ബാങ്കിങ് പ്രതിസന്ധിയും മാന്ദ്യഭീതിയും സ്വര്‍ണത്തിന്റെ വില ഇനിയും ഉയര്‍ത്തുമോ? 


By ഹരീഷ് വി.

2 min read
Read later
Print
Share

ദുര്‍ബലമായ യുഎസ് ഡോളര്‍, ആഗോള ഓഹരികളിലെ അനിശ്ചിതത്വം, ഏറ്റവും വലിയ ഉപഭോക്തൃ രാജ്യങ്ങളായ ഇന്ത്യയില്‍നിന്നും ചൈനയില്‍ നിന്നുമുള്ള കൂടിയ ഡിമാന്റ് എന്നിവയെല്ലാം ഭാവിയില്‍ സ്വര്‍ണ വില പുതിയ ഉയരങ്ങളിലെത്തിക്കും.

-

സാമ്പത്തിക പ്രതിസന്ധിക്കും സ്വര്‍ണവിലയ്ക്കും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ബന്ധമുണ്ട്. സമ്പദ് വ്യവസ്ഥയില്‍ അനിശ്ചിതത്വം ഉണ്ടാകുമ്പോള്‍ നിക്ഷേപകര്‍ സുരക്ഷിത ഇടംതേടി സ്വര്‍ണത്തിലേക്കു തിരിയുന്നു. ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധിയും മാന്ദ്യ ഭീതിയുമാണ് താരതമ്യേന സുരക്ഷിതമായ ആസ്തി എന്ന നിലയില്‍ ഇപ്പോള്‍ നിക്ഷേപകരെ സ്വര്‍ണത്തിലേക്കു തിരിയാന്‍ പ്രേരിപ്പിച്ചത്.

കഴിഞ്ഞ വാരം ലണ്ടന്‍ സ്പോട് എക്സ്ചേഞ്ചില്‍ സ്വര്‍ണവില ഔണ്‍സിന് 2000 ഡോളര്‍ ആയി ഉയര്‍ന്നു. 2022 മാര്‍ച്ചിനു ശേഷമുള്ള കൂടിയ നിരക്കായിരുന്നു ഇത്. അഭ്യന്തര വിപണിയിലും 10 ഗ്രാമിന് 60,455 എന്ന റെക്കോഡ് ഉയരത്തില്‍ വില എത്തി. കഴിഞ്ഞ വര്‍ഷം ജനുവരിയിലേതിനേക്കാള്‍ ഏഴു ശതമാനം വര്‍ധന.

നിരക്ക് വര്‍ധന തീര്‍ത്ത പ്രതിസന്ധി
യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്റെ പലിശ നിരക്കു വര്‍ധനയുമായി ബന്ധപ്പെട്ട അനിശ്ചിതത്വമാണ് വിലകളില്‍ വലിയ കുതിപ്പുണ്ടാകാന്‍ കാരണമായത്. യുഎസ് ബാങ്കിംഗ് മേഖലയിലുണ്ടായ പ്രതിസന്ധി പലിശ നിരക്ക് വര്‍ധനവില്‍നിന്നു വിട്ടുനില്‍ക്കാന്‍ ഫെഡിനെ പ്രേരിപ്പിക്കുമെന്ന ഊഹോപോഹങ്ങളുമുണ്ടായിരുന്നു. പലിശ നിരക്കു വര്‍ധന പൊതുവേ സ്വര്‍ണം പോലെ പലിശ രഹിത ആസ്തികള്‍ക്ക് ഗുണകരമാണ്. യുഎസ് കേന്ദ്ര ബാങ്ക് കഴിഞ്ഞ പണനയ സമിതി യോഗത്തില്‍ 25 ബിപിഎസിന്റെ വര്‍ധന ഏര്‍പ്പെടുത്തി. രണ്ടു യുഎസ് ബാങ്കുകളുടെ തകര്‍ച്ചയോടെ വായ്പാ ചിലവില്‍ ഇനി വര്‍ധന ഏര്‍പ്പെടുത്തുകയില്ലെന്ന് ഫെഡ് സൂചന നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏഴു തവണയാണ് പലിശ നിരക്കുയര്‍ത്തിയത്. 1980 നുശേഷം ഇങ്ങനെ തുടര്‍ച്ചയായ വര്‍ധന ഉണ്ടായിട്ടില്ല.

വിദേശ വിപണികളുടെ പ്രവണതകള്‍ക്കു പിന്നാലെ അഭ്യന്തര വിപണിയിലും സ്വര്‍ണ വില സര്‍വകാല റെക്കോഡിട്ടു. രാജ്യത്തെ കൂടിയ ഡിമാന്റും രൂപയുടെ മൂല്യത്തകര്‍ച്ചയും സ്വര്‍ണവില ഉയര്‍ത്തി നിര്‍ത്താന്‍ സഹായിച്ചു. 12 മാസത്തിനിടെ ഇന്ത്യയില്‍ സ്വര്‍ണവില 14 ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ 5 വര്‍ഷത്തില്‍ 95 ശതമാനം ലാഭമുണ്ടാക്കിയ സ്വര്‍ണം ഇന്ത്യന്‍ ഭവനങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട നിക്ഷേപ ഉത്പന്നമായിത്തീര്‍ന്നു. ഇപ്പോള്‍ അന്തര്‍ദേശീയ വിപണി വിലയേക്കാള്‍ കൂടുതലാണ് ഇന്ത്യയില്‍ സ്വര്‍ണ വില. രൂപയുടെ തകര്‍ച്ചയും ഇറക്കുമതിച്ചെലവിലുണ്ടായ വര്‍ധനയുമാണ് ഇതിനു കാരണം.

നേരിയതോതില്‍ ഉയര്‍ന്നെങ്കിലും 2018 നുശേഷം രൂപയുടെ മൂല്യത്തില്‍ 30 ശതമാനം ഇടിവു രേഖപ്പെടുത്തിയിട്ടുണ്ട്. രൂപയുടെ ഇടിവ് സ്വര്‍ണത്തിന്റെ ഇറക്കിമതിച്ചെലവു കൂട്ടും. സ്വര്‍ണത്തിന്റെ ചില്ലറ വില കൂടാന്‍ ഇതിടയാക്കും.

മികച്ച പിന്തുണ
ആഗോള സമ്പദ് വ്യവസ്ഥയില്‍ തുടരുന്ന നിശ്ചിതത്വം അന്തര്‍ ദേശീയ വിപണികളില്‍ സ്വര്‍ണത്തിന് മികച്ച പിന്തുണ നല്‍കും. ദുര്‍ബലമായ യുഎസ് ഡോളര്‍, ആഗോള ഓഹരികളിലെ അനിശ്ചിതത്വം, ഏറ്റവും വലിയ ഉപഭോക്തൃ രാജ്യങ്ങളായ ഇന്ത്യയില്‍നിന്നും ചൈനയില്‍ നിന്നുമുള്ള കൂടിയ ഡിമാന്റ് എന്നിവയെല്ലാം ഭാവിയില്‍ സ്വര്‍ണ വില പുതിയ ഉയരങ്ങളിലെത്തിക്കും.

അഭ്യന്തര വിപണിയിലെ വില സര്‍വകാല റെക്കാര്‍ഡില്‍ ആയതിനാല്‍ സാങ്കേതികമായ തിരുത്തലിന് ഇടയാക്കിയേക്കാമെങ്കിലും ബുള്‍ തരംഗം തുടരാന്‍ തന്നയാണ് സാധ്യത. ഉത്സവ സീസണിലെ വില്‍പനയും അടുത്ത മാസം വരാനിരിക്കുന്ന അക്ഷയതൃതീയയും സ്വര്‍ണത്തിന് ശക്തമായ പിന്തുണ നല്‍കും.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി വിഭാഗം മേധാവിയാണ് ലേഖകന്‍)

Content Highlights: Will the banking crisis and fears of a recession raise the price of gold ?

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

Most Commented