
പാലക്കാട് കഞ്ചിക്കോട് വ്യവസായ കേന്ദ്രത്തിലെ ഇരുമ്പുരുക്ക് വ്യാപാര കമ്പനിയിൽ മടങ്ങിയെത്തിയ അതിഥി തൊഴിലാളികൾ ജോലി ആരംഭിച്ചപ്പോൾ | ഫോട്ടോ: ഇ.എസ്. അഖിൽ മാതൃഭൂമി
കോവിഡിനത്തുടര്‍ന്നുള്ള വിറ്റഴിക്കല്‍ കാരണമുണ്ടായ നഷ്ടങ്ങളില്‍നിന്ന് എല്ലാ വ്യാവസായിക ലോഹങ്ങളും ഈയിടെ പൂര്‍ണമായും മോചനംനേടി. ഡിമാന്റ് വര്‍ധിപ്പിക്കുന്നതിന് ഏറ്റവും വലിയ ഉപഭോക്തൃരാഷ്ട്രങ്ങള്‍ നടത്തിയ സമയോചിതമായ നടപടികളാണ് ലോഹവിലകള്‍ ഭദ്രമാക്കിയത്.
ഇതിനുപുറമേ കോവിഡ് വാക്സിന്റെ കാര്യത്തിലുള്ള ശുഭ പ്രതീക്ഷയും ഓഹരി വിപണിയിലെ നേട്ടങ്ങളും അമേരിക്കന്‍ ഡോളറിന്റെ ദുര്‍ബലാവസ്ഥയും വ്യാവസായികാടിസ്ഥാനത്തിലുള്ള എല്ലാ ഉല്പന്നങ്ങളുടേയും ലാഭത്തിന് പ്രചോദനമായിട്ടുണ്ട്.
മഹാമാരിയെത്തുടര്‍ന്നുണ്ടായ അടച്ചിടലും ഇതുകാരണം സാമ്പത്തിക പ്രവര്‍ത്തനങ്ങളിലുണ്ടായ മാന്ദ്യവും 2020ന്റെ ആദ്യ പാദത്തിലുടനീളം അടിസ്ഥാന ലോഹഓഹരികള്‍ ഗണ്യമായി താഴോട്ടുപോകാനിടയാക്കി. എന്നാല്‍ ഈയിടെ അവയിലേറെയും മഹാമാരിക്കുമുമ്പത്തെ അവസ്ഥയില്‍ തിരിച്ചെത്തുകയും ചെയ്തു.
പ്രധാന അളവുകോലായ ലണ്ടന്‍ മെറ്റല്‍ എക്സ്ചേഞ്ച് സൂചികയനുസരിച്ച് ഈവര്‍ഷം ഇതുവരെ 10 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയ ചെമ്പ്, നിക്കല്‍, സിങ്ക് എന്നീ ലോഹങ്ങളായിരുന്നു പ്രകടനത്തിന്റെ മുന്നില്‍. ഈയം, അലുമിനിയം വിലകളും 2020 ജനുവരിയിലെ വില നിലവാരത്തില്‍ തിരിച്ചെത്തി.
അഭ്യന്തര വിപണിയില്‍ ചെമ്പും സിങ്കുമാണ് ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. മാര്‍ച്ചിലെ താഴ്ചയില്‍നിന്ന് ഇവ ഓഗസ്റ്റില്‍ 60 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ഈവീണ്ടെടുപ്പു കാലത്ത് വിവിധോദ്ദേശ ഉല്പന്ന വിപണിയില്‍ (MCX) ചെമ്പ് സര്‍വകാല ഉയരങ്ങളിലെത്തിച്ചേര്‍ന്നു. യഥാക്രമം 40, 30 ശതമാനം വീതം നേട്ടമുണ്ടാക്കിയ നിക്കലും ഈയവുമാണ് തൊട്ടുപിന്നില്‍.
മാര്‍ച്ചിലെ താഴ്ചയില്‍ നിന്ന് 15 ശതമാനം മാത്രം നേട്ടമുണ്ടാക്കാന്‍ സാധിച്ച അലുമിനിയമാണ് ലാഭത്തില്‍ പിന്നില്‍. വാഹന മേഖലയില്‍ നിന്നുള്ള ആവശ്യകത കുറഞ്ഞതും വന്‍തോതില്‍ ഉണ്ടായ അത്യുല്‍പാദനവുമാണ് പ്രധാന കാരണങ്ങള്‍.
ചൈനീസ് ഡിമാന്റില്‍ തിരിച്ചുവരവുണ്ടായതുകാരണം 2020 മാര്‍ച്ച് അവസാനംതന്നെ വിലകളുടെ വീണ്ടെടുപ്പു തുടങ്ങിക്കഴിഞ്ഞിരുന്നു. ഇതര വന്‍സാമ്പത്തിക ശക്തികളായ യുഎസ്, ജപ്പാന്, യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഇടപെടലും വ്യാവസായിക ലോഹങ്ങളുടെ കുതിപ്പിനു രാസത്വരകമായി.
ആഗോള തലത്തില്‍ കേന്ദ്രബാങ്കുകള്‍ നയനിലപാടുകളില്‍ വരുത്തിയ ഇളവുകളുംകൊണ്ടുവന്ന ധനപരമായ ഉത്തേജന നടപടികളും വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ ഉത്തേജിപ്പിക്കുയും ഇക്കാരണത്താല്‍ ലോഹങ്ങളുടെ ആവശ്യം വര്‍ധിക്കുകയും ചെയ്തു. വ്യാവസായിക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് മാര്‍ച്ച് പകുതിയോടെ പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന 80 ബില്യണ്‍ ഡോളറിന്റെ ധനപരമായ ആശ്വാസനടപടികളും 559 ബില്യണ്‍ ഡോളറിന്റെ വില കുറയ്ക്കല്‍ നടപടികളും പ്രഖ്യാപിക്കുകയുണ്ടായി.
സമാനമായി യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്ക് പൂജ്യത്തിനടുത്തേക്കു എത്തിക്കുകയും സാമ്പത്തിക വീണ്ടെടുപ്പിനായി 2 ട്രില്യണ്‍ ഡോളറിന്റെ ഉത്തേജക പാക്കേജ് യുഎസ് കോണ്‍ഗ്രസ് പാസാക്കുകയും ചെയ്തു. യൂറോപ്യന്‍ കേന്ദ്ര ബാങ്കുകള്‍ മൊത്തം 1.6 ട്രില്യണ്‍ ഡോളറിന്റെ അടിയന്തിര പര്‍ചേയ്സ് പദ്ധതികള്‍ പ്രഖ്യാപിക്കുകയുണ്ടായി.
ലോകത്തിലെ ഏറ്റവുംവലിയ ലോഹ ഉപഭോക്താക്കളായ ചൈന, ഫാക്ടറികള്‍ തുറന്നതിനെത്തുടര്‍ന്ന് ഡിമാന്റ് വര്‍ധിച്ചതും വിലകളുടെ വീണ്ടെടുപ്പിനെ വലിയതോതില്‍ സഹായിച്ചു. ആദ്യ പാദത്തില്‍ ചൈനയിലെ വ്യവസായ വികസനം പ്രതികൂലവളര്‍ച്ച രേഖപ്പെടുത്തിയെങ്കിലും സ്ഥിതിഗതികള്‍ മെച്ചപ്പെടുകയും നിര്‍മ്മാണങ്ങള്‍ സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ ഓഗസ്റ്റില്‍ തുടര്‍ച്ചയായി ആറാംമാസവും വര്‍ധിക്കുകയും ചെയ്തു.
തുടര്‍ച്ചയായ അടച്ചിടലുകള്‍ കാരണം ഖനികളും ഉരുക്കു ശാലകളും തുറക്കാന്‍ കഴിയാതെവന്നപ്പോള്‍ ചെമ്പുപോലെയുള്ള ലോഹങ്ങള്‍ക്ക് വന്‍തോതില്‍ വിതരണ പ്രതിസന്ധിയുണ്ടായി. ചൈനീസ് ഉരുക്കിന്റെ ഡിമാന്റിനെത്തുടര്‍ന്ന് സിങ്ക്, നിക്കല്‍ എന്നവയ്ക്ക് കാര്യമായ നേട്ടമുണ്ടായി. ഫിലിപ്പൈന്‍സ്, കാനഡ, ഇന്തൊനേഷ്യ എന്നീ പ്രധാന കേന്ദ്രങ്ങളില്‍നിന്നുള്ള നിക്കലിന്റെ വരവുകുറഞ്ഞതും വിലയെതാങ്ങി നിര്‍ത്താന്‍ സഹായകമായി. ചൈനയില്‍ ആസിഡ് ബാറ്ററികള്‍ക്ക് ആവശ്യം വര്‍ധിച്ചത് വിലയില്‍ നേട്ടമുണ്ടാക്കാന്‍ ഏറെസഹായിച്ചു.
കൊറോണ കാരണമുണ്ടായ പ്രതിസന്ധിയില്‍നിന്ന് വ്യാവസായിക ലോഹങ്ങള്‍ മോചനം നേടിയതായാണ് വിലകളുടെ സമകാലികപ്രകടനം സൂചിപ്പിക്കുന്നത്. ഡിമാന്റ്-സപ്ളൈ ബല തന്ത്രത്തിലാവും വ്യാപാരികളുടെ പ്രധാന നോട്ടം എന്നതിനാല്‍ ഈ ഗതിവേഗം നിലനിര്‍ത്തുക ശ്രമകരമാണ്.
അടിസ്ഥാന ലോഹങ്ങളുടെ വിപണികള്‍ പലതിലും ആവശ്യത്തിലേറെ സാധനങ്ങള്‍ കെട്ടിക്കിടക്കുകയാണ്. മൊത്തത്തിലുള്ള ഡിമാന്റാകട്ടെ മഹാമാരിയുടെ മുമ്പത്തെ കാലത്തേതിനേക്കാള്‍ കുറവും. യുഎസും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തില്‍ അയവുവരാത്തതും അമേരിക്കന്‍ ഡോളറിന്റെ പ്രകടനവും ആശങ്കയ്ക്കു കാരണമാണ്.
മുന്തിയ ഉപഭോക്തൃ രാജ്യങ്ങളായ ചൈന, യുഎസ് എന്നിവിടങ്ങളിലും യൂറോപ്യന്‍ മേഖലയിലും വ്യവസായ വളര്‍ച്ച സുസ്ഥിരമായിത്തീരുന്നതിലൂടെ മാത്രമേ വീണ്ടെടുപ്പിന്റെ അടുത്ത ഘട്ടം സാധ്യമാകൂ എന്നുപറയാം.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഉല്പന്ന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..