വെള്ളിയുടെ വില ഒരുവർഷത്തെ കുറഞ്ഞനിലയിലെത്തി. യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടായ കുതിപ്പ്, ആഗോള ഓഹരികളിലെ സ്ഥിരത, യുഎസ് കേന്ദ്ര ബാങ്കിന്റെ പണനയത്തിൽ ഉണ്ടാകാനിരിക്കുന്ന മാറ്റം എന്നീഘടകങ്ങളാണ് വിലയെ സ്വാധീനിച്ചത്. 

ലണ്ടൻ സൂചിക ഈയാഴ്ച ഒരുവർഷത്തെ ഏറ്റവും കുറവായ ഔൺസിന് 21.60 ഡോളർ എന്ന നിലയിലെത്തി. വർഷാരംഭത്തിൽ വിലകൾ ഔൺസിന് 30 ഡോളർ വർധിക്കുകയും ആദ്യപാദത്തിൽ ഉറച്ചനില കൈവരിക്കുകയും ചെയ്‌തെങ്കിലും ക്രമേണ ഊർജ്ജം നഷ്ടമായി. ഫെബ്രുവരിയിൽ രേഖപ്പെടുത്തിയ കിലോഗ്രാമിന് 74,426 രൂപ എന്ന നിരക്കിൽ നിന്ന് അഭ്യന്തര ഓഹരി വിപണിയിലും വിലകൾ 21 ശതമാനത്തിലേറെ തിരുത്തലിനു വിധേയമായിട്ടുണ്ട്.    

സാമ്പത്തിക, രാഷ്ട്രീയ അസ്ഥിരതയുടെ ഘട്ടങ്ങളിൽ സ്വർണവും വെള്ളിയുമാണ് സുരക്ഷിത ആസ്തി എന്നനിലയിൽ പരിഗണിക്കപ്പെട്ടുപോരുന്നത്. മഹാമാരിയെച്ചൊല്ലിയുള്ള ഭയംകുറയുകും ആഗോളതലത്തിൽ വ്യാവസായിക, സാമ്പത്തിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും ചെയ്തതോടെ ആഗോള സമ്പദ് വ്യവസ്ഥയിൽ വീണ്ടെടുപ്പുണ്ടായിട്ടുണ്ട്. ഈമാറ്റം സുരക്ഷിത ആസ്തികളിൽനിന്ന്  ഓഹരികൾപോലുള്ള ആസ്തികളിലേക്കു തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു.  

ആഗോളതലത്തിൽ പ്രധാന ഓഹരി സൂചികകളെല്ലാം ഈവർഷം കാര്യമായ നേട്ടമുണ്ടാക്കിയിട്ടുണ്ട്. യുഎസിന്റെ ഡൗജോൺസ് 12 ശതമാനം കുതിപ്പുനടത്തിയപ്പോൾ, യൂറോപ്യൻ സൂചികകളായ ജർമ്മനിയുടെ ഡാക്‌സും ഫ്രാൻസിന്റെ സിഎസിയും യഥാക്രമം 12, 18 ശതമാനംവീതം മുന്നേറി. ഏഷ്യയിലാകട്ടെ ഇന്ത്യയുടെ സെൻസെക്‌സ് 24 ശതമാനം വളർച്ചയോടെ എക്കാലത്തേയും വലിയ കുതിപ്പുരേഖപ്പെടുത്തി. 

എന്നാൽ ലോകത്തിലെ രണ്ടാമത്തെ ഏറ്റവുംവലിയ സാമ്പത്തിക ശക്തിയായ ചൈനയുടെ ഓഹരി സൂചിക ഈവർഷം ഇതുവരെ 2 ശതമാനം മാത്രമാണ് വളർന്നത്. സാമ്പത്തിക ഉദാരനയങ്ങളിൽ നിന്നു പതുക്കെ സാധാരണ നിലയിലേക്കു മടങ്ങാനുള്ള യുഎസ് കേന്ദ്ര ബാങ്കിന്റെ നീക്കവും വെള്ളിയുടെ സുരക്ഷിത ആസ്തി എന്ന സ്ഥാനത്തിനു മങ്ങലേൽപ്പിച്ചിട്ടുണ്ട്. മഹാമാരിയെത്തുടർന്നുണ്ടായ സാമ്പത്തിക തകർച്ചയെ നേരിടാൻ ലോകമെങ്ങുമുള്ള നയ രൂപീകരണ വിദഗ്ധർ ധാരാളം ഇളവുകൾ അനുവദിക്കുകയുണ്ടായി. ഈ സ്ഥിതി വെള്ളിക്കു ഗുണംചെയ്തിരുന്നു.   

യൂറോ മേഖലയ്ക്കായി മഹാമാരിക്കാലത്ത് അനുവദിക്കപ്പെട്ട അടിയന്തിര സഹായങ്ങൾ കുറയ്ക്കാനുള്ള ആദ്യനടപടികൾ യൂറോപ്യൻ സെൻട്രൽ ബാങ്കിന്റെ ഒടുവിലെ നയരൂപീകരണ യോഗത്തിൽ പ്രഖ്യാപിക്കപ്പെട്ടു. യുഎസ് തൊഴിൽ വിപണിയിൽ വ്യക്തമായ മുന്നേറ്റം ദൃശ്യമായതിനാൽ സാമ്പത്തിക ഉദാരനടപടികൾ ക്രമേണ കുറയ്ക്കുന്നകാര്യം യുഎസ് കേന്ദ്രബാങ്കും സൂചിപ്പിച്ചിരുന്നു. അടുത്തവർഷം അവസാനത്തോടെ പലിശ നിരക്കുകൾ വർധിപ്പിക്കാനുള്ള സാധ്യതകളും വ്യക്തമാക്കുകയുണ്ടായി.  

പ്രധാന എതിരാളികളേക്കാളെല്ലാം ഉറച്ചനിലയിലാണ് ഇപ്പോൾ യുഎസ് ഡോളർ. ഒപ്പം മത്സരിക്കുന്ന ഇതര കറൻസികളെയപേക്ഷിച്ച് ഡോളർ സൂചിക ഒരു വർഷത്തെ ഏറ്റവും ഉയർന്ന നില രേഖപ്പെടുത്തി. യുഎസ് കേന്ദ്രബാങ്ക് സൂചിപ്പിച്ച ടാപ്പറിംഗ് സാധ്യതകളിൽ പ്രതീക്ഷയർപ്പിച്ച് നിക്ഷേപകർ ഉത്സാഹഭരിതരായിട്ടുണ്ട്.  ഡോളർ ശക്തിയാർജ്ജിക്കുന്നത് വെള്ളിപോലുള്ള ലോഹങ്ങൾക്ക് പ്രതികൂലമാണ്. 

വരുംനാളുകളിലെ സപ്‌ളെ-ഡിമാന്റ് അനുപാതവും വിലകളെ സ്വാധീനിക്കും. ചൈനയിൽനിന്നും യൂറോപ്പിൽനിന്നുമുള്ള വ്യാവസായിക ഡിമാന്റ് വർധിക്കുന്നതിനാൽ ആഗോളലതത്തിൽ ഈ വർഷം വെള്ളിയുടെ ആവശ്യം 11 ശതമാനം കൂടുതലായിരിക്കുമെന്നാണ് സിൽവർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനങ്ങളിൽ പറയുന്നത്. ഹരിത ഊർജ്ജത്തിനായുള്ള ആഗോള മുറവിളിയും 5 ജി രാജ്യങ്ങളിലെ വർധിക്കുന്ന ഡിമാന്റും വെള്ളിക്ക് ഗുണകരമാണ്. ഖനന പ്രവർത്തനങ്ങൾ കോവിഡ് കാല തടസങ്ങൾക്കുശേഷം ഊർജം വീണ്ടെടുക്കുന്നതോടെ ആഗോള തലത്തിൽ ഉൽപാദന വർധനയും പ്രതീക്ഷിക്കുന്നുണ്ട്.  

എന്നാൽ അടിസ്ഥാനഘടകങ്ങളുടെ ദൗർബല്യം കാരണം സമീപകാലത്ത് വെള്ളിയുടെ വ്യാപാരം മന്ദഗതിയിലായിരിക്കും. വരുംനാളുകളിൽ വ്യാവസായിക ആവശ്യങ്ങളും, നിക്ഷേപ ഡിമാന്റും  വർധിക്കുന്നതോടെ കൂടുതൽ നിക്ഷേപകർ വെള്ളിയിലേക്ക് ആകർഷിക്കപ്പെടാം. കോമെക്‌സ് നിരക്കുകൾ ഔൺസിന് 18.5 ഡോളറിനും 29 ഡോളറിനും ഇടയിലായിരിക്കും. അഭ്യന്തര വിപണിയിൽ കിലോഗ്രാമിന് 49000 രൂപമുതൽ 74000 രൂപവരെ പോകുമെന്നാണ് കണക്കാക്കുന്നത്. 

(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് വിഭാഗം മേധാവിയാണ് ലേഖകൻ)