യുഎസ് നയവും ചൈനയിലെ സാഹചര്യങ്ങളും ഉത്പന്നങ്ങളുടെ വിലയെ സ്വാധീനിക്കും


ഹരീഷ് വി.ഉത്പന്ന വിലകള്‍ ഈ വര്‍ഷവും അനിശ്ചിതത്വത്തില്‍ തുടരാനാണ് സാധ്യത. കൂടിയ തോതിലുള്ള ബാങ്കു നിരക്കുകളും കരുത്തുറ്റ യുഎസ് ഡോളറും അഭ്യന്തര വിപണിയില്‍ മാറ്റമുണ്ടാക്കാനിടയില്ല.

Photo: Gettyimages

ഷ്യ-യുക്രൈന്‍ യുദ്ധം, യുഎസ് കേന്ദ്ര ബാങ്കിന്റെ തുടര്‍ച്ചയായ പലിശ നിരക്കു വര്‍ധന, ചൈനയിലെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവ 2022ല്‍ ഉടനീളം ഉത്പന്ന വിലകളില്‍ ചാഞ്ചാട്ടമുണ്ടാക്കിക്കൊണ്ടിരുന്നു. ഫെബ്രുവരി അവസാന വാരം റഷ്യ യുക്രെയിനെ ആക്രമിച്ചപ്പോള്‍ ഉത്പന്ന വിലകള്‍ പെട്ടെന്ന് കുതിച്ചുയര്‍ന്നു. മാന്ദ്യ ഭീതിയും വിതരണ തടസങ്ങളും വിലകള്‍ പലവര്‍ഷങ്ങളിലെ ഉയര്‍ന്ന നിലയിലെത്തിച്ചു.

വന്‍തോതില്‍ മാനുഷിക യാതനകള്‍ക്ക് കാരണമായ യുദ്ധം ആഗോള സമ്പദ് വ്യവസ്ഥയ്ക്കും വന്‍ ആഘാതമാണേല്‍പിച്ചത്. രണ്ടു പതിറ്റാണ്ടിലെ ഏറ്റവും കൂടിയ നിരക്കിലേക്കുള്ള യുഎസ് ഡോളറിന്റെ കുതിപ്പും ലോകത്തിലെ ഏറ്റവും വലിയ ഉത്പന്ന ഉപഭോക്താക്കളായ ചൈനയുടെ സാമ്പത്തിക പ്രതിസന്ധിയും വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ സ്ഥിതിഗതികളില്‍ മാറ്റമുണ്ടാക്കി. യുഎസ് ഫെഡിന്റെ പലിശ വര്‍ധന വികസ്വര സമ്പദ് വ്യവസ്ഥകളേയും ബാധിച്ചു.

കോവിഡിന്റെ തുടക്കത്തില്‍ പലിശ നിരക്ക് പൂജ്യം ശതമാനത്തില്‍ നിര്‍ത്തിയ യുഎസ് വിദേശ വിപണി കമ്മിറ്റി വര്‍ഷത്തിന്റെ ആദ്യ പാദം മുതല്‍ പലിശ നിരക്ക് ഉയര്‍ത്താനാരംഭിച്ചു. 2022ല്‍ ഏഴുതവണ നിരക്ക് കൂട്ടിയതോടെ നാലുശതമാനത്തിലേറെയായി. വികസിത സമ്പദ് വ്യവസ്ഥകളില്‍ നിന്ന് നിക്ഷേപങ്ങള്‍ പിന്‍വലിക്കപ്പെട്ടു. യുഎസ് ഡോളറിന്റെ സുരക്ഷിതത്വത്തിലേക്ക് നിക്ഷേപങ്ങള്‍ മാറ്റാന്‍ നിക്ഷേപകര്‍ താല്‍പര്യമെടുത്തതാണ് ഇതിനു കാരണം. മാന്ദ്യ ആശങ്കകളുടെ പേരില്‍ ലോകമെങ്ങുമുള്ള കേന്ദ്ര ബാങ്കുകള്‍ യുഎസ് മാതൃകയില്‍ നിരക്കു വര്‍ധന നടപ്പാക്കുകയായിരുന്നു.

അമൂല്യ ലോഹങ്ങള്‍ ആദ്യ പാദത്തില്‍ നല്ല കുതിപ്പാണു നടത്തിയത്. മാര്‍ച്ചു മാസം മുതല്‍ വിദേശ നാടുകളില്‍ സ്വര്‍ണ വില കുറയാന്‍ തുടങ്ങി. എന്നാല്‍ ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ വില റെക്കാര്‍ഡുയരത്തിലേക്കു കുതിക്കുകയാണ് ചെയ്തത്. കച്ചവടവും നന്നായി നടന്നു. ജനുവരി മുതല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ സ്വര്‍ണത്തിന് 15 ശതമാനം നേട്ടമുണ്ടായി. അഭ്യന്തര ഡിമാന്റും രൂപയ്ക്കുണ്ടായ ഇടിവും ഇതിനെ സഹായിച്ചു.

യുക്രെയിനു നേരെയുണ്ടായ കടന്നാക്രമണത്തിനു ശേഷം യുഎസും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും റഷ്യക്കെതിരെ പലവിധ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയുണ്ടായി. റഷ്യന്‍ കേന്ദ്ര ബാങ്കിന്റെ ആസ്തികള്‍ മരവിപ്പിക്കുക, അന്തര്‍ദേശിയ വിനിമയങ്ങളില്‍ നിന്ന് റഷ്യന്‍ ബാങ്കുകളെ തടയുക, റഷ്യന്‍ എണ്ണയും വാതകവും ഉപരോധിക്കുക തുടങ്ങിയവയായിരുന്നു അവ.

ആഗോള തലത്തില്‍ എണ്ണ, പ്രകൃതി വാതക വിതരണം താളംതെറ്റിയ നിലയിലായിരിക്കേയാണ് റഷ്യന്‍ ആക്രമണമുണ്ടായത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ, വാതക ഉല്‍പാദകരായ റഷ്യയുടെ നടപടി പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കി. റഷ്യന്‍ എണ്ണയുടെ ഏറ്റവും വലിയ ഉപയോക്താക്കളായ യൂറോപ്പ്, റഷ്യ എണ്ണ വിതരണം കുറച്ചതോടെ പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞു. ന്യൂയോര്‍ക്ക് ഉത്പന്ന വിപണിയില്‍ ക്രൂഡോയില്‍ വില മാര്‍ച്ചില്‍ 14 വര്‍ഷത്തെ ഏറ്റവും വലിയ ഉയരത്തിലെത്തി. പിന്നീട് വില കുറഞ്ഞെങ്കിലും അനിശ്ചിതമായ സാമ്പത്തിക സാഹചര്യങ്ങള്‍ വലിയ അസ്ഥിരതയാണ് സൃഷ്ടിച്ചത്.

വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ വിതരണത്തിലെ അനിശ്ചിതത്വം കാരണം അടിസ്ഥാന ലോഹങ്ങളുടെ വില കുതിക്കുകയും പിന്നീട് താഴോട്ടു വരികയും ചെയ്തു. ചൈനയില്‍ നിന്നുള്ള ഡിമാന്റ് കുറഞ്ഞതോടെ വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ അടിസ്ഥാന ലോഹങ്ങളുടെ വിലയില്‍ കുറവുവന്നു. വ്യാവസായിക ലോഹങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താക്കളായ ചൈന ലോകത്താകെയുള്ള ഉപഭോഗ മൂല്യത്തിന്റെ 50 ശതമാനത്തിലേറെ ഉപയോഗിക്കുന്നു.

ആഴത്തിലുള്ള സാമ്പത്തിക വേഗക്കുറവിനെത്തുടര്‍ന്ന് ചൈനയില്‍ നിന്നുള്ള ഡിമാന്റ് വന്‍തോതില്‍ ഇടിയുകയായിരുന്നു. മഹാമാരിയെ നേരിടുന്നതിനുള്ള കര്‍ശന അടച്ചിടലുകള്‍, ദുര്‍ബ്ബലമായ ഉല്‍പന്ന വിപണി എന്നിവ അടിസ്ഥാന ലോഹങ്ങളെ ബാധിച്ചു.

ഉത്പന്ന വിലകള്‍ ഈ വര്‍ഷവും അനിശ്ചിതത്വത്തില്‍ തുടരാനാണ് സാധ്യത. കൂടിയ തോതിലുള്ള ബാങ്കു നിരക്കുകളും കരുത്തുറ്റ യുഎസ് ഡോളറും അഭ്യന്തര വിപണിയില്‍ മാറ്റമുണ്ടാക്കാനിടയില്ല. ഇന്ത്യന്‍ രൂപയുടെ ഇടിവും രാജ്യത്തെ ശക്തമായ ഡിമാന്റുമാണ് കാരണം. ചൈനയില്‍ നിന്നുള്ള ഡിമാന്റ് കുറവും കരുത്തുറ്റ യുഎസ് ഡോളറും കാരണം എണ്ണയുടേയും വ്യാവസായിക ലോഹങ്ങളുടേയും പ്രകടനം മോശമാകാനാണിട. യുഎസ് കേന്ദ്ര ബാങ്കയ ഫെഡിന്റെ പണ നയവും ചൈനയുടെ സാമ്പത്തിക കണക്കുകളും ഉറ്റു നോക്കുകയാണ് ട്രേഡര്‍മാര്‍. ഇതനുസരിച്ചായിരിക്കും ഉത്പന്നങ്ങളുടെ ഇടക്കാല, ദീര്‍ഘകാല വില നിലവാരം രൂപപ്പെടുക.

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി വിഭാഗം തലവനാണ് ലേഖകന്‍)

Content Highlights: US policy and conditions in China will influence commodity prices


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented