പെട്രോൾ, ഡീസൽ വില ലിറ്ററിന് 90 രൂപയ്ക്ക് മുകളിലായതോടെ നാല് സംസ്ഥാനങ്ങൾ ഇതുവരെ നികുതിയിൽ കുറവുവരുത്തി. അതേസമയം, ഈയിടെ കൂട്ടിയ എക്‌സൈസ് തീരുവ പിൻവലിക്കാൻപോലും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.

പശ്ചിമ ബംഗാൾ, അസം, രാജസ്ഥാൻ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളാണ് നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസമേകിയത്. പശ്ചിമ ബംഗാൾ പെട്രോളിനും ഡീസലിനും ഒരുരൂപയാണ് കുറച്ചത്. ഏറ്റവുംകൂടുതൽ കുറച്ചത് മേഘാലയയാണ്. പെട്രോൾ ലിറ്ററിന് 7.40 രൂപയും ഡീസൽ 7.10 രൂപയും. 

അസ്സമാകട്ടെ അധികനികുതിയിനത്തിൽ ഈടാക്കിയിരുന്ന അഞ്ചുരൂപ പിൻവലിച്ചു. രാജസ്ഥാനാണ് ആദ്യമായി നികുതിയ കുറച്ചത്. മൂല്യവർധിത നികുതി 38ശതമാനത്തിൽനിന്ന് 36ശതമാനമായാണ് കുറവുവരുത്തിയത്. 

നികുതികുറച്ചതിനെതുടർന്ന് കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 91.78 രൂപയായി. ഷില്ലോങിൽ 86.87 രൂപയും ഗുവാഹട്ടിയിൽ 87.24രൂപയും ജെയ്പൂരിൽ 97.10 രൂപയുമാണ് വില. ഡീസലിനാകട്ടെ കൊൽക്കത്തയിൽ 84.56രൂപയും ഷില്ലോങിൽ 80.24 രൂപയും ഗുവാഹട്ടിയിൽ 81.49 രൂപയും ജെയ്പൂരിൽ 89.44 രൂപയും നൽകണം.

രാജ്യതലസ്ഥാനമായ ഡൽഹയിൽ ഒരു ലിറ്റർ പെട്രോൾ ലഭിക്കാൻ 90.58 രൂപ കൊടുക്കണം. ഡീസലിന് 80.97 രൂപയും. ഫെബ്രുവരിയിൽമാത്രം പെട്രോളിന് 4.28 രൂപയും ഡീസലിന് 4.49 രൂപയുമാണ് ഇവിടെ കൂടിയത്. 

Relief to fuel consumers, four states cut taxes on petrol and diesel