ചെമ്പിന്റെ വില ഒരുവർഷത്തിനിടയിൽ ഇരട്ടിയായിട്ടുണ്ട്. ഹരിത ഊർജ്ജത്തിലേക്കുള്ള ലോകത്തിന്റെ മാറ്റത്തിൽ ചെമ്പിന് നിർണായക പ്രാധാന്യമുണ്ടാകുമെന്ന പ്രതീക്ഷയാണ് വില വർധനയ്ക്കുകാരണം. കോവിഡിന്റെ പ്രതികൂല ഫലങ്ങളിൽനിന്ന് ലോക സാമ്പത്തികരംഗം തിരിച്ചുവരുന്നതിന്റെ സൂചനകൾ കാണിക്കുന്നതും നിക്ഷേപകർക്ക് ചെമ്പിലുളള വിശ്വാസം വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്.  

കഴിഞ്ഞവർഷം വുഹാനിൽ കോവിഡ് 19 പൊട്ടിപ്പുറപ്പെട്ടപ്പോൾ വിലകൾ നാലുവർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു. എന്നാൽ സാമ്പത്തിക മേഖലയെ പ്രോത്സാഹിപ്പിക്കാൻ വിവിധ കേന്ദ്ര ബാങ്കുകൾ കൈക്കൊണ്ട നടപടികൾ വിലകൾ റെക്കോഡ് നിലവാരത്തിലെത്താൻ സഹായിച്ചു. കഴിഞ്ഞവാരം ലണ്ടൻ മെറ്റൽ എക്സ്ചേഞ്ചിൽ ഒരു ടൺ ചെമ്പിന്റെ വില 10600 ഡോളറായി ഉയർന്നു. കഴിഞ്ഞ വർഷത്തെ താഴ്ചയെ അപേക്ഷിച്ച് 120 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്.  ഷാങ്ഹായ്, കോമെക്സ്, എംസിഎക്സ് എന്നിവിടങ്ങളിലും ഇതേ പ്രവണതയാണു ദൃശ്യമായത്.

കാർബൺ പുറന്തള്ളുന്നത് പരമാവധി കുറയ്ക്കാൻ ആഗോള തലത്തിൽനടക്കുന്ന ശ്രമങ്ങളുടെ പാശ്ചാത്തലത്തിൽ ഭാവിയിൽ ചെമ്പിന് വൻതോതിൽ ഡിമാന്റുണ്ടാകുമെന്നാണ് നിക്ഷേപകർ കരുതുന്നത്. ചുവപ്പുരാശിയുള്ള ഈ വ്യാവസായിക ലോഹം പ്രധാനമായും ഉപയോഗിക്കുന്നത്  ഇലക്ട്രിക് വാഹനങ്ങളിലാണ്. അവയുടെ ഡിമാന്റ് പരമ്പരാഗത വാഹനങ്ങളേക്കാൾ നാലു മടങ്ങ് ഉയരുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇലക്ട്രിക്കൽ വാഹനങ്ങളുടെ ചാർജ്ജിംഗ് കേന്ദ്രങ്ങളിലും കൂടിയ തോതിൽ ചെമ്പ് ആവശ്യമുണ്ട്.  

ചെമ്പിന്റെ വിലയിൽ വൻതോതിലുണ്ടായ കുതിപ്പ്  ചൈനയുടെ മുൻകൈയിൽ മാത്രം ഉണ്ടായതല്ല. യുഎസ്, ജർമ്മനി, ജപ്പാൻ തുടങ്ങിയ വ്യാവസായിക സമ്പദ്വ്യവസ്ഥകളിലുണ്ടായ വീണ്ടെടുപ്പം ഈ പ്രവണതയെ സഹായിച്ചിട്ടുണ്ട്. എന്നാൽ ആവശ്യത്തിനനുസരിച്ച്  വിതരണംനടത്താൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. പുതിയ ഖനികൾ കണ്ടെത്താനുള്ള പ്രയാസവും പുതിയവ വികസിപ്പിച്ച് ഉൽപാദന ക്ഷമമാക്കാനുള്ള ബുദ്ധിമുട്ടും നിലനിൽക്കുന്നു.

ഘന വ്യവസായത്തിലും ഇലക്ട്രിക്കൽ മാനുഫാക്ചറിംഗ് രംഗങ്ങളിലും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ചെമ്പ് ആഗോള സാമ്പത്തികരംഗത്തെ പ്രവണതകളുടെ സൂചകമായി കണക്കാക്കപ്പെടുന്നു.

ചെമ്പിനു പിന്നാലെ അലുമിനിയവും കുതിക്കുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ചൈനയിൽ നിന്നുള്ള ശക്തമായ വ്യാപാര കണക്കുകളും വ്യാവസായിക പ്രവർത്തനങ്ങളിലുണ്ടായ വർധനയും അലുമിനിയത്തിന്റെ ഡിമാന്റ് വർധിപ്പിച്ചിട്ടുണ്ട്. 

വിതരണരംഗത്തെ സമ്മർദ്ദവും അലുമിനിയത്തിന് ഗുണകരമായിത്തീർന്നു. കാർബൺ വിന്യാസം കുറയ്ക്കാനുള്ള ചൈനയുടെശ്രമം സമീപഭാവിയിൽ അലുമിനിയത്തിന്റെ വിതരണവും സമ്മർദ്ദത്തിലാക്കും. ഇത് വില വർധനവിന് അനുകൂലമാണ്. ചരക്കുകടത്തിലും ഗതാഗതച്ചിലവിലും ഉണ്ടായ വർധനയും വില ഉയർത്താൻ സഹായിച്ചിട്ടുണ്ട്.

ചൈനയും ഓസ്ട്രേലിയയും തമ്മിലുണ്ടായ തർക്കവും ആഗോള അലുമിനിയം വിപണിയെ ബാധിച്ചു. ലോകത്തിൽ ഏറ്റവും കൂടുതൽ അലുമിനിയം വാങ്ങുന്ന രാജ്യമാണ് ചൈന. അലുമിനിയം ഉൽപാദനത്തിനുള്ള അസംസ്‌കൃത വസ്തുക്കൾ ഏറ്റവും കൂടുതൽ ഉൽപാദിപ്പിക്കുന്നത് ഓസ്ട്രേലിയയുമാണ്.

എന്നാൽ ഈയവും സിങ്കും ഇന്നത്തെ മുൻനിര ഉൽപന്നങ്ങളുടെ വൃത്തത്തിലേക്കു കടക്കാനിടയില്ല. രണ്ടു ലോഹങ്ങളും ആവശ്യത്തിലധികം കെട്ടിക്കിടപ്പുണ്ട് എന്നതാണ് കാരണം. ലെഡ് ആന്റ് സിങ്ക്  സ്റ്റഡി ഗ്രൂപ്പിന്റെ കണക്കനുസരിച്ച് 2021ൽ സംസ്‌കരിച്ച സിങ്കിന്റെ ആഗോള വിതരണം ഡിമാന്റിനേക്കാൾ 3,53,000 ടൺ അധികമായിരിക്കും. ലെഡിന്റെ വിതരണമാകട്ടെ ഡിമാന്റനേക്കാൾ 96,000 ടൺ കൂടുതലും ആവും. മറ്റു ലോഹങ്ങളുടെ കുതിപ്പിനു സഹായകമായിത്തീർന്ന ഇലക്ട്രിഫിക്കേഷൻ, ഡീകാർബണൈസേഷൻ പ്രവർത്തനങ്ങളിൽ ഇവയ്ക്കു വലിയ പങ്കാളിത്തമില്ല.

ചൈനയിൽ നിന്നുള്ള ഡിമാന്റിന്റെ കുറവ് സിങ്ക്, ഈയം വിലകളുടെകാര്യം പരുങ്ങലിലാക്കുന്നു. സംസ്‌കരിച്ച സിങ്കിന്റെ ഇറക്കുമതി ചൈനയിൽ കഴിഞ്ഞവർഷം 6 ശതമാനം കുറഞ്ഞു. തുടർച്ചയായി രണ്ടാം വർഷമായിരുന്നു ഈ കുറവ്. സംസ്‌കരിച്ച ഈയത്തിന്റെ ഇറക്കുമതിയും കഴിഞ്ഞ രണ്ടുവർഷമായി ഇടിഞ്ഞിട്ടുണ്ട്.  പല രാജ്യങ്ങളിലേയും ഹരിത ഊർജ്ജ പ്രസ്ഥാനങ്ങൾ ഈയത്തിന്റെ ഡിമാന്റിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.  പരമ്പരാഗത എഞ്ചിനുകൾ ഇലക്ട്രിക് എഞ്ചിനുകളിലേക്കു നടത്തിയ മാറ്റത്തിൽ ഏറ്റവും കൂടുതൽ നഷ്ടം പറ്റിയത് ഈയത്തിനാണ്.

മാനുഫാക്ചറിംഗ് രംഗത്തെ ആഗോള വീണ്ടെടുപ്പിൽ അടിസ്ഥാന ലോഹങ്ങൾക്കു പൊതുവേ ഗുണം ഉണ്ടായിട്ടുണ്ടെങ്കിലും ചെമ്പിനും അലുമിനിയത്തിനും സാധിച്ചതുപോലെ നിക്ഷേപകരുടെ ആവേശം ഉണർത്താൻ സിങ്കിനും ഈയത്തിനുംകഴിഞ്ഞിട്ടില്ല. ഉൽപന്നങ്ങൾ വാങ്ങാനുള്ള ചൈനയുടെ ത്വരയും ആഗോള സാമ്പത്തിക രംഗത്തെ ശുഭാപ്തിയും സമീപ ഭാവിയിലും അടിസ്ഥാന ലോഹങ്ങൾക്കു ഗുണകരമാകും.

(ജിയജിത് ഫിനാന്ഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് വിഭാഗം മേധാവിയാണ് ലേഖകൻ)