യുഎസ് ഡോളർ വീണ്ടും കരുത്താർജ്ജിക്കാൻ തുടങ്ങിയത്,  ഓഹരികളിലെ സ്ഥിരത, യുഎസ് ട്രഷറി ആദായത്തിലുണ്ടായ തിരിച്ചുവരവ്, കോവിഡ് വ്യാപനം എന്നീ ഘടകങ്ങളാണ് സ്വർണവിലയെ ഇപ്പോൾ  സ്വാധീനിച്ചുകൊണ്ടിരിക്കുന്നത്.

യുഎസ് ഡോളറിൽ പെട്ടെന്നുണ്ടായ കുതിപ്പ് സ്വർണത്തിന്റെ ആകർഷണീയതക്ക് മങ്ങലേൽപിച്ചു. സ്വർണ വിലയുടെ സൂചികയായി കണക്കാക്കുന്നത് യുഎസ് ഡോളർ ആകയാൽ യുഎസ് കറൻസിയുടെ ചലനങ്ങളുമായാണ് വിലയിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നത്. ആറു പ്രധാന കറൻസികളുമായി താരത്യപ്പെടുത്തുന്ന യുഎസ് ഡോളറിന് ഈവർഷം നല്ലതുടക്കമായിരുന്നു. ആദ്യപാദത്തിൽ ഉണ്ടാക്കിയ 4 ശതമാനംനേട്ടം മെയ് അവസാനത്തോടെ കളഞ്ഞുകുളിച്ചു. എന്നാൽ ആറു മാസത്തെ താഴ്ചയിൽനിന്നു പെട്ടെന്നു നടത്തിയ വീണ്ടെടുപ്പിലൂടെ ഈയിടെ ഡോളർ കരുത്തു വീണ്ടെടുത്തു.

ഡോളറിന്റെ കുതിപ്പ് സ്വാഭാവികമായും മറ്റുകറൻസികളെ ബാധിച്ചു. 5 മാസത്തെ ഉയർന്നനിലവാരത്തിൽനിന്ന യൂറോ മെയ്മാസത്തോടെ 4 ശതമാനം തിരുത്തൽനേരിട്ടു. ഇപ്പോൾ നാലുമാസത്തെ ഏറ്റവും താഴ്ന്നനിലയിലാണ്. ഡോളറിന്റെ കരുത്ത് ഇന്ത്യൻ രൂപയേയും ബാധിച്ചിട്ടുണ്ട്. ജൂൺ ആദ്യവാരത്തിനുശേഷം ഡോളറിന് 72.31 രൂപ എന്നതിൽ നിന്ന് 75.02 രൂപ വരെയായി രൂപയുടെ മൂല്യം. ആഭ്യന്തര ഉൽപന്നങ്ങൾക്ക് ഇത് ഗുണകരമാകുകയുംചെയ്തു. 

യുഎസ് ട്രഷറി ആദായത്തിലുണ്ടായ വർധന പലിശ രഹിത ആസ്തിയായ സ്വർണത്തെ സ്വാധീനിച്ചു. പുതിയ കോവിഡ് വൈറസിന്റെ ആഗമനത്തെതുടർന്ന് സമ്പദ് വ്യവസ്ഥയെ സഹായിക്കുന്നതിന് യുഎസ് കേന്ദ്ര ബാങ്ക് താഴ്ന്ന ഉദാര പലിശ നിരക്ക് തുടരുമെന്ന പ്രതീക്ഷയും ട്രഷറി യീൽഡിലെ കുതിപ്പിനു കാരണമായി. ഉത്തേജക പദ്ധതികൾ തുടരുന്നതിന് കേന്ദ്ര ബാങ്കുകൾ കൈക്കൊണ്ട നടപടികൾ സ്വർണത്തിന് ഗുണകരമാണ്. യുഎസ് കേന്ദ്ര ബാങ്ക് ബോണ്ട് വാങ്ങൽ പദ്ധതി കുറയ്ക്കുമെന്ന കിംവദന്തി പരന്നതോടെ സ്വർണം 6 ശതമാനം തിരുത്തലിനു വിധേയമായി. തൊഴിൽ സൃഷ്ടിക്കുന്നതിലുണ്ടായ കുറവ് യുഎസ് റിപ്പോർട്ടുകളിൽ പ്രത്യക്ഷപ്പെട്ടതോടെ ധനനയം കടുപ്പിക്കുന്നതിനുള്ള സാധ്യതമങ്ങി.

ചില വികസ്വരവിപണികളിൽ പ്രത്യക്ഷപ്പെട്ട കൂടുതൽശക്തിയുള്ള കോവിഡ് വൈറസിന്റെ സാന്നിധ്യം സുരക്ഷിത ആസ്തി എന്ന നിലയിലുള്ള സ്വർണത്തിന്റെ നിലനിൽപിന് പിന്തുണയേകി. സ്വർണത്തിന്റെ രണ്ടാമത്തെ ഏറ്റവും വലിയ ഉപഭോക്തൃരാജ്യമായ ഇന്ത്യയിലെ കോവിഡ് സ്ഥിതി ഇപ്പോൾ നിയന്ത്രണ വിധേയമാണെങ്കിലും സ്വർണത്തിന്റെ വിപണി ക്രയവിക്രയം ഇനിയും സാധാരണ നിലയിലെത്തിയിട്ടില്ല.

കോർപറേറ്റ് യീൽഡ് പ്രതീക്ഷ, ധനനയം, ആഗോള സാമ്പത്തിക വളർച്ച തുടങ്ങിയ സാമ്പത്തിക ചാലകങ്ങൾക്കനുസരിച്ചായിരിക്കും ഭാവിയിൽ സ്വർണ വിലയിൽ വ്യതിയാനങ്ങളുണ്ടാവുക. കൂടിയ ബോണ്ട് നേട്ടം അവസര ചിലവുകൾ വർധിപ്പിക്കുന്നതിനാൽ സ്വർണത്തെ സ്വാധീനിക്കും. യുഎസ് കേന്ദ്ര ബാങ്കിന്റെ നയനടപടികൾ യുഎസ് ഡോളറിനെ നേരിട്ടും സ്വാധീനിക്കും. യുഎസ് ഡോളർ ശക്തമാകുന്നത് മറ്റുകറൻസികൾ സൂക്ഷിക്കുന്നവർക്ക് സ്വർണ വിലയിൽ വർധനവുണ്ടാക്കും. തിരിച്ചും ഇതുതന്നെയാണ് സംഭവിക്കുക.

മികച്ച നിലയിൽ സാമ്പത്തിക വീണ്ടെടുപ്പുണ്ടാകുന്നതിനുള്ള സാധ്യതയ്ക്ക് പുതിയ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നത് മങ്ങലേൽപ്പിച്ചേക്കും. ധനരംഗത്തും വിപണിയിലും ചാഞ്ചല്യം ഉണ്ടാകുമ്പോൾ സുരക്ഷിത ആസ്തി എന്നനിലയിൽ ഇതു സ്വർണത്തിനു ഗുണകരമാവും. ദീർഘകാല പോർട്ഫോളിയോ വൈവിധ്യ വൽക്കരണത്തിന് ഏറ്റവും അനുയോജ്യമെന്നനിലയിലും പരിഗണിക്കപ്പെടുന്ന മഞ്ഞലോഹം വിലകൾക്കു താങ്ങാവുകയും ചെയ്യും.

സ്വർണത്തിന് ഇപ്പോൾ ലണ്ടൻ സ്പോട് വില ഔൺസിന് 1827 ഡോളറാണ്. വില 1645 ഡോളറിനു താഴെപ്പോകുന്നത് അശുഭ സൂചനയായി കാണേണ്ടിവരും. 

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി വിഭാഗം തലവനാണ് ലേഖകൻ)