 ശതമാനത്തിലേക്ക് താഴ്ത്താനായി.

പലിശയിതര വരുമാനം മുന്‍വര്‍ഷമിതേ കാലയളവിലെ 136 കോടി രൂപയില്‍നിന്ന് 65 ശതമാനം വര്‍ധനയോടെ 222 കോടി രൂപയിലെത്തി. പ്രവര്‍ത്തനച്ചെലവ്  563 കോടി രൂപയില്‍നിന്നും 533 കോടി രൂപയായി റിപ്പോര്‍ട്ടിംഗ് വര്‍ഷത്തില്‍ കുറഞ്ഞു.

ബാങ്ക് വന്‍വികസനത്തിനും തയാറെടുക്കുകയാണ്. നടപ്പു വര്‍ഷം 103 ശാഖകള്‍ തുറക്കുവാനാണ് പദ്ധതി. സ്വര്‍ണപ്പണയം, കൃഷിയും മൈക്രോഫിനാന്‍സും, എംഎസ്എംഇ, കാസാ എന്നീ സാധ്യതകളുടെ അടിസ്ഥാനത്തിലായിരിക്കും ശാഖകള്‍ തുറക്കുക. ആദ്യവര്‍ഷംതന്നെ ഇവയില്‍ 75 ശതമാനവും ലാഭത്തിലേക്ക് എത്തുമെന്നാണ് കരുതുന്നത്.