ന്യൂഡൽഹി: എ.ജി.ആർ കുടിശ്ശിക വിഷയത്തിൽ പുനഃപരിശോധനയില്ലെന്ന് വ്യക്തമാക്കി ടെലികോം കമ്പനികളുടെ ഹർജി സുപ്രീംകോടതി തള്ളി. 

ഭാരതി എയർടെൽ, വോഡാഫോൺ ഐഡിയ, ടാറ്റ ടെലിസർവീസസ് എന്നീ കമ്പനികൾ നൽകിയ ഹർജിയാണ് ജസ്റ്റിസ് എൽ.എൻ റാവു, ഋഷികേശ്‌ റോയ് എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കിയത്. 

എജിആർ കുടിശ്ശിക വീണ്ടും കണക്കാക്കണമെന്ന അപേക്ഷയാണ് തളളിയത്. കുടിശ്ശിക കുറയ്ക്കാനുള്ള സാധ്യതയാണ് സുപ്രീംകോടതിയുടെ തീരുമാനത്തിലൂടെ ഇല്ലാതായത്. 

കുടിശ്ശിക നൽകുന്നതിന് കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീംകോടതി 10 വർഷത്തെ സമയം അനുവദിച്ചിരുന്നു. അതിനുശേഷമാണ് മൂന്ന് ടെലികോം കമ്പനികൾ ജൂലായ് 19ന് വീണ്ടുംകോടതിയെ സമീപിച്ചത്. 

കണക്കുകളിൽ പിശകുകളുണ്ടാകാമെന്നും അത് പരിഹരിക്കണമെന്നുമാവശ്യപ്പെട്ട് വോഡാഫോൺ ഐഡിയയാണ് പ്രധാനമായും രംഗത്തുവന്നത്. 

എജിആർ കുടിശ്ശിക വിഷയത്തിൽ പുനഃപരിശോധന നടത്തില്ലെന്നും ഇക്കാര്യത്തിൽ തർക്കമുന്നയിക്കാൻ കമ്പനികളെ അനുവദിക്കില്ലെന്നും സുപ്രീംകോടതിയിൽ ടെലികോം വകുപ്പ് സത്യവാങ്മൂലം നൽകിയിരുന്നു. 

ടെലികോം കമ്പനികൾക്കുമേൽ കേന്ദ്ര ടെലികമ്യൂണിക്കേഷൻസ് വകുപ്പ് ചുമത്തുന്ന സ്‌പെക്ട്രം യൂസേജ് ഫീസും ലൈസൻസ് ഫീസും ഉൾപ്പെടുന്നതാണ് എജിആർ. വിവിധ കമ്പനികൾ ഈയിനത്തിൽ 1.6 ലക്ഷം കോടി രൂപയാണ് കുടിശ്ശികയായി നൽകാനുള്ളത്.