Photo: Gettyimages
ആറുമാസത്തിനിടെ പ്രകൃതി വാതക വിലയില്‍ 75 ശതമാനം ഇടിവുണ്ടായി. തണുപ്പു കാലത്തിനുശേഷം ഡിമാന്റിലുണ്ടായ കുറവും യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്റെ തുടര്‍ച്ചയായുള്ള പലിശ വര്‍ധന വ്യാവസായിക ഡിമാന്റിനേല്‍പിച്ച ആഘാതവുമാണ് കാരണം. വാതക വിലകള്‍ കൂടുതല്‍ അസ്ഥിരമായ കാലമായിരുന്നു 2022. റഷ്യ-യുക്രെയിന്‍ യുദ്ധത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ വിതരണ ശൃംഖലയിലുണ്ടായ അസ്ഥിരതയും വന്‍കിട ഉത്പാദകരായ യുഎസില്‍ നിന്നുള്ള കയറ്റുമതിയില്‍ അനുഭവപ്പെട്ട തടസവും പ്രകൃതി വാതക വിലയില്‍ അസാധാരണമായ വ്യതിയാനങ്ങളുണ്ടാക്കി.
അടിസ്ഥാന സൂചികയായ നയ്മെക്സില്‍ ഈ വര്‍ഷം പ്രകൃതി വാതകം ട്രേഡിംഗ് തുടങ്ങിയത് ബ്രട്ടീഷ് തെര്‍മല്‍ യൂണിറ്റായ എംഎംബിടിയുവിന് 4.40 ഡോളര്‍ എന്ന നിരക്കിലായിരുന്നു. ഫെബ്രുവരിയില്‍ അത് രണ്ട് ഡോളറായി താഴ്ന്നു. ഇപ്പോള്‍ വില എംഎംബിടിയുവിന് 2.50 ഡോളറാണ്. ഇതേ പ്രവണത അഭ്യന്തര വിപണികളിലുമുണ്ടായി. എംസിഎക്സ് സൂചികയില്‍ പ്രകൃതി വാതക വില കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ സര്‍വകാല റെക്കാര്‍ഡായ എംഎംബിടിയുവിന് 801 രൂപ എന്ന നിരക്കില്‍ നിന്ന് 212 രൂപയായി.
പ്രകൃതി വാതകമാണ് വ്യാവസായിക മേഖലയിലെ ഊര്‍ജ സ്രോതസായി വ്യാപകമായി ഉപയോഗിക്കുന്നത്. വിലയും വ്യാവസായിക ഡിമാന്റുമായി അടുത്ത ബന്ധവം നിലനില്‍ക്കുന്നത് അതുകൊണ്ടാണ്. വ്യാവസായിക രംഗത്തെ ചൂടാക്കല്‍, തണുപ്പിക്കല്‍ പ്രക്രിയകള്‍ മുതല്‍ പവര്‍ മെഷിനറികള്‍ക്കും ഉപകരണങ്ങള്‍ക്കുമെല്ലാം പ്രകൃതി വാതകം ഉപയോഗിക്കുന്നുണ്ട്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡ് പലിശ നിരക്കില്‍ തുടര്‍ച്ചയായി വരുത്തിയ വര്‍ധന ആഗോള സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ അനിശ്ചിതത്വം വ്യാവസായിക പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും പ്രകൃതി വാതക ഡിമാന്റ് കുറയുകയുമാണുണ്ടായത്.
പ്രധാന ഉപഭോക്തൃ രാജ്യങ്ങളില്‍ ശീതകാല ഡിമാന്റ് ഇതിനകം അവസാനിച്ചു കഴിഞ്ഞു. വേനല്‍ക്കാലം തുടങ്ങിയിട്ടുമില്ല. ശീതകാലത്തിനും വേനല്‍ക്കാലത്തിനുമിടയ്ക്കുള്ള സമയം വീട്ടാവശ്യങ്ങള്‍ക്കുള്ള പ്രകൃതി വാതക ഡിമാന്റ് പൊതുവേ കുറവായിരിക്കും. വീട്ടാവശ്യത്തിനുള്ള വൈദ്യതി ഉപയോഗവും ഇക്കാലയളവില്‍ കുറയുന്നതിനാല്‍ വൈദ്യുതി ഉല്‍പാദന കമ്പനികള്‍ പ്രകൃതി വാതകം ആശ്രയിക്കുന്നത് കുറയുന്നു.
യൂറോപ്യന്‍ പ്രകൃതി വാതക സൂചികയായ ഡച്ച് ടിഎഫ്ടി കഴിഞ്ഞ വര്‍ഷം റഷ്യ നടത്തിയ യുക്രെയിന്‍ അധിനിവേശത്തിനു പിന്നാലെ ഉയര്‍ന്നെങ്കിലും ഇപ്പോള്‍ ഒരു വര്‍ഷത്തെ താഴ്ന്ന നിരക്കിലാണ്. യൂറോപ്യന്‍ യൂനിയന്‍ റഷ്യന്‍ വാതകത്തിനു ബദല്‍ കണ്ടെത്തുകയും വ്യാപകമായി ഹരിതവല്‍ക്കരണ യത്നം നടത്തുകയും തണുപ്പുകാലം താരതമ്യേന ദുര്‍ബ്ബലമാവുകയും ചെയ്തതുകൊണ്ടാണ് ഇതു സംഭവിച്ചത്. റഷ്യയുടെ യുക്രെയിന്‍ ആക്രമണവും തുടര്‍ന്ന് റഷ്യ യൂറോപ്പിലേക്കുള്ള വാതക വിതരണം കുറച്ചതും മൂലം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ വാതക വില നാലിരട്ടി വര്‍ധിച്ചിരുന്നു.
യൂറോപ്പിലെ ഉള്‍പ്പടെ വിവിധ രാജ്യങ്ങള്‍ക്ക് പ്രകൃതി വാതകം നല്‍കുന്നത് പ്രധാനമായും റഷ്യയില്‍നിന്നായിരുന്നു. യുക്രൈനെ ആക്രമിച്ചതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യക്ക് ഉപരോധം ഏര്‍പ്പെടുത്തി. പ്രതികരണം എന്നനിലയില്‍ യൂറോപ്പിലേക്കുള്ള പ്രകൃതി വാതക വിതരണം റഷ്യ കുറയ്ക്കുകയും ചെയ്തു. റഷ്യയില്‍ നിന്നുള്ള വാതകത്തിന്റെ വരവു കുറയുകയും മറ്റു രാജ്യങ്ങളില്‍നിന്നു പ്രകൃതി വാതകം മതിയായ തോതില്‍ ശേഖരിക്കാന്‍ കഴിയാതെ വരികയും ചെയ്തത് 2022ന്റെ രണ്ടാം പകുതിയില്‍ കടുത്ത ഇന്ധനക്ഷാമത്തിലേക്ക് എത്തിച്ചിരുന്നു. ഈ സാഹചര്യം ആഗോള വ്യാപാരത്തെ ബാധിക്കുകയും ലോകമെങ്ങും ഉപഭോക്താക്കളേയും കച്ചവടത്തേയും സാമ്പത്തിക മേഖലയേയും കുഴപ്പത്തിലാക്കുകയും ചെയ്തു.
യുഎസിലെ രണ്ടാമത്തെ വലിയ പ്രകൃതി വാതക സംവിധാനമായ ഫ്രീപോര്‍ട്ട് എല്‍എന്‍ജി പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന വാര്‍ത്ത ഉത്പന്നത്തിന്റെ ആധിക്യം സൃഷ്ടിക്കുമോ എന്ന ഭയവും ഉണ്ടായിരുന്നു. തീപ്പിടുത്തത്തെ തുടര്‍ന്ന് 2022 ജൂണ്‍ മുതല്‍ അടഞ്ഞു കിടക്കുന്ന ഈ പ്ളാന്റിന് പ്രതിദിനം 2.1 ബില്യണ്‍ വാതകം പൈപ്പ് ലൈനിലൂടെ നല്‍കാന്‍ കെല്‍പ്പുണ്ടായിരുന്നു. അടുത്ത രണ്ടുവര്‍ഷത്തിനകം എല്‍എന്‍ജി കയറ്റുമതി പുനരാരംഭിച്ച് സാമ്പത്തിക വളര്‍ച്ച വീണ്ടെടുക്കാമെന്ന പ്രത്യാശയിലാണ് അമേരിക്ക.
കഴിഞ്ഞവര്‍ഷം യുഎസിലെ വാതക ഉപഭോഗം റിക്കാര്‍ഡ് നിലവാരത്തിലായിരുന്നു. തണുപ്പുകാലത്ത് ഗാര്‍ഹിക ഉപയോക്താക്കളുടെ കൂടിയ ഡിമാന്റും വേനല്‍ക്കാലത്തെ വര്‍ധിച്ച വ്യാവസായിക ഉപഭോഗവുമായിരുന്നു ഇതിനു കാരണം. തണുപ്പുകാലത്തെ കടുത്ത ശൈത്യം പ്രകൃതി വാതകം ഉപയോഗിച്ചു വൈദ്യുതി നിര്‍മ്മിക്കുന്ന പ്ളാന്റുകളുടെ എണ്ണം വര്‍ധിപ്പിച്ചിരുന്നു. ചൂടുപിടിപ്പിക്കാനാണ് ഈ വൈദ്യുതി ഉപയോഗിച്ചിരുന്നത്. കൂടിയ ചൂടനുഭവപ്പെട്ട വേനല്‍ക്കാലം എയര്‍കണ്ടീഷനറുകളുടെ ഉപയോഗവും വര്‍ധിപ്പിച്ചു.
വരുംദിനങ്ങളില്‍ പ്രകൃതി വാതകത്തിന്റെ വ്യാവസായിക, വീട്ടുപയോഗ ഡിമാന്റില്‍ കുറവുണ്ടാകുമെന്നാണ് കരുതുന്നത്. വിതരണ ശൃംഖലയിലെ തടസങ്ങള്‍ കുറയുന്നതും യുഎസില്‍ നിന്ന് കൂടുതല്‍ വാതകത്തിന്റെ വരവും വീണ്ടും വില കുറച്ചേക്കും. ദീര്‍ഘകാല ഡിമാന്റിന്റെ കാര്യത്തില്‍ ഇനിയും വ്യക്തതയില്ല. വികസ്വര രാജ്യങ്ങളില്‍നിന്നുള്ള വ്യാവസായിക ഡിമാന്റ്,റഷ്യയില്‍ നിന്നുള്ള എണ്ണയുടെ വിതരണം, യുഎസിലെ ഉത്പാദവും ഉപഭോഗവും, കാലാവസ്ഥയുമായി ബന്ധപ്പെട്ട് ഡിമാന്റിലുണ്ടാകുന്ന വ്യതിയാനം എന്നിവയെല്ലാം പ്രകൃതി വാതകത്തിന്റെ വിലയില്‍ അനിശ്ചിതത്വം നിലനിര്‍ത്തുന്നു.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി വിഭാഗം മേധാവിയാണ് ലേഖകന്‍)
Content Highlights: Uncertainty in natural gas prices may continue
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..