Photo: Gettyimages
യുഎസ് കേന്ദ്ര ബാങ്കിന്റെ പണനയ സമിതി യോഗം രണ്ടാം മാസവും പലിശ നിരക്ക് 0.75 ശതമാനം ഉയര്‍ത്തി. ജൂണ്‍, ജൂലൈ മാസങ്ങളിലായി പലിശ നിരക്കുകള്‍ മൊത്തം 1.50 ശതമാനം വര്‍ധിച്ചതോടെ 1980നുശേഷം ഉണ്ടായ ഏറ്റവും വലിയ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇതോടെ ഫെഡറല്‍ ഫണ്ട് നിരക്കുകള്‍ 1.25 ശതമാനത്തില്‍ നിന്ന് 2.5 ശതമാനമായി.
യുഎസ് സമ്പദ് വ്യവസ്ഥ 40 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണ് നേരിടുന്നത്. ജൂണ്‍ മാസം ഉത്പന്ന വിലകള്‍ 9.1 ശതമാനമായി ഉയര്‍ന്നു. 1981നുശേഷമുണ്ടായ ഏറ്റവും വലിയ പ്രതിവര്‍ഷ വിലക്കയറ്റം. കുതിച്ചുയര്‍ന്ന ഇന്ധന, ഭക്ഷണ വിലകള്‍, വര്‍ധിക്കുന്ന വാടക എന്നിവയെല്ലാം ചേര്‍ന്ന് യുഎസിലെ വിലക്കയറ്റം ജൂണ്‍ മാസത്തില്‍ നാലു പതിറ്റാണ്ടിലെ ഏറ്റവും കടുത്തതായി.
യുഎസ് കേന്ദ്ര ബാങ്കിനെപ്പോലെ ലോകമെങ്ങുമുള്ള കേന്ദ്ര ബാങ്കുകള്‍ വിലക്കയറ്റത്തിനെതിരായ പോരാട്ടത്തിലാണ്. യൂറോപ്യന്‍ കേന്ദ്ര ബാങ്ക് ഈയിടെ അതിശയകരമായ നീക്കത്തിലൂടെ 0.50 ശതമാനം നിരക്കുയര്ത്തുകയുണ്ടായി. ഒരു പതിറ്റാണ്ടിനുശേഷമാണ് യൂറോപ്യന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കുയര്‍ത്തുന്നത്. നേരത്തേ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് 4.9 ശതമാനം ഉയര്‍ത്തിയിരുന്നു. ബാങ്ക് ഓഫ് കാനഡയും നിരക്കുകൂട്ടി.
കുതിക്കുന്ന വിലക്കയറ്റം നിയന്ത്രിക്കുന്നതിന് വിവിധ കേന്ദ്ര ബാങ്കുകള്‍ കൈക്കൊണ്ട നടപടികള്‍ ഉത്പന്ന, കറന്‍സി വിപണികളില്‍ വലിയ ചലനമുണ്ടാക്കിയിട്ടുണ്ട്.
പ്രമുഖ വിദേശ കറന്‍സികളുമായുള്ള യുഎസ് ഡോളറിന്റെ മൂല്യം നിര്‍ണയിക്കുന്ന ഡോളര്‍ സൂചിക ഈ വര്‍ഷം ഇതുവരെ 11 ശതമാനത്തിലേറെ ഉയര്‍ന്നിട്ടുണ്ട്. സുരക്ഷിത കറന്‍സി എന്നപേരും പലിശ നിരക്കുകളിലെ വര്‍ധനയും യുഎസ് കറന്‍സിയെ രണ്ടു പതിറ്റാണ്ടിലെ ഏറ്റവും വലിയ ഉയരത്തിലെത്തിച്ചു.
പല വിദേശ കറന്‍സികളും ദുര്ബ്ബലമായിട്ടുണ്ട്. ഈ വര്‍ഷം ഇതുവരെ യൂറോ 11.2 ശതമാനവും ബ്രിട്ടീഷ് പൗണ്ട് 9.6 ശതമാനവും താഴ്ന്നു. ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് 16 ശതമാനം ദുര്‍ബലമായ ജപ്പാനീസ് യെന്നിനെയാണ്. ജനുവരി മുതല്‍ ചൈനീസ് യുവാനും ഇന്ത്യന്‍ രൂപയും 6 ശതമാനത്തിലേറെ തകര്‍ച്ച രേഖപ്പെടുത്തി.
പ്രധാന സമ്പദ് വ്യവസ്ഥകളിലെ മാന്ദ്യഭീതി ഉല്പന്നങ്ങള്ക്ക് വില്പന സമ്മര്‍ദ്ദം സൃഷ്ടിച്ചിട്ടുണ്ട്. റഷ്യ യുക്രൈനിനെ ആക്രമിച്ചപ്പോള്‍ നാണയപ്പെരുപ്പ ഭീതിയെത്തുടര്‍ന്ന് ഉല്പന്നങ്ങള്ക്ക് വലിയ വിലക്കയറ്റം ഉണ്ടായി. ഊര്‍ജ ഉല്പന്നങ്ങള്, അടിസ്ഥാന ലോഹങ്ങള്‍, ഭക്ഷ്യ എണ്ണകള്‍, ചില കാര്‍ഷിക ഉല്പന്നങ്ങള് എന്നിവയ്ക്ക് പല വര്‍ഷങ്ങളിലെ വലിയ വിലക്കയറ്റമാണ് മാര്‍ച്ച് പകുതിയോടെ ഉണ്ടായത്.
രാഷ്ട്രീയവും സാമ്പത്തികവുമായ അനിശ്ചിതത്വത്തെത്തുടര്‍ന്ന് മാര്‍ച്ചില്‍ സ്വര്‍ണവില എക്കാലത്തേയും വലിയ ഉയരത്തിനടുത്തെത്തിയെങ്കിലും പെട്ടെന്നുതന്നെ സാധാരണ നില കൈവരിച്ചു. സ്വര്‍ണത്തെ പിന്തുടര്ന്ന് വെള്ളിയും നേട്ടമുണ്ടാക്കിയെങ്കിലും നിക്ഷേപ ഡിമാന്റിലെ കുറവു കാരണം പിന്നോട്ടു പോയി.
ലോക വിപണിയിലെ ക്രൂഡോയിലിന്റേയും പ്രകൃതി വാതകങ്ങളുടേയും ഏറ്റവും വലിയ ഉല്പാദകരിലൊരാളാണ് റഷ്യ. മാര്‍ച്ചുമാസം ആദ്യവാരത്തില്‍ വിതരണ തടസങ്ങള്‍ മുന്നില്‍ കണ്ട് എണ്ണ വില ബാരലിന് 130 ഡോളറിലേറെയായി ഉയര്‍ന്നു. കഴിഞ്ഞ 14 വര്‍ഷത്തെ ഏറ്റവും കൂടിയ വിലയായിരുന്നു ഇത്. മാന്ദ്യഭീതിയെത്തുടര്ന്നുള്ള ഡിമാന്റ് കുറവു മുന്നില്‍ കണ്ട് പിന്നീട് വിലകളില്‍ 25 ശതമാനം തിരുത്തലുണ്ടായി. പ്രകൃതി വാതകത്തിന്റെ ഈയിടെ വര്‍ധിച്ച വിലകള്‍ 17 ശതമാനത്തിലേറെ തിരുത്തകയുണ്ടായി.
ലണ്ടന്‍ മെറ്റല്‍ എക്സ്ചേഞ്ചില്‍ ചെമ്പ്, അലുമിനിയം എന്നിവയുടെ മാര്‍ച്ചുമാസത്തെ കൂടിയ വിലകള്‍ യഥാക്രമം 28, 40 ശതമാനംവീതം തിരുത്തലിനു വിധേയമായി. ഉരുക്കിന്റെ വിലയിലും വ്യത്യസ്ത മേഖലകളില്‍ 15 മുതല്‍ 25 ശതമാനം വരെ ഇടിവുനേരിട്ടു. ഭക്ഷ്യ എണ്ണകളുടെ വിലയിലും 2022 ന്റെ രണ്ടാം പാദത്തില്‍ കുറവുണ്ടായി.
Also Read
പലിശ നിരക്കുകളിലെ വര്‍ധന സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത ആഘാതമായിരിക്കും. നിരക്കു വര്‍ധന ഇപ്പോള്‍തന്നെ യുഎസ് സമ്പദ് വ്യവസ്ഥയെ ബാധിച്ചു കഴിഞ്ഞു. പ്രത്യേകിച്ച് ഭവന മേഖലയില്‍. കൂടിവരുന്ന തൊഴിലില്ലായ്മയും വിലയിലൂടെയുള്ള ലാഭം മന്ദഗതിയിലായതും പ്രധാന സമ്പദ് വ്യവസ്ഥകളില്‍ മാന്ദ്യ ഭീഷണി ഉയര്‍ത്തുന്നു.
ഉത്പന്ന വിലകളിലെ അസ്ഥിരത ഹ്രസ്വകാലത്തേക്കെങ്കിലും തുടരാന്‍ തന്നെയാണിട. സാമ്പത്തിക മാന്ദ്യ ആശങ്കകളെത്തുടര്‍ന്ന് ഡിമാന്റിലുണ്ടാകാവുന്ന വീഴ്ച ചില്ലറ ഉത്പന്നവിലക്കയറ്റം കുറച്ചേക്കും. യുഎസ് കേന്ദ്ര ബാങ്കിന്റെ പണ നയം സംബന്ധിച്ച് അടുത്തനീക്കം എന്തായിരിക്കുമെന്നറിയുന്നതിന് യുഎസിലെ നാണ്യപ്പെരുപ്പവും തൊഴില്‍ കണക്കുകളും നിക്ഷേപകര്‍ ശ്രദ്ധയോടെ നിരീക്ഷിച്ചു വരികയാണ്.
(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റീസ് വിഭാഗം മേധാവിയാണ്)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..