പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
കോട്ടയം: കഴിഞ്ഞ ഒന്നരമാസത്തിനിടെ റബ്ബർ വിലയിൽ 15 രൂപയുടെ ഇടിവ്. ആർ.എസ്.എസ്-4 റബ്ബർവില ചൊവ്വാഴ്‌ച 150 രൂപയായി. അന്താരാഷ്‌ട്ര മാർക്കറ്റിലെ വിലയിടിവും ഉത്‌പാദനത്തിലെ വർധനയുമാണ് ഇപ്പോൾ മാർക്കറ്റിൽ പ്രതിഫലിച്ചിരിക്കുന്നത്. കഴിഞ്ഞ ഡിസംബർ ആദ്യം റബ്ബർവില 165 രൂപയായി ഉയർന്നിരുന്നു.
റബ്ബറിന്റെ അന്താരാഷ്‌ട്ര വിലയിൽ 28 രൂപയോളം ഇടിവുണ്ട്. 186.9 രൂപയായിരുന്നു കഴിഞ്ഞ മാസം ആദ്യം ബാങ്കോക്ക് മാർക്കറ്റിലെ വില. ഇപ്പോൾ അത് 158 രൂപയിലെത്തി. ആഭ്യന്തര മാർക്കറ്റിലെ വിലയിടിവിന് ഇതും കാരണമായി.
ഇപ്പോൾ റബ്ബർ ഉത്‌പാദനം ഉയർന്നുനിൽക്കുന്ന സമയമാണ്. നവംബറിൽ 87,000 ടൺ ആയിരുന്നു ഉത്‌പാദനം. ഡിസംബറിൽ ഉത്‌പാദനം ഒരുലക്ഷം ടൺ എങ്കിലുമുണ്ടാകുമെന്നാണ് പ്രതീക്ഷ. റബ്ബർ ഇറക്കുമതി കഴിഞ്ഞ നാലുമാസമായി ഉയരുന്നതും ആഭ്യന്തരവിപണിക്ക് തിരിച്ചടിയായി. 30,000 ടണ്ണിനുമേലാണ് കഴിഞ്ഞ നാലുമാസമായി റബ്ബർ ഇറക്കുമതി.
വിലയിടിവ് മൂലം ഇടത്തരം കർഷകരാണ് ദുരിതമനുഭവിക്കുന്നത്. റബ്ബർ കർഷകർക്ക് സംസ്ഥാന സർക്കാരിന്റെ വിലസ്ഥിരതാ പദ്ധതിയുടെ പരിധി കിലോയ്ക്ക് 200 രൂപയാക്കണമെന്നാവശ്യപ്പെട്ട് റബ്ബർ ഡീലേഴ്‌സ് ഫെഡറേഷൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..