കൊച്ചി: രാജ്യത്തെ പ്രമുഖ ഐടി സൊല്യൂഷന്‍സ് കമ്പനികളിലൊന്നായ കോഫോര്‍ജ് ലിമിറ്റഡ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദത്തില്‍ 1569 കോടി രൂപയുടെ വരുമാനം നേടി. മുന്‍ വര്‍ഷത്തെ കണക്കുകളെ അപേക്ഷിച്ച് 36 ശമതാനം വര്‍ധന.

ആദ്യ പാദത്തേക്കാള്‍ 7.4 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. നികുതി കഴിച്ചുള്ള വരുമാനത്തില്‍ മുന്‍ വര്‍ഷത്തെ രണ്ടാം പാദത്തെ അപേക്ഷിച്ച് 21.6 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്-146.7 കോടി രൂപ.

അടുത്ത പന്ത്രണ്ട് മാസത്തിനുള്ളില്‍ നടപ്പിലാക്കാവുന്ന മൊത്തം ഓര്‍ഡര്‍ ബുക്കിംഗ് 40.6 ശതമാനം വര്‍ദ്ധിച്ച് 68.80 ലക്ഷമായി. രണ്ടാം പാദത്തില്‍ ലഭിച്ച ഓര്‍ഡര്‍ 285 മില്യണ്‍ ഡോളറിന്റേതായിരുന്നു. 50 മില്യണ്‍ ഡോളറിന് മുകളിലുള്ള രണ്ടു വലിയ കരാറുകള്‍ ഇതിലുണ്ട്. ഈയിടെ ഏറ്റെടുത്ത എസ് എല്‍ കെ ഗ്ലോബലിലെ ജീവനക്കാര്‍ ഉള്‍പ്പെടെ കോഫോര്‍ജിലെ മൊത്തം ജീവനക്കാരുടെ എണ്ണം 20,786 ആയി ഉയര്‍ന്നു.

പ്രൊഡക്റ്റ് എഞ്ചിനീയറിംഗ്, ക്ലൗഡ്, ഡാറ്റ, ഓട്ടോമേഷന്‍, ഇന്റഗ്രേഷന്‍ കഴിവുകള്‍ എന്നിവയിലെ ഞങ്ങളുടെ നിക്ഷേപങ്ങള്‍ അടുത്ത വര്‍ഷം ഒരു ബില്യണ്‍ ഡോളറിലധികമാക്കാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുമെന്ന് കോഫോര്‍ജ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീര്‍ സിംഗ് പറഞ്ഞു. സപ്ലൈ പരിമിതവും ചെലവുകള്‍ വര്‍ധിക്കുന്നതുമായ പശ്ചാത്തലത്തില്‍ മാര്‍ജിനുകള്‍ ഗണ്യമായി മെച്ചപ്പെടുത്താന്‍ കഴിഞ്ഞത് ടീം കോഫോര്‍ജിന്റെ നിര്‍വ്വഹണ ശേഷിയുടെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.