മുംബൈ: ഇന്ത്യക്ക് അസംസ്കൃത എണ്ണനൽകുന്ന രാജ്യങ്ങളിൽ സൗദി അറേബ്യയെ പിന്തള്ളി അമേരിക്ക രണ്ടാംസ്ഥാനത്ത്. ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരമാണിത്. ഏറെക്കാലമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന സൗദി അറേബ്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 2006 ജനുവരിക്കുശേഷം ആദ്യമായാണ് സൗദി രണ്ടാം സ്ഥാനത്തുനിന്നുപോകുന്നത്.

ഒപെക് രാജ്യങ്ങൾ എണ്ണവിതരണം കുറച്ചതും യു.എസ്. ക്രൂഡിന്റെ വിലക്കുറവുമാണ് ഇന്ത്യൻ കമ്പനികളെ അമേരിക്കൻ വിപണിയിലേക്ക് ആകർഷിക്കുന്നത്. ഫെബ്രുവരിയിൽ അമേരിക്കയിൽനിന്നുള്ള അസംസ്കൃത എണ്ണയുടെ ഇറക്കുമതിയിൽ 48 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ പ്രതിദിനം ശരാശരി ഇറക്കുമതി 5,45, 300 ബാരലിലെത്തി. ഫെബ്രുവരിയിലെ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 14 ശതമാനം വരുമിത്. സൗദിയിൽനിന്നുള്ള ഇറക്കുമതിയിൽ 42 ശതമാനത്തിന്റെ കുറവുണ്ടായി. പ്രതിദിനം 4,45,200 ബാരൽ ആണ് സൗദിയിൽനിന്നുള്ള ശരാശരി ഇറക്കുമതി. പത്തുവർഷത്തിനിടയിലെ ഏറ്റവുംകുറഞ്ഞ നിരക്കാണിത്. ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയിൽ ജനുവരിയിൽ മൂന്നാം സ്ഥാനത്തായിരുന്ന യു.എ.ഇ. അഞ്ചാം സ്ഥാനത്തായി. പകരം ആഫ്രിക്കൻരാജ്യമായ നൈജീരിയ മൂന്നാം സ്ഥാനത്തേക്കുയർന്നു. ദിവസം 4,70,300 ബാരൽ ആണ് നൈജീരിയയിൽ നിന്ന് ഇന്ത്യയിലേക്കെത്തിയത്. 2019 ഒക്ടോബറിനു ശേഷമുള്ള ഉയർന്ന നിരക്കാണിത്.

ഫെബ്രുവരിയിൽ 23 ശതമാനം കുറവുണ്ടായെങ്കിലും ഇന്ത്യയിലേക്കുള്ള എണ്ണ കയറ്റുമതിയിൽ ഇറാഖ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ദിവസം ശരാശരി 8,67,500 ബാരൽ ആണ് ഇറാഖിൽനിന്നുള്ള ഇറക്കുമതി. ആഗോള വിപണിയിൽ എണ്ണവില ഉയർത്താൻ ലക്ഷ്യമിട്ട് ഒപെക് രാജ്യങ്ങൾ എണ്ണയുത്പാദനം വെട്ടിക്കുറച്ചിരുന്നു. സൗദി അറേബ്യ ഉത്പാദനത്തിൽ ദിവസം പത്തുലക്ഷം ബാരലിന്റെ കുറവു വരുത്തിയിട്ടുണ്ട്. ഇതേത്തുടർന്ന് അസംസ്കൃത എണ്ണവില ബാരലിന് 70 ഡോളർ വരെയായി ഉയർന്നു. അതേസമയം, അമേരിക്കൻ ക്രൂഡിന് ആവശ്യക്കാർ കുറവാണ്. അമേരിക്കയിൽ എണ്ണ സംസ്കരണം പൂർണതോതിൽ നടക്കുന്നില്ല. മറ്റുരാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും കുറവാണ്. ചൈനയുമായുള്ള വ്യാപര പ്രശ്നത്തിനുശേഷം ചൈന അമേരിക്കയിൽനിന്ന് അസംസ്കൃത എണ്ണ വാങ്ങുന്നില്ല. ബ്രെന്റ് ക്രൂഡും യു.എസ്. ക്രൂഡും തമ്മിൽ ബാരലിന് മൂന്നു ഡോളറിലധികം വ്യത്യാസമുണ്ട്. ഇതാണ് അമേരിക്കൻ വിപണിയിലേക്ക് ഇന്ത്യൻ കമ്പനികളെ ആകർഷിക്കുന്ന പ്രധാന ഘടകം.

ഫെബ്രുവരിയിൽ ദിവസം ശരാശരി 39.2 ലക്ഷം ബാരൽ അസംസ്കൃത എണ്ണയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ജനുവരിയെ അപേക്ഷിച്ച് 18 ശതമാനം കുറവാണിത്. ലോകത്തിൽ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയുടെ ഉപഭോഗത്തിന്റെ 84 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. എണ്ണയുത്പാദനം വർധിപ്പിക്കാൻ ഒപെക് രാജ്യങ്ങളോട് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും സൗദിയടക്കമുള്ള രാജ്യങ്ങൾ ഇത് നിരാകരിച്ചിരുന്നു. ഇതേത്തുടർന്ന് മറ്റു സ്രോതസ്സുകളിൽനിന്ന് എണ്ണ ഇറക്കുമതി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ എണ്ണക്കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

United States is the second largest exporter of oil to India